കോഴിക്കോട്: മിടിപ്പ് നിര്‍ത്താതെ ഹൃദയശസ്ത്രക്രിയ നടത്താനുപയോഗിക്കുന്ന സ്റ്റെബിലൈസര്‍ തദ്ദേശീയമായി വികസിപ്പിച്ചു. കോഴിക്കോട് മിംസ് ആസ്പത്രിയിലെ ഹൃദയശസ്ത്രക്രിയാവിദഗ്ധന്‍ ഡോ. മുരളി വെട്ടത്തിന്റെതാണ് കണ്ടുപിടിത്തം.
സിംപിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലൈസര്‍(സിംസ്) എന്നാണിതിന്റെ പേര്. ഇതുപയോഗിച്ച് ഡോ. മുരളി ഇരുനൂറോളം ശസ്ത്രക്രിയകള്‍ ചെയ്തുകഴിഞ്ഞു. ഹൃദയശസ്ത്രക്രിയാരംഗത്തെ ഇന്ത്യന്‍ വിപ്ലവമെന്നാണ് ലണ്ടനിലെ അന്താരാഷ്ട്രപ്രസിദ്ധീകരണം കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്.
ഹൃദയം നിശ്ചലമാക്കി, ഹൃദയത്തെയും ശ്വാസകോശത്തെയും ഹാര്‍ട്ട്-ലങ് മെഷീന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ചാണ് മിക്കപ്പോഴും ഹൃദയശസ്ത്രക്രിയകള്‍ നടത്താറ്. ഹാര്‍ട്ട്-ലങ് മെഷീന്‍ ഉപയോഗിക്കാതെയും ഹൃദയശസ്ത്രക്രിയചെയ്യാം. ഓഫ്-പമ്പ് കൊറോണറി ആര്‍ട്ടറി ബൈപ്പാസെന്നാണ് ഈ രീതിയുടെ പേര്. സ്പന്ദിക്കുന്ന ഹൃദയത്തില്‍ത്തന്നെയാണ് ഈരീതിയില്‍ ശസ്ത്രക്രിയചെയ്യുന്നത്. ഈ ശസ്ത്രക്രിയക്കു സഹായിക്കുന്ന ഉപകരണമാണ് സ്റ്റെബിലൈസര്‍.
ഇന്ത്യയിലുപയോഗിക്കുന്ന സ്റ്റെബിലൈസറുകളെല്ലാം വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്നവയാണ്. പ്ലാസ്റ്റിക് നിര്‍മിതമായ ഇവ ഒരിക്കലുപയോഗിച്ചാല്‍ !!വീണ്ടും ഉപയോഗിക്കാനാവില്ല. അറുപതിനായിരത്തോളം രൂപയാണ് വില.
ഡോ. മുരളി വികസിപ്പിച്ചെടുത്ത 'സിംസി'ന് ഒരുലക്ഷത്തോളം രൂപ വിലവരും. പക്ഷേ, പലതവണ ഉപയോഗിക്കാം. ഇതോടെ ഹൃദയശസ്ത്രക്രിയക്ക് ഇപ്പോഴുള്ള ചെലവ് ഗണ്യമായി കുറയും.
ഡോ. മുരളി ആദ്യം വികസിപ്പിച്ചത് പ്ലാസ്റ്റിക് കൊണ്ടുള്ള സ്റ്റെബിലൈസറാണ്. അതു വിജയകരമായിരുന്നെങ്കിലും പുനരുപയോഗം സാധ്യമായിരുന്നില്ല. തുടര്‍ന്നാണ് ലോഹനിര്‍മിതമായ 'സിംസ്' വികസിപ്പിച്ചത്.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ ആസ്ഥാനമായുള്ള റിസര്‍ച്ച് മീഡിയ ലിമിറ്റഡിന്റെ 'ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍' എന്ന പ്രസിദ്ധീകരണത്തില്‍ 'സിംസി'ന്റെ വിവരങ്ങളുള്‍പ്പെടുത്തിയിട്ടുണ്ട്. ഹൃദയശസ്ത്രക്രിയയെക്കുറിച്ചുള്ള ഈ പ്രത്യേക പതിപ്പില്‍ 'ഈ സ്റ്റെബിലൈസര്‍ ഇന്ത്യയിലെ ഹൃദയശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും'' എന്നുപറയുന്നു. 'സിംസി'ന്റെ പേറ്റന്റിനുവേണ്ടി പേറ്റന്റ് ഓഫീസിനെ സമീപിച്ചിരിക്കുകയാണ് ഡോ. മുരളി.
(courtesy;mathrubhumi)
No comments:
Post a Comment