നൂലാമാലകള്‍ ഒഴിവാക്കി, സന്നദ്ധരായ ആര്‍ക്കും അവയവം ദാനം ചെയ്യാം !!
അവയവ ദാനത്തിലെ വിവാദ വ്യവസ്ഥ നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അവയവം സ്വീകരിക്കുന്ന ആളും ദാതാവും തമ്മില്‍ പത്ത് വര്‍ഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന വിവാദ വ്യവസ്ഥയാണ് നീക്കം ചെയ്തത്. ‘ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ റൂള്‍സ് 2012‘-ലെ വ്യവസ്ഥ പ്രകാരം സന്നദ്ധരായ ആര്‍ക്കും അവയവം ദാനം ചെയ്യാം. അതേസമയം ദാതാവിനെക്കൂടാതെ ആ വ്യക്തിയുടെ കുടുംബത്തിനും അവയവദാനത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം എന്നും പറയുന്നുണ്ട്. അവയവം ദാനം ചെയ്യാന്‍ 10 വര്‍ഷത്തിലധികം ഒരുമിച്ച് താമസിച്ചിരിക്കണം എന്ന വ്യവസ്ഥ പലരും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. 10 വര്‍ഷത്തിലധികം ഒരു വീട്ടില്‍ ജോലിക്കാരായി നിന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവയവം ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീട്ടുജോലിക്കാരെയും തൊഴിലാളികളെയും ചൂഷണം ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അവയവം നല്‍കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാക്കാന്‍ പുതിയ നിയമത്തില്‍ പറയുന്നുണ്ട്. അവയവം സ്വീകരിക്കുന്ന ആളിന്റേയും ദാതാവിന്റേയും വരുമാനം വ്യക്തമാക്കുന്നത് രേഖകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Comments
Post a Comment