ദാമ്പത്യം തുടങ്ങുമ്പോള്‍ ജീവിതത്തില്‍ പുതുതായി വരുന്നതാണ് ലൈംഗികത. ഇത് നിഗൂഢവുമാണ്. ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നു. ഫലം മന്ദബുദ്ധികളും വികലാംഗരും മനോവിഭ്രമമുള്ളതുമായ കുട്ടികള്‍ ജനിക്കുന്നു. മാതാപിതാക്കള്‍ക്കും ലോകത്തിനും തീരാദുഃഖം ഫലം. നല്ല കുഞ്ഞുങ്ങള്‍ ജനിക്കുവാനും അങ്ങനെ അവര്‍ സ്വകുടുംബത്തിനും ലോകനന്മയ്ക്കും പാത്രമാകാനും ഉതകുന്ന ചികിത്സകളും ആഹാരവിധികളും ആയുര്‍വേദത്തിലുണ്ട്. സന്തോഷപ്രദമായ കുടുംബജീവിതത്തിനും സന്താനലബ്ധിക്കും ലൈംഗികത കൂടിയേ തീരു.
ലൈംഗികതയ്ക്ക് ഋതുക്കള്‍ക്കനുസൃതമായി കൃത്യമായ കണക്കുകളുണ്ട്; വിധിയുണ്ട്; വിധിനിഷേധങ്ങളും. ''ഋതുസ്തു ദ്വാദശനിശഃ പൂര്‍വ സ്‌നിസ്രോളത്രനിനിരു:
ഏകാദശീ ച യുഗ്മാസു പുത്ര അന്യാസുകന്യകാ''
ഋതുകാലം - ഗര്‍ഭോത്പാദനകാലം പന്ത്രണ്ട് രാത്രികളാണ്. അതില്‍ മാസമുറയുടെ ആദ്യ മൂന്ന് ദിവസങ്ങളും പതിനൊന്നാമത്തെ ദിവസവും ലൈംഗികതയ്ക്ക് വര്‍ജ്യമാണ്. ആര്‍ത്തവദിവസത്തിന്റെ നാലാംനാള്‍ മുതല്‍ ഇരട്ടദിവസങ്ങളില്‍ സംഗമിച്ചാല്‍ പുത്രനും ഒറ്റ ദിവസങ്ങളിലായാല്‍ പുത്രിയും ലഭിക്കുമത്രെ.
''ആയുഃ കാമയമാനേന - ധര്‍മാര്‍ഥ സുഖസാധനം
ആയുവേര്‍ദോപദേശേഷു വിധേയ പരമാദരഃ''
ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ഥങ്ങളെ സാധിപ്പിച്ചുകൊണ്ടുള്ള ജീവിതം ആഗ്രഹിക്കുന്നവര്‍ ആയുര്‍വേദത്തിലെ ജിവിതോപദേശങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കണം. കാമോദ്ദീപകങ്ങളായ ബാഹ്യലീലകളാല്‍ ആഗ്രഹം വര്‍ധിപ്പിച്ച് വേണം സംഗമിക്കാന്‍ എന്ന് പറയുന്നുണ്ടെങ്കിലും ശരീരത്തിന്റെ മര്‍മസ്ഥാനങ്ങളില്‍ പീഡനമേല്‍ക്കാതെ സൂക്ഷിക്കണം. വയര്‍ നിറയെ ഭക്ഷണം കഴിച്ചിരിക്കുക, ധൈര്യമില്ലാതിരിക്കുക, വിശപ്പുണ്ടായിരിക്കുക, മലമൂത്രവേഗങ്ങള്‍ മുട്ടിയിരിക്കുമ്പോഴും ലൈംഗികബന്ധം പാടില്ല.
