അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയിലും വെള്ളത്തിനടിയിലെ സുഖപ്രസവം പ്രചാരം നേടുന്നു. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് വേദനയില്ലാത്തതും സുഖകരവുമായ പ്രസവമായതിനാല്‍ മികച്ച സ്വീകാര്യതയാണ് ഈ ചികില്‍സാരീതിക്ക് ലഭിച്ച് വരുന്നത്. ഇതിനകം തന്നെ ദല്‍ഹി, മുംബൈ, ഗോവ, കേരളം, ബംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും 'വാട്ടര്‍ ബെര്‍ത്ത്' എന്ന ചികില്‍സാ രീതി തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോട്ടുമടക്കം ഇൗ മാര്‍ഗം പ്രസവത്തിനായി അവലംബിക്കാവുന്ന ആശുപത്രികളുണ്ട്.
പ്രത്യേകം സജ്ജീകരിച്ച വാട്ടര്‍ പൂളിനകത്താണ് പ്രസവം നടക്കുക. ശരീരോഷ്മാവിന് തുല്യമായ നിലയില്‍ 37.5 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടുള്ള 400^600 ലിറ്റര്‍ വെള്ളമുള്ള വാട്ടര്‍ പൂളിനകത്തായിരിക്കും പ്രസവം. പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞാല്‍ ഗര്‍ഭിണിക്ക് പൂളിനകത്തേക്ക് കയറാം. ചൂടുവെള്ളം തട്ടുന്നതോടെ ശരീരോഷ്മാവ് കുറയുകയും ഇത് രക്തചംക്രമണം എളുപ്പത്തിലാക്കുകയും ചെയ്യും. ഇതോടെ പേശീസമ്മര്‍ദവും മാനസിക സമ്മര്‍ദവും കുറക്കാന്‍ ഗര്‍ഭിണിക്കാകുകയും പ്രസവം ഏറെക്കുറെ വേദനാരഹിതമാക്കുന്നതുമാണ് ചികില്‍സാരീതി.
വെള്ളത്തിലായതിനാല്‍ ശരീരഭാരം അനുഭവപ്പെടാതിരിക്കുന്നതും മാനസിക സമ്മര്‍ദം കുറയുന്നതിനാലും ഗര്‍ഭിണിക്ക് പ്രസവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതിനാലാണ് ഇത് സാധ്യമാകുന്നതെന്ന് ഇത്തരം ചികില്‍സാമാര്‍ഗം ബംഗളൂരുവിലെ ജെ.പി നഗറില്‍ പുതുതായി ആരംഭിച്ച ആല്‍ഫ ക്ലിനിക്കിലെ ഡോ. ഫാത്തിമ പൂനവാല പറഞ്ഞു.
ഒമ്പതാം മാസം മുതല്‍ കുഞ്ഞ് അമ്മയുടെ ഗര്‍ഭാശയത്തിനകത്ത് അംനിയോട്ടിക് ദ്രവത്തില്‍ ചുറ്റപ്പെട്ടാണുണ്ടായിരിക്കുക. ഈസമയത്ത് പൊക്കിള്‍കൊടി വഴിയായിരിക്കും കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം എന്നതിനാല്‍ പ്രസവം നടക്കുന്ന സമയത്ത് കുട്ടിയുടെ തലഭാഗം ആദ്യം വെള്ളത്തിലേക്ക് പ്രവേശിക്കുമെങ്കിലും ഇത് അപകടം സൃഷ്ടിക്കില്ല. പൊക്കിള്‍കൊടി മുറിച്ച് മാറ്റുന്നതോടെയാണ് കുഞ്ഞ് പ്രകൃതിയിലെ ഓക്‌സിജന്‍ ശ്വസിച്ച് തുടങ്ങുക. വാട്ടര്‍പൂളിനകത്തേക്ക് ഗര്‍ഭിണി കയറുന്നത് മുതല്‍ കൂടെ ഒരാള്‍ സഹായത്തിനായി ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും ഇത് പ്രായോഗികവുമല്ല. രക്തസമ്മര്‍ദം കൂടിയവര്‍, പ്രമേഹബാധിതര്‍ തുടങ്ങിയവര്‍ക്ക് ഇത് അനുയോജ്യമാകില്ല. എല്ലാവിധ പരിശോധനകളും നടത്തി ഗര്‍ഭിണി ഈ ചികില്‍സാരീതിക്ക് തയാറാണോ എന്ന് ഉറപ്പുവരുത്തിയശേഷമേ ഇത് അവലംബിക്കാനാകൂ.
ബ്രിട്ടനില്‍ 32-42 ശതമാനം പ്രസവവും ഇത്തരത്തിലാണ് നടക്കുന്നതെന്നും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും ഈ സൗകര്യമൊരുക്കി വീട്ടില്‍ തന്നെയാണ് പ്രസവമെന്നും ഡോ.ഫാത്തിമ പറഞ്ഞു. 1960ല്‍ ഫ്രഞ്ച് ഗൈനക്കോളജിസ്റ്റായ ഡോ. മൈക്കല്‍ ഒഡെന്റ് ആണ് ഈ രീതി സ്വീകരിച്ച് തുടങ്ങിയത്. നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ ശേഷം അദ്ദേഹം തന്റെ ആശുപത്രിയില്‍ ഇത്തരത്തില്‍ പതിനായിരക്കണക്കിന് പ്രസവങ്ങള്‍ക്കാണ് മേല്‍നോട്ടം വഹിച്ചിട്ടുള്ളത്. എന്നാല്‍, പൂളിലെ വെള്ളം വഴി കുഞ്ഞിന് അണുബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
No comments:
Post a Comment