123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, January 31, 2012

ഗള്‍ഫ്‌ തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ !!

സ്വപ്‌നച്ചിറകിലേറി അറബിപ്പൊന്നിന്റെ നാട്ടിലേക്ക്‌ പറന്നെത്തുന്നവരില്‍ പലര്‍ക്കും എരിവെയിലില്‍ വിയര്‍പ്പൊഴുക്കി ജോലിചെയ്യേണ്ടിവരുന്നുണ്ട്‌. ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റിലും തളരാതെയുള്ള ജോലിയില്‍ വിശപ്പും ദാഹവും മറക്കേണ്ടിവരും. വിശ്രമമില്ലാത്ത ജോലിയും കൃത്യനിഷ്‌ഠയില്ലാത്ത ആഹാരശീലവും ഇവരെ അനാരോഗ്യത്തിലേക്ക്‌ തള്ളിവിടുന്നു. ചെറുതും വലുതുമായ രോഗങ്ങള്‍ ഗള്‍ഫ്‌ തൊഴിലാളികളില്‍ സാധാരണയാണ്‌. ഇങ്ങനെയുള്ള രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ കിഡ്‌നി സ്‌റ്റോണ്‍. ഗള്‍ഫ്‌ നാടുകളിലെ കാലാവസ്‌ഥയുടെ പ്രത്യേകതയും ആഹാരത്തിലെ പൊരുത്തക്കേടുകളും തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നു. ജോലിസ്‌ഥലത്തുവച്ച്‌ അനുഭവപ്പെടുന്ന ചെറിയൊരു വയറുവേദനയില്‍ നിന്നു തുടങ്ങുന്നു കിഡ്‌നി സ്‌റ്റോണ്‍. ആദ്യമൊന്നും അതത്ര ഗൗരവത്തിലെടുക്കില്ല. പിന്നീട്‌ ഇരിക്കാനും നടക്കാനുമാവാത്ത കടുത്ത വേദനയിലേക്ക്‌ രോഗം മൂര്‍ച്‌ഛിക്കുന്നു. ജോലിക്ക്‌ പോകാനാവില്ല. കൊഴിഞ്ഞുതുടങ്ങിയ സ്വപ്‌നങ്ങളും അതിലേറെ ആശങ്കകളുമായി തിരികെ നാട്ടിലേക്ക്‌.

മൂത്രാശയക്കല്ലുകള്‍ ചികിത്സിക്കാന്‍ വേണ്ട ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളില്‍ നിത്യേന എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും അവധിക്ക്‌ എത്തുന്ന ആളുകള്‍ വലിയൊരു ശതമാനമുണ്ടെന്ന്‌ കാണാവുന്നതാണ്‌. ജോലി ലഭിച്ച ഉടന്‍ ചികിത്സയ്‌ക്കായി നാട്ടിലേക്ക്‌ മടങ്ങേണ്ടിവരുന്നതിനാല്‍ ശോഭനമായ ഭാവിജീവിതം പ്രതീക്ഷിച്ച്‌ ഗള്‍ഫിലെത്തുന്നവരുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴുന്നു.

വികസിതരാജ്യങ്ങളില്‍ 13 ശതമാനത്തോളം ആളുകളില്‍ ഈ രോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഏഷ്യയില്‍ 1-5 ശതമാനവും യൂറോപ്പില്‍ 5-9 ശതമാനവും വടക്കേ അമേരിക്കയില്‍ 3 ശതമാനവും ആളുകളില്‍ മൂത്രാശയക്കല്ലുകള്‍ കണ്ടുവരുന്നു. ഇങ്ങനെ കിഡ്‌നിസ്‌റ്റോണ്‍ ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഗള്‍ഫ്‌മേഖല പോലെയുള്ള ഉഷ്‌ണമേഖലാരാജ്യങ്ങളില്‍ രോഗത്തിന്റെ ആധിക്യം വളരെയധികമാണെന്ന്‌ ആശുപത്രിക്കണക്കുകളും സൂചിപ്പിക്കുന്നു.

