ചലനമാണ് ജീവന്റെ ലക്ഷണം. ശരീരാന്തര്‍ഗതമായ ഒട്ടേറെ സൂക്ഷ്മചലനങ്ങളാണ് ജൈവശരീരത്തിന് ഉന്മേഷം പകരുന്നത്. ഇതിനു വരുന്ന തകരാറുകള്‍ ശ്വാസതടസ്സമായും ചുമയായും എക്കിളായും ഛര്‍ദ്ദിയായും വയറിന്റെ സ്തംഭനമായും മറ്റും മാറുന്നു. ഇവയെ മൊത്തത്തില്‍ 'വായുവിന്റെ ഉപദ്രവം' എന്നാണ് നാടന്‍ ഭാഷയില്‍ പറയാറുള്ളത്.
വായുവിന്റെ ഉപദ്രവത്തിന് ഒരു പ്രഥമശുശ്രൂഷയായി സേവിക്കാവുന്ന മരുന്നാണ് മഹാധാന്വന്തരം ഗുളിക. ജീരകം വറവുകഷായത്തിലോ ജീരകവെള്ളത്തിലോ ചേര്‍ത്താണ് ഇതു സേവിക്കാറുള്ളത്.
ജനിക്കുന്നതിനു മുമ്പുതന്നെ അറിയാതെ അറിയുന്ന ഔഷധരുചിയാണ് മഹാധാന്വന്തരം ഗുളികയുടേത്. ഈ ഔഷധം ഗര്‍ഭിണിക്ക് ഒരു രക്ഷാകവചമായും ക്ലേശരഹിതമായ ഗര്‍ഭകാലവും സുഖപ്രസവവും ഉറപ്പുവരുത്തുന്നതിനായും കേരളീയവൈദ്യന്മാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. തലമുറകളായി ഈ വിശ്വാസവും പ്രയോഗവും കൈമാറ്റം ചെയ്യപ്പെട്ടുപോരുന്നുണ്ട്.