ഇതെല്ലാം സല്‍പുത്രലാഭത്തിനും നല്ല സമൂഹത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതുമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഹൃദയൈക്യത്തിനും പ്രസന്നതയോടുകൂടിയ ജീവിതത്തിനും സെക്‌സ് വലിയ പങ്കുവഹിക്കുന്നു. മാനസികോല്ലാസത്തേക്കാള്‍ സന്താനലബ്ധിയാണ് സെക്‌സ് കൊണ്ട് ആയുര്‍വേദം ലക്ഷ്യമാക്കുന്നത്.
++++++++++
''സന്തോഹ്യാ ഇരപഥ്യര്‍ഥം
ദമ്പത്ത്യോ സംഗതിം രഹഃ
ദുരപത്ഥ്യം കുലാംഗാരോ
ഗോത്രേ ജാതം മഹത്ത്യപി'' പ്രമാണം.
സല്‍സന്തതിയെ ആഗ്രഹിക്കുന്ന ദമ്പതിമാര്‍ അതീവരഹസ്യമായി തന്നെ സംഗമിക്കണം. അല്ലാത്തപക്ഷം - ദുരപത്ഥ്യോ-കുലാംഗാരോ - ജനിക്കുന്ന ദുഷ്ടസന്തതി വീടിന് തീക്കട്ടയായി ഭവിക്കും. സത്കുലത്തില്‍ ദുഷ്ടസന്തതി പിറക്കാന്‍ കാരണം ദമ്പതിമാരുടെ അനാചാരവും ശരീരശുദ്ധിയില്ലായ്മയുമാണ് - ആയതിനാല്‍ പുത്രോത്പാദനത്തിന് മുമ്പ് (ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോള്‍) ശരീരവും മനസ്സും സല്‍പുത്രലാഭത്തിനായി ഒരുക്കണം.
''ശുദ്ധേ ശുക്ലാര്‍ത്തവേ സത്വ സ്വകര്‍മ ക്ലേശ ചോദിതഃ
ഗര്‍ഭസമ്പദ്യതേ-'' എന്നാണ് പ്രമാണം.
ശുക്ലാര്‍ത്തവങ്ങള്‍ ശുദ്ധമായിരിക്കണം എന്ന് വെച്ചാല്‍ ദമ്പതിമാരുടെ ശരീരവും മനസ്സും നിര്‍മലമായിരിക്കുമ്പോള്‍ ഗര്‍ഭം സംഭവിക്കണം എന്നര്‍ഥം. (സ്വാഭാവികമായി യൗവനകാലത്ത് ശരീരം ശുദ്ധമായും മനസ്സ് നിര്‍മലവും ലളിതവുമായിരിക്കണം. യഥാകാലം ദമ്പതിമാരില്‍ അത് സംഭവിക്കാതിരുന്നാല്‍ ശരീരശുദ്ധി വരുത്തി ഔഷധസേവ ചെയ്താലേ സല്‍പുത്രലാഭമുണ്ടാകു).
ഒന്നാമതായി ദൈവനിഷേധം അരുത്. പൂജ്യന്മാരെ ആരാധിക്കണം. ശുചിയുള്ള ആഹാരവും വസ്ത്രവും നിര്‍ബന്ധം. അസൂയ, പക മുതലായ ചീത്ത വിചാരങ്ങള്‍ മനസ്സില്‍ വരരുത്. ദാനധര്‍മങ്ങള്‍ ആചരിക്കണം. നെയ് ചേര്‍ത്തോ പാലില്‍ സംസ്‌കരിച്ചതോ ആയ ചെന്നല്ലരിച്ചോറ് പുരുഷന് ഹിതമാണ്. സ്‌നിഗ്ധവും മധുരപ്രായമായതും ദഹനത്തിന് എളുപ്പമുള്ളതുമായ ആഹാരമാണ് പുരുഷന് ഉത്തമം. എണ്ണ തേച്ച് കുളിയും അഭികാമ്യം. സ്ത്രീക്കാണെങ്കില്‍ എള്ളും ഉഴുന്നും സവിശേഷ ആഹാരമായി ഭുജിച്ചുകൊള്ളണം.