മലയാളികളുടെ ആരോഗ്യപ്രശ്‌നം

ഗള്‍ഫ്‌നാടുകളിലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.ഇ, കുവൈറ്റ്‌, സൗദിഅറേബ്യ എന്നീ രാജ്യങ്ങളില്‍ രോഗത്തിന്റെ തോത്‌ വളരെ ഉയര്‍ന്നതാണ്‌. സൗദിഅറേബ്യയില്‍ മാത്രം 20 ശതമാനത്തോളം ആളുകള്‍ മൂത്രാശയക്കല്ല്‌ മൂലം ബദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്‌. ലക്ഷക്കണക്കിന്‌ മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്‌. അതിനാല്‍ ഗള്‍ഫ്‌ തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം മലയാളികളുടെയും പ്രശ്‌നമാണ്‌.

എന്തുകൊണ്ട്‌ ഗള്‍ഫുകാര്‍?

ഗള്‍ഫ്‌ നാടുകളില്‍ ജോലിചെയ്യുന്നവരില്‍ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടുന്നതിന്‌ കാരണങ്ങള്‍ പലതാണ്‌.

കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌.

മൂത്രത്തിന്റെ അളവും മൂത്രമൊഴിച്ചതിനുശേഷവും മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്ന മൂത്രത്തിന്റെ അളവും.

ശരീരത്തിലെ നിര്‍ജ്‌ജലീകരണാവസ്‌ഥ.

മൂത്രത്തിലെ കാല്‍സ്യം, ഫോസ്‌ഫേറ്റ്‌, സോഡിയം, ഓക്‌സലേറ്റ്‌, യൂറിക്‌ ആസിഡ്‌ എന്നിവയുടെ അളവ്‌.

മൂത്രത്തിന്റെ പി.എച്ച്‌. അനുപാതം

ഇവ കൂടാതെ ഭക്ഷണത്തിലെ അമിതമായ മധുരം, ഉപ്പ്‌, കൊഴുപ്പ്‌, മാംസത്തിന്റെ അമിതോപയോഗം (പ്രത്യേകിച്ചും യൂറിക്‌ ആസിഡ്‌ വര്‍ധിപ്പിക്കുന്ന റെഡ്‌മീറ്റ്‌) നാരുകളുടെ അഭാവം എന്നിവയൊക്കെത്തന്നെ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ മതിയായ കാരണങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ഉയര്‍ന്ന ചൂടും നിര്‍ജലീകരണവും

ഉഷ്‌ണമേഖലാപ്രദേശമായ ഗള്‍ഫിലെ ഉയര്‍ന്ന ചൂടില്‍ ശരീരത്തിലെ ജലാംശം ധാരാളമായി നഷ്‌ടപ്പെടുന്നു. അന്തരീക്ഷസ്‌ഥിതിയിലെ പ്രത്യേകത കാരണം വിയര്‍പ്പ്‌ കുറവായതിനാല്‍ വെള്ളം കുടിക്കുന്നത്‌ കുറയാറുണ്ട്‌. വെള്ളംകുടി കുറയുന്നത്‌ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശീതീകരിച്ച ഓഫീസ്‌ മുറിയില്‍ ജോലിചെയ്യുന്ന ഉയര്‍ന്ന ജോലിക്കാരെ ഇത്‌ അത്രതന്നെ ബാധിക്കാറില്ല എന്നുമാത്രം. എന്നാല്‍ ഗള്‍ഫ്‌മേഖലയില്‍ പണിയെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താഴ്‌ന്ന വരുമാനക്കാരാണ്‌. അതിനാല്‍ നിര്‍ജലീകരണം ഇവരെ വളരെയേറെ വേഗത്തില്‍ കീഴ്‌പ്പെടുത്തുന്നു.

