മനസാണ് എല്ലാ പ്രയാസങ്ങളുടെയും കാരണമെന്നു പരയാറില്ലേ. മനസുണ്ടെങ്കിൽ എന്തും നടക്കുമെന്നും. അതെ, മനസ് പറയുന്നിടത്ത് നിൽക്കാൻ കഴിയാത്തതിനു പരിഹാരമാണ് യോഗ. മനസിന്റെയും ശരീരത്തിന്റെയും ഒന്നായ പ്രവർത്തനമാണ് അത്. കൈഞൊട്ട വിടുമ്പോൾ വിരലുകൾക്ക് ആയാസം ലഭിക്കുന്നതുപോലെയാണ് യോഗയും. ഓരോ സന്ധികൾക്കും ആയാസം ലഭിക്കുമ്പോൾ ശരീരത്തിനാകെ ആ ഊർജം ലഭിക്കും. പക്ഷേ, വെറുതേ യോഗ ചെയ്തിട്ടു കാര്യമില്ല. ഓരോ യോഗാഭ്യാസം ചെയ്യുമ്പോഴും മനസ് ശരീരത്തിൽ ഫോക്കസ് ചെയ്യണം. ഫലം എന്താണെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. യോഗ ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. ആദ്യമായി യോഗ അഭ്യസിച്ചു തുടങ്ങുന്നവർക്ക് സംശയങ്ങൾ നിരവധിയാണ്. അവ പരിഹരിച്ചിട്ടാകാം പരിശീലനം തുടങ്ങുന്നത്. 1. ഏതു പ്രായം മുതൽ യോഗ അഭ്യസിച്ചു തുടങ്ങാം ? പത്തുവയസ് മുതൽ കുട്ടികളെ യോഗ അഭ്യസിപ്പിച്ചു തുടങ്ങുന്നതാണ് നല്ലത്. ഈ പ്രായത്തിനു മുമ്പ് ഒരിടത്ത് തന്നെയിരുന്ന് യോഗ ചെയ്യാനുള്ള സന്നദ്ധത കുട്ടികൾക്ക് ഉണ്ടാകില്ല. യോഗയോടുള്ള താത്പര്യമുണ്ടാക്കിയെടുത്ത് അത് പരിശീലിപ്പിക്കണമെങ്കിൽ പത്തുവയസ് എങ്കിലും ആകണം. ചെറിയ കളികളിലൂടെയും മറ്റ...