വൃത്തിയുള്ള പരുത്തി വസ്ത്രങ്ങളാണ് നല്ലത്. എണ്ണതേച്ചുകുളി വളരെ അത്യാവശ്യം. സോപ്പിന് പകരം ചെറുപയറരച്ച് തേച്ച് കുളിക്കുന്നത് തൃദോഷങ്ങള്‍ക്കും ഹിതമാണ്.
പുരുഷന്‍ വലതുഭാഗം കൊണ്ടും സ്ത്രീ ഇടതുഭാഗത്താലും കട്ടിലില്‍ കയറി സ്ത്രീ, പുരുഷന്റെ വലതുഭാഗത്തായി ഇരിക്കണം.
''സാന്ത്വയിത്വാ തദന്യോന്യം
സംവിശേതാം മുദാന്വിതൗ''
അന്യോന്യം സന്തോഷിപ്പിച്ചുകൊണ്ട് ഏറെ ഹൃദയപൂര്‍വം പുത്രകര്‍മത്തിനായി ഒരുങ്ങണം.
''ഉത്താനാ തന്മനാ യോഷിത്തിഷ്‌ഠേദംഗൈഃ സുസംസ്ഥിതൈഃ
തഥാഹി ബീജം ഗ്രഹ്ണാതി ദോഷൈഃ സ്വസ്ഥാനമാസ്ഥിതൈഃ''
സന്തോഷത്തോടെ അതില്‍ തന്നെ മനസ്സിരുത്തി എല്ലാ അംഗങ്ങളും ശരിയാംവണ്ണം വെച്ച് സ്ത്രീ മലര്‍ന്ന് കിടക്കണം. അപ്പോള്‍ മാത്രമേ ത്രിദോഷങ്ങള്‍ അവയുടെ സ്വസ്ഥാനത്ത് നിന്ന് വ്യതിചലിക്കാതിരിക്കു. ബീജഗ്രഹണം സുസാധ്യമാവുകയും ചെയ്യും.
യഥാവിധി ഒരു ലൈംഗികബന്ധമാണ് ശാസ്ത്രം വിധിപൂര്‍വം വിവരിച്ചത്. ഗുരുഭവനം, ദേവാലയം, രാജഗൃഹം, ആല്‍ത്തറ, ശ്മശാനം, വെള്ളം ഇവിടങ്ങളില്‍ വെച്ചൊന്നും ബന്ധം അരുത്.
എപ്പോഴൊക്കെ, എത്രതവണ
ഇനി രതിയുടെ കൃത്യമായ കണക്ക് - ഋതുക്കള്‍ക്കനുസൃതമായി പറയുന്നു. നല്ല ആരോഗ്യാവസ്ഥയില്‍ ഹേമന്തശിശിരങ്ങളില്‍ അതായത് മഞ്ഞുകാലത്ത് ആഗ്രഹമുള്ളിടത്തോളം സംഗമിക്കാം. വസന്തം-ശരത്ത് എന്നീ ഋതുക്കളില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം. വര്‍ഷത്തിലും ഗ്രീഷ്മത്തിലും പതിനഞ്ച് ദിവസം ഇടവിട്ട് മാത്രമേ ആകാവും. വാവ്, സംക്രമം എന്നീ ദിവസങ്ങളില്‍ പാടുള്ളതല്ല. യൗവനം നിലനിര്‍ത്തുന്ന വാജീകരണ ഔഷധങ്ങള്‍ നിത്യേന ഉപയോഗിക്കുന്നവര്‍ക്ക് ദിവസവുമാകാം. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധവേണം. ഇല്ലെങ്കില്‍ തലചുറ്റ്, അപസ്മാരം, ത്വഗ്‌രോഗം, മനോരോഗം, ക്ഷയം-കാസം, ധാതുക്ഷയരോഗങ്ങള്‍, ബാലരോഗങ്ങള്‍, സ്തന്യനാശം ഇവയുണ്ടാകും.