ലവണാംശം നിറഞ്ഞ കുടിവെള്ളം

ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന മാറ്റമാണ്‌ മറ്റൊരു പ്രധാന കാരണം.

കടല്‍വെള്ളം ശുദ്ധീകരിച്ചും ചിലപ്പോഴൊക്കെ കുഴല്‍ക്കിണറുകള്‍ വഴിയും കിട്ടുന്ന വെള്ളത്തില്‍ കാത്സ്യം, ഓക്‌സലേറ്റ്‌ എന്നിവയുടെ സാന്നിധ്യം വളരെ ഉയര്‍ന്നതോതിലാണ്‌. മൂത്രാശയക്കല്ലുകളിലെ ഭൂരിഭാഗവും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. പൊതുടാപ്പുകളില്‍നിന്നും ടാങ്കര്‍ലോറികളില്‍നിന്നും ലഭിക്കുന്ന വെള്ളം തിളപ്പിക്കുമ്പോള്‍ ഈ കാല്‍സ്യം ലവണങ്ങള്‍ വെളുത്തനിറത്തില്‍ ചോക്കുപൊടിപോലെ അടിഞ്ഞുകൂടുന്നത്‌ കാണാം.

ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ക്കും ഉയര്‍ന്ന വിലകൊടുത്ത്‌ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മിനറല്‍ വാട്ടര്‍ വാങ്ങി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കാല്‍സ്യത്തിന്റെ അമിത സാന്നിധ്യമുള്ള വെള്ളം കുടിക്കേണ്ടിവരുന്നു. ദീര്‍ഘദൂരയാത്രകളിലും മറ്റും ആവശ്യത്തിന്‌ വെള്ളം കരുതാത്തതും വെള്ളത്തിന്‌ പകരം കോളകളും മറ്റ്‌ അനാരോഗ്യകരമായ കമ്പോളപാനീയങ്ങളും കുടിക്കുന്നതും പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നു.

പഴച്ചാറിന്റെ ഉപയോഗം

പഴവര്‍ഗങ്ങളുടെ ഉപയോഗം ഗള്‍ഫുനാടുകളില്‍ കൂടുതലാണ്‌. ചൂടു കൂടുതലായതു തന്നെയാണ്‌ ഇതിനു കാരണം. ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കുന്നു. അമിതമായി പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നതും വിറ്റാമിന്‍-സി യോടൊപ്പം ഓക്‌സലേറ്റിന്റെ അംശം കൂട്ടി മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. കൊഴുപ്പ്‌, മധുരം എന്നിവയുടെ അമിതോപയോഗം ഗള്‍ഫിലെ ഭക്ഷണരീതിയില്‍ വളരെ പ്രധാനമാണ്‌. മാംസാഹാരത്തിന്റെ കാര്യത്തിലും ഗള്‍ഫുകാര്‍ മുന്‍പന്തിയിലാണ്‌.

ബീഫ്‌, മട്ടണ്‍ എന്നിവയുടെ ഉപയോഗം യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടാനും തന്മൂലം മൂത്രാശയക്കല്ലുകളും 'ഗൗട്ട്‌' എന്ന രോഗവും വരാനും കാരണമാകുന്നു. മൂത്രാശയക്കല്ലുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയൊക്കെത്തന്നെ ഗള്‍ഫ്‌മേഖലയിലെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌. രോഗം തുടക്കത്തിലേ കണ്ടെത്തി വേണ്ട രീതിയില്‍ ചികിത്സിക്കാന്‍ പലരും ശ്രദ്ധിക്കാറില്ലാത്തതും പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മിക്കപ്പോഴും വേദനാസംഹാരികളും മറ്റും കഴിച്ച്‌ താല്‍ക്കാലികശമനം നേടുകയാണ്‌ പലരും ചെയ്യുന്നത്‌. ലളിതമായ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഈ രോഗത്തെ പടിക്കുപുറത്ത്‌ നിര്‍ത്താം.

