തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി ബില്‍ നല്‍കിയിരിക്കണമെന്നും അല്ലാത്തപക്ഷം നോട്ടീസ്‌കൂടാതെ പൂട്ടുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ബില്ലില്‍ ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം.
എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലുള്ള ടോള്‍ഫ്രീ നമ്പരും അതത് സ്ഥലത്തുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരും പ്രദര്‍ശിപ്പിക്കണം. ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തിലായിരിക്കണം ഇത് പ്രദര്‍ശിപ്പിക്കേണ്ടത്. ഹോട്ടലുകളില്‍ ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡുകളും ബോധവത്കരണ പരിശീലന പരിപാടികളും നടന്നിട്ടും പലരും നിഷേധാത്മക സമീപനം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി കൊണ്ടുവന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ഭക്ഷണശാല, ക്യാന്‍റീനുകള്‍ മുതലായവ ഭക്ഷ്യസുരക്ഷാ ഗുണനിലവാര റെഗുലേഷന്‍ 2011 പ്രകാരം പാലിക്കേണ്ട നിബന്ധനകളുള്‍ക്കൊള്ളിച്ച് മുപ്പതിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി.അടുക്കളയും പരിസരവും അടര്‍ന്നുവീഴാത്ത രീതിയില്‍ പ്ലാസ്റ്റര്‍ചെയ്ത്, വൈറ്റ്‌വാഷ് ചെയ്ത്, ചിലന്തിവല, മറ്റ് അഴുക്കുകള്‍ ഒന്നുമില്ലാതെ സൂക്ഷിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കളഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും. ഡ്രെയിനേജ് പൂര്‍ണമായി അടച്ചിരിക്കണം. മലിനജലം ഹോട്ടലിനകത്തോ, പുറത്തോ കെട്ടിക്കിടക്കരുത്. ഹോട്ടല്‍, റസ്റ്റോറന്‍റ് ഉടമകള്‍ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ആരില്‍നിന്നാണോ വാങ്ങുന്നത് അവരുടെ രജിസ്റ്റര്‍ തയ്യാറാക്കണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. അതിനുള്ള കെമിക്കല്‍ മൈക്രോ ബയോളജിക്കല്‍ പരിശോധന കാലാനുസൃതമായി ഇടവേളകളില്‍ അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി രേഖകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ സര്‍ജനില്‍ കുറയാത്ത ഗവണ്മെന്‍റ് ഡോക്ര്‍ നിയമാനുസൃതം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകള്‍ ഉദ്യോഗസ്ഥര്‍ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. പകര്‍ച്ചവ്യാധികള്‍ ഉള്ള തൊഴിലാളികളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുറിവോ വ്രണങ്ങളോ ഉണ്ടെങ്കില്‍ ഭക്ഷണസാധനങ്ങളുമായി അടുത്തിടപഴകാന്‍ പാടില്ല. ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. കൃത്രിമ നഖങ്ങളും ഇളകുന്നതരത്തിലുള്ള ആഭരണങ്ങളും ഭക്ഷണംപാകം ചെയ്യുമ്പോള്‍ ഒഴിവാക്കണം. പുകവലിക്കുന്നതും ചവയ്ക്കുന്നതും തുപ്പുന്നതും മൂക്കുചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് നിരോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
No comments:
Post a Comment