വൈദ്യത്തിലൂടെ ദേശത്തിനും കാലത്തിനും അപ്പുറത്തേക്കു പോകുന്ന പി.കെ. വാരിയര്‍ കോട്ടയ്ക്കല്‍ എന്ന സംസ്‌കാരത്തിന്റെ പതാകാ വാഹകനാണ്. കോട്ടയ്ക്കലിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അറിഞ്ഞാലേ പി.കെ. വാരിയര്‍ എന്ന മഹാ ഭിഷഗ്വരനെയും അറിയുക സാദ്ധ്യമാവൂ...
കാലപ്രവാഹത്തില്‍ ഒരുപാട് കാറ്റുകള്‍ കോട്ടയ്ക്കലിനു മുകളിലൂടെ കടന്നുപോയി. അവയിലെല്ലാം കവിതയുടെയും കഥകളിയുടെയും കഷായത്തിന്റെയും ഗന്ധമുണ്ടായിരുന്നു.
വാക്കിന്റെയും വൈദുഷ്യത്തിന്റെയും 'അനന്തശയനപ്പതക്കം' ധരിച്ച് മനോരമത്തമ്പുരാട്ടി ജീവിച്ച വര്‍ഷങ്ങള്‍. ഒരു പുരുഷപാണ്ഡിത്യവും അവര്‍ക്കു മുന്നില്‍ എതിര്‍നിന്നില്ല. ക്ലേശജീവിതത്തിനിടയിലും കവിതയായി അവര്‍ ജ്വലിച്ചുമറഞ്ഞു. തൂണില്‍ കാവ്യം തുളുമ്പും തുറമുഖത്തുനിന്നും കൊച്ചു നാടന്‍തോണിയില്‍ ഭയജനകമാം ഭാരതത്തിന്‍ സമുദ്രം കടക്കാന്‍ പിന്നീട് വന്നു കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍. തലനിറയെ കുടുമ, മനംനിറയെ കവിത. കോവിലകത്തെ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തില്‍ത്തൊഴുത് തുടങ്ങിയതാണ് വിവര്‍ത്തനം. 871-ാം ദിവസം കൊടുങ്ങല്ലൂര് വെച്ച് തീര്‍ത്ത് കോട്ടയ്ക്കലെത്തി വേട്ടെക്കൊരു മകന് പന്തീരായിരം നാളികേരമുടച്ച് നമിച്ചു. ഭാരതം അച്ചുകൂടം പിറന്നു. ഇന്നുമുള്ള ഭാരതമുറി സാക്ഷി.
കവിതയും ഗണിതവും തര്‍ക്കവും വ്യാകരണവും വേദാന്തവും വൈദ്യവും നിറഞ്ഞ കടലുപോലെ കൈക്കുളങ്ങര രാമവാരിയര്‍. കോവിലകത്ത് വന്നുപാര്‍ത്ത് കാലക്ഷേപത്തിന് അദ്ദേഹം ചൊല്ലിയ ഇതിഹാസപുരാണ ശീലുകള്‍. അതുകേട്ട് ലയിച്ച രാപകലുകള്‍. കാറ്റില്‍ അലയുന്ന വിലാപംപോലെ വി.സി. ബാലകൃഷ്ണപ്പണിക്കര്‍. ഉല്‍ക്കപോലൊരു ജന്മം. കവികള്‍ക്കും എഴുത്തുകാര്‍ക്കും ചേക്കേറാനുള്ള ചില്ലകളുമായി ചന്ദനമരംപോലെ പി.വി. കൃഷ്ണവാരിയര്‍. അക്ഷരംകൊണ്ടൊരു വൃക്ഷം. കവനകൗമുദീ സുഗന്ധം.
ആയിരത്തൊന്ന് തെച്ചിപ്പൂവ് ആരുകളഞ്ഞ് ശിവന് പുഷ്പാഞ്ജലി ചെയ്തപ്പോള്‍ പന്നിയമ്പള്ളി വാരിയത്ത് ശങ്കുണ്ണി എന്ന ഉണ്ണി പിറന്നു. ശിവാംശ സംഭൂതന്‍. ഒരു കൈയില്‍ വൈദ്യവും മറുകൈയില്‍ കലയുമായി അദ്ദേഹം വളര്‍ന്നു. കാട്ടില്‍ മരുന്നുകള്‍ തേടുംപോലെ നാട്ടില്‍ കലാകാരന