ആര്‍ത്തവം പരക്കെ മറയ്ക്കപ്പെട്ട ഒരു വിലക്ക് തന്നെയാണ് ഇന്നും. തുറന്ന ചിന്താഗതിയുള്ള, വിദ്യാസമ്പന്നരായ, പരിഷ്‌ക്കാരത്തെ ഉള്‍ക്കൊണ്ട കുടുംബങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ പോലും ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള അന്ധവിശ്വാസങ്ങളില്‍ മുറുകെപിടിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാഴ്ച ഇന്ത്യയില്‍ സര്‍വ്വസാധാരണമാണ്. കാലങ്ങളായി തുടര്‍ന്നുപോരുന്ന അത്തരം വിലക്കുകളേയും വിശ്വാസങ്ങളേയും തിരുത്തിയെഴുതാനാണ് തുഹിന്‍-അദിതി ദമ്പതികളുടെ തീരുമാനം.
സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലമാണ് ഇത്തരമൊരാശയത്തിലേക്ക് അദിതി ഗുപ്തയെ എത്തിച്ചത്. ആദ്യമായി ആര്‍ത്തവപ്പെട്ടപ്പോള്‍ അതേ കുറിച്ചുള്ള അറിവ് നല്‍കുന്നതിന് പകരം ഇനിമുതല്‍ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളാണ് അദിതിയുടെ അമ്മ അവള്‍ക്ക് പറഞ്ഞുകൊടുത്തത്. 'മറ്റുള്ളവരുടെ കിടക്കയില്‍ ഇരിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. ആരാധന നടത്തുന്ന ഇടങ്ങളില്‍ പ്രവേശിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. എന്റെ വസ്ത്രം പ്രത്യേകമായി അലക്കുകയും ഉണക്കുകയും ചെയ്യണമായിരുന്നു. എന്തിനധികം എനിക്ക് വീട്ടിലുണ്ടാക്കിയ അച്ചാര്‍ പോലും തൊടുന്നതിനോ കഴിക്കുന്നതിനോ അനുവാദമുണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ അവരെന്നെ അശുദ്ധയായും മലിനപ്പെട്ടവളായുമാണ് അക്കാലത്ത് കരുതിയിരുന്നത്.' അദിതി ഓര്‍ക്കുന്നു. മാതാപിതാക്കള്‍ വിദ്യാസമ്പരായിട്ടും മോശമല്ലാത്ത ജീവിത ചുറ്റുപാടുകള്‍ ഉണ്ടായിരുന്നിട്ടും അദിതിക്ക് സാനിറ്ററി പാഡുകള്‍ വാങ്ങുന്നതിനും അനുവാദമുണ്ടായിരുന്നില്ല. സാനിറ്ററിപാഡ് ചോദിച്ച് കടയില്‍ കയറിയിറങ്ങുന്നത് കുടുബത്തിന്റെ സല്‍പേരിന് കളങ്കം വരുത്തുമെന്നതായിരുന്നു കാരണം.
ഇത്തരം വിചിത്രമായ ചിന്തകളേയും വിശ്വാസങ്ങളേയും തകര്‍ത്തെറിയേണ്ടത് അനിവാര്യമെന്ന് തുഹിന്‍ തീരുമാനിക്കുന്നത് അഹമ്മദാബാദിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡിസൈനില്‍ അദിതിയുടെ സഹപാഠിയായി എത്തുന്നതോടെയാണ്. ആര്‍ത്തവത്തെ കുറിച്ച് ബയോളജി ക്ലാസില്‍ നിന്ന് ലഭിച്ച അറിവ് മാത്രമേ അതുവരെ തുഹിന് ഉണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ അദിതിയില്‍ നിന്നും അറിഞ്ഞ തുഹിന്‍ ഈ വിഷയത്തില്‍ ഒരു ഗവേഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. ആരും ഇതുവരെ പറഞ്ഞുകേള്‍ക്കാത്ത കാര്യങ്ങള്‍ ഗവേഷണത്തിലൂടെ അവര്‍ കണ്ടെത്തി. കെട്ടുകഥകളിലും വിവിധ വിശ്വാസങ്ങളിലും മുങ്ങിക്കിടക്കുന്ന ആര്‍ത്തവത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ ഇനിയും പൊതുസമൂഹത്തിന് അജ്ഞമാണെന്ന് അല്ലെങ്കില്‍ സമൂഹം അത് അവഗണിക്കുകയാണെന്ന് അദിതിയും തുഹിനും തിരിച്ചറിഞ്ഞു.
കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളോട് അവരുടെ അനുഭവങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ്, രക്ഷിതാക്കളുടേയും വിവിധ എന്‍ജിഒകളുടേയും സഹായത്തോടെയായിരുന്നു മെനസ്‌ട്രോപീഡിയ എന്ന ആശയത്തിലേക്ക് അവര്‍ എത്തിച്ചേരുന്നത്. ആശയവും ലക്ഷ്യവും കൃത്യമായിരുന്നെങ്കിലും പദ്ധതി പ്രാബല്യത്തിലാക്കാന്‍ ആവശ്യമായ മൂലധനം സ്വരൂപിക്കുന്നതിന് വേണ്ടി അവര്‍ പിന്നേയും സമയമെടുത്തു. കോര്‍പറേറ്റ് കമ്പനികളില്‍ ജോലിചെയ്ത് സ്വരൂപിച്ച പണവുമായി 2012-ല്‍ അവര്‍ മെനസ്‌ട്രോപീഡിയക്ക് തുടക്കമിട്ടു. ആര്‍ത്തവത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം എന്ന ലക്ഷ്യവുമായി തുഹിനും അദിതിയും ആദ്യം ആരംഭിച്ചത് മെനെസ്‌ട്രോപീഡിയ എന്ന വെബ്‌സൈറ്റായിരുന്നു. വിവിധ തുറകളില്‍ പെട്ട സ്ത്രീകള്‍ക്ക് ആര്‍ത്തവുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങളും അവരുടെ അനുഭവങ്ങളും പങ്കുവെക്കാനുള്ള തുറന്ന വേദിയായി മെനെസ്‌ട്രോപീഡിയ അതിവേഗം മാറി. മെനസ്‌ട്രോപീഡിയയില്‍ അനുഭവങ്ങളും സംശയങ്ങളും പങ്കുവെക്കാനെത്തിയ ഓരോരുത്തരുടെ വാക്കുകള്‍ക്കും അവര്‍ പ്രധാന്യം നല്‍കി, അതിന് വേണ്ടത്ര പ്രസക്തി നല്‍കി പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടക്കത്തില്‍ വെറും 900 പേര്‍ മാത്രമാണ് മെനസ്‌ട്രോപീഡിയയില്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നതെങ്കില്‍ കാലക്രമേണ അത് മാസം ഒരു ലക്ഷം സന്ദര്‍ശകര്‍ എന്ന നിലയിലേക്ക് വളര്‍ന്നു.
അതിന്റെ അടുത്തപടിയായിരുന്നു കോമിക് പുസ്തകം. പെണ്‍കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്നത് ശരാശരി പത്തു വയസ്സുമുതലാണെങ്കിലും നിലവിലെ സ്‌കൂള്‍ സിലബസനുസരിച്ച് ഇതേകുറിച്ചുള്ള ശാസ്ത്രീയമായ അറിവ് അവര്‍ക്ക് ലഭിക്കുന്നത് പതിമൂന്നോ പതിനാലോ വയസ്സുള്ളപ്പോഴാണ്. അത് ഒരു വലിയ പോരായ്മയായി വിലയിരുത്തിയ അദിതിയും തുഹിനും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള ആര്‍ത്തവ വിദ്യാഭ്യാസ സഹായി എന്ന രീതിയില്‍ കോമിക് പുസ്തകവുമായി രംഗത്തെത്തുകയായിരുന്നു.
ഒമ്പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പുസ്തകത്തില്‍ പിങ്കി, മീര, ജിയ എന്നീ മൂന്ന്‌പെണ്‍കുട്ടികളാണ് കഥാപാത്രങ്ങള്‍. പിങ്കിയുടെ സഹോദരിയും ഡോക്ടറുമായ പ്രിയയില്‍ നിന്നും ഇവര്‍ ആര്‍ത്തവത്തെ സംബന്ധിക്കുന്ന അറിവ് നേടുന്നത് കഥപോലെ ചിത്രീകരിച്ചിരിക്കുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശാരീരിക- മാനസിക വ്യതിയാനങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാലത്തുണ്ടാകേണ്ട ശുചിത്വം, ആരോഗ്യപരിരക്ഷകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചിത്രകഥാ രൂപത്തില്‍ പുസ്തത്തില്‍ വിവരിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് സ്വീകാര്യമാകുന്നതിന് വേണ്ടിയാണ് ചിത്രകഥാരൂപത്തില്‍ പുസ്തകം ഇറക്കാന്‍ ഇരുവരും തീരുമാനിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇന്ത്യയിലെ പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ വിതരണം ചെയ്തുകഴിഞ്ഞു. സ്പാനിഷ് നേപ്പാളി ഭാഷകളിലേക്കും പുസ്‌കം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യു.കെ, ആസ്‌ട്രേലിയ, അമേരിക്ക ഉറുഗ്വായ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും പുസ്‌കത്തിന്റെ കോപ്പികള്‍ എത്തിക്കാനായിട്ടുണ്ട.്
രക്ഷിതാക്കളുടേയും അധ്യാപകരുടേയും ജോലി എളുപ്പമാക്കുന്ന പുസ്തകം ആര്‍ത്തവത്തെ കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പുറമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആര്‍ത്തവുമായി ബന്ധപ്പെട്ടുള്ള അന്ധവിശ്വാസങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്. സ്‌കൂളുകള്‍, എന്‍ജിഒകള്‍ എന്നിവയുടെ സഹകരണത്തോടെ പുസ്‌കതം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള കൗമാരക്കാരില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അദിതിയും തുഹിനും. ഒപ്പം പുസ്‌കത്തിന്റെ ഡിജിറ്റല്‍ പതിപ്പിറക്കാനുള്ള ശ്രമവുമുണ്ട്. അദിതിക്കും തുഹിനും പുറമേ രജത് മിത്തല്‍, ഡോക്ടര്‍ മഹാദേവ് ഭിതെ എന്നിവരും പുസ്തകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
No comments:
Post a Comment