പുംസവനം
ഇനി പുംസവന ക്രിയ പറയുന്നു. നമ്മള്‍ ഏതു കുഞ്ഞിനെയാണോ ആഗ്രഹിക്കുന്നത് അതിനായി നടത്തുന്ന ഔഷധസേവയ്ക്കാണ് പുംസവനം എന്നു പറയുന്നത്.
''അവ്യക്ത പ്രഥമേമാസേ
സപ്താഹാല്‍ കലലം ഭവേല്‍
ഗര്‍ഭ പുംസവാനന്യത്ര
പൂര്‍വം വ്യക്തേ പ്രയോജയേല്‍''
ഗര്‍ഭം സംഭവിച്ചാല്‍ ഏഴ് ദിവസം കഴിയുന്നതോടുകൂടി ഗര്‍ഭത്തിന് ലിംഗപരിണാമം സംഭവിക്കുന്നു. ലിംഗ പരിണാമത്തിനുമുമ്പായി പുംസവനക്രിയ ആചരിച്ചുകൊള്ളണം. ലളിതമായ ഏതാനും പുംസവനങ്ങളാണ് - വെള്ളത്തണ്ടുള്ള കടലാടി, ജീവകം, ഇടവകം, കരിംകുറുഞ്ഞി ഇവ ഒറ്റയ്ക്കായോ എല്ലാം കൂടിയോ അരച്ച് പൂയ്യംനാളില്‍ വെള്ളത്തില്‍ കലക്കി കുടിക്കണം. (പൂയ്യംനാളും ഗര്‍ഭാരംഭവും ഒന്നിച്ച് വരണം എന്ന ഒരു വൈഷമ്യമുണ്ടിതിന്). വെള്‍വഴുതിനവേര് പാലില്‍ അരച്ചുകലക്കി അരിച്ച് സ്വയമേവ വലതുമൂക്കില്‍ നസ്യം ചെയ്താല്‍ പുത്രനും ഇടതുമൂക്കില്‍ നസ്യം ചെയ്താല്‍ പുത്രിയുമുണ്ടാകുമെന്ന് ശാസ്ത്രം.
''പയസാ ലക്ഷ്മണാമൂലം പുത്രോത്പാദ സ്ഥിതിപ്രദം-
നാസായാസ്യേനവാപീതം വടശൃംഗാഷ്ഠകം തഥാ''
വളരെ അനുഭവസിദ്ധമായ ഒരു യോഗമാണിത്. തിരുതാളി വേരോ, പേരാലിന്റെ എട്ട് മൊട്ടോ പാലിലരച്ച് നസ്യം ചെയ്യുകയോ പാനം ചെയ്യുകയോ ചെയ്താല്‍ പുത്രലാഭമുണ്ടാകും.
('ഉത്പാദ-സ്ഥിതി' ഉണ്ടാകാനും നിലനില്ക്കാന്‍ കൂടിയും).
++++++++++
ഗര്‍ഭകാല പരിചരണം
ഇനി ഗര്‍ഭാരംഭത്തില്‍ പുംസവനക്രിയ കഴിഞ്ഞാലും ഗര്‍ഭിണിയെ ശ്രദ്ധാപൂര്‍വം ഉപചരിക്കണം. ജീവനീയ ഔഷധങ്ങളിട്ടു കുറുക്കിയ പാല്‍ അകത്തേക്കും ബലാതൈലം- ധാന്വന്തരതൈലം എന്നിവ പുറത്തും ശീലിക്കണം. കൂടാതെ ഭര്‍ത്താവും മറ്റു ബന്ധുക്കളും പരിചാരകരും എത്രയും സ്‌നേഹത്തോടെ ഗര്‍ഭിണിയോട് പെരുമാറണം. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിന്റെ മനസ്സിനെയും വളര്‍ച്ചയെയും സ്വാധീനിക്കും. അതിയായ ലൈംഗികബന്ധം, ശരീരത്തിന് കശ്‌നം തട്ടുന്ന പ്രവൃത്തികള്‍, ഭാരമുള്ള പുതപ്പ്, കിണറ്റിലോ ആഴമുള്ള കുഴികളിലോ എത്തിനോക്കല്‍, ഉറക്കമൊഴിക്കല്‍, പകലുറക്കം, മലമൂത്രാദിവേഗങ്ങളെ തടയല്‍, ഉപവാസം ഇവയൊന്നും ഗര്‍ഭിണിക്ക് പാടുള്ളതല്ല.