തലതിരിഞ്ഞ ജീവിതശൈലി

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ സാധാരണ ഉള്‍പ്പെടുത്താറില്ലെങ്കിലും ജീവിതശൈലിക്ക്‌ ഒരു പ്രധാന പങ്കുള്ള ഒരു രോഗാവസ്‌ഥയാണ്‌ കിഡ്‌നി സ്‌റ്റോണ്‍. പെട്ടെന്നൊരു ദിവസം ഉണ്ടാവുന്ന വയറിലെയും നടുവിലെയും ശക്‌തമായ വേദനയുടെ അകമ്പടിയോടെ വരുന്ന ഈ രോഗം മുമ്പെങ്ങുമില്ലാത്തത്ര സാധാരണമാണിപ്പോള്‍. ആധുനിക ചികിത്സാസമ്പ്രദായങ്ങളുടെ ആവിര്‍ഭാവത്തോടെ തക്കസമയത്ത്‌ അസുഖം കണ്ടെത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഒന്നും ഇല്ലാതെതന്നെ പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാവുന്നതും ആണ്‌.

പുരുഷന്മാരിലാണ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌. രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഏതാണ്ട്‌ മുപ്പതുവയസിനോടടുപ്പിച്ചാണെന്നും പഠനങ്ങള്‍ പറയുന്നു. കല്ലുകളുടെ സ്‌ഥാനം വൃക്കയിലോ മൂത്രാശയത്തിലോ എവിടെ വേണമെങ്കിലും ആവാം. അതിശക്‌തമായ വേദനയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോഴൊക്കെ മൂത്രത്തില്‍ രക്‌തത്തിന്റെ അംശവും ആണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ തീവ്രത പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. കല്ലുകളുടെ വലിപ്പം, എണ്ണം, സ്‌ഥാനം, മൂത്രതടസം, കല്ലുകളുടെ സ്‌ഥാനഭ്രംശം, രോഗത്തോടനുബന്ധിച്ചുള്ള അണുബാധ എന്നിവയാണവ. ഉത്ഭവസ്‌ഥാനത്തുനിന്ന്‌ കല്ലുകള്‍ക്ക്‌ സ്‌ഥാനഭ്രംശം സംഭവിക്കുമ്പോഴും മൂത്രത്തിന്‌ തടസം നേരിടുമ്പോഴുമാണ്‌ വേദന അതിന്റെ പാരമ്യത്തിലെത്തുന്നത്‌.

ഗള്‍ഫ്‌ ജോലിക്കാരുടെ ശ്രദ്ധയ്‌ക്ക്

ധാരാളം ശുദ്ധജലം കുടിക്കുക.
കാല്‍സ്യത്തിന്റെ അംശം നീക്കിയ മിനറല്‍ വാട്ടറോ പ്രത്യേകം ട്രീറ്റ്‌ ചെയ്‌ത വെള്ളമോ കുടിക്കാന്‍ ശ്രദ്ധിക്കുക.
കൊഴുപ്പ്‌, മധുരം, മാംസം എന്നിവയുടെ അമിതോപയോഗം നിയന്ത്രിക്കുക. റെഡ്‌മീറ്റ്‌ കഴിവതും ഒഴിവാക്കുക.തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയുടെയൊക്കെ ഉപയോഗം പരിമിതപ്പെടുത്തുക.മൂത്രാശയത്തിലെ അണുബാധകള്‍ (പലപ്പോഴും വെള്ളം കുടിക്കുന്നത്‌ കുറയുമ്പോള്‍ ഉണ്ടാവുന്നത്‌) ഉണ്ടായാല്‍ ശരിയായി ചികിത്സിച്ചു മാറ്റുക.സ്വയം ചികിത്സ ചെയ്യാതെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാരെ മാത്രം സമീപിക്കുക.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...