ഇവ അനുസരിക്കാതിരുന്നാല്‍ ഗര്‍ഭം അലസുക, വളര്‍ച്ചയില്ലാതാകല്‍, മരണം എന്നിവ സംഭവിക്കാം.
ഗര്‍ഭിണി വാതളങ്ങളായ ആഹാരവിഹാരങ്ങള്‍ ശീലിച്ചാല്‍ കുഞ്ഞ് കൂനനായോ കുരുടനായോ വാമനനായോ ജനിക്കും. (ഭക്ഷ്യവസ്തുക്കളില്‍ കടല വാതളമാണ് - കളായസ്തുതി വാതളഃ - അധികം വഴി, നടക്കല്‍ അധികം സംസാരം ഇവ വാതം വര്‍ധിപ്പിക്കും.)
പിത്തളങ്ങളുപയോഗിച്ചാല്‍ കഷണ്ടി, പിംഗളവര്‍ണത, കൂടുതല്‍ ദ്വേഷ്യ ഇവയുണ്ടാകും.
കഫ പ്രധാനങ്ങളുപയോഗിച്ചാല്‍ പാണ്ഡുത്വം, മന്ദത ഇവയുണ്ടാകും.
മൃദുവായ ഔഷധങ്ങളെ ഗര്‍ഭിണിയിലെ വ്യാധിക്ക് ഉപയോഗിക്കാന്‍ പാടുള്ളു.
''ശ്രദ്ധാ വിഘാതാല്‍ ഗര്‍ഭസ്യ
വികൃതിച്യുതിരേവവാ''
ഗര്‍ഭിണിയുടെ ആഗ്രഹങ്ങളെയും തടയരുത്. അങ്ങനെവന്നാല്‍ ഗര്‍ഭം വികൃതമാവുകയോ അലസുകയോ ചെയ്യാം.
സല്‍സന്തതിക്കുവേണ്ട ഉപദേശം നല്കുന്നതോടൊപ്പം സന്താനഹീനന്റെ നിഷ്പ്രയോജനത്വവും ശാസ്ത്രം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
''അച്ഛായപൂതി കുസുമ
ഫലേന രഹിതോദ്രുമഃ
യഥൈ കൈകശാഖാശ്ച
നിരപത്ഥ്യോ യഥാനരഃ'' പ്രമാണം.
നിഴലില്ലാതെ ദുര്‍ഗന്ധത്തോടെയുള്ള പൂക്കളുമായി കായ്കളുമില്ലാതെ ഒരേ ഒരു കൊമ്പുമാത്രമുള്ള - ദ്രുമയഥൈഃ - മരം എങ്ങനെയാണോ- അങ്ങനെയാണ് കുട്ടികളില്ലാത്ത മനുഷ്യന്‍. സ്വന്തം കുഞ്ഞുങ്ങളുടെയും നല്ല സമൂഹത്തിന്റെയും നന്മയെക്കരുതി ദമ്പതിമാര്‍ സാത്വികമായ ജീവിതചര്യകളോടും ലൈംഗികകാര്യത്തില്‍ ഹിതത്വവും മിതത്വവും പാലിച്ച് നല്ല കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുവാന്‍ യത്‌നിക്കണം.
ഡോ. നിര്‍മല നായര്‍
റിട്ട. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
നിര്‍മല ആയുര്‍വേദിക് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, ചാവക്കാട്
No comments:
Post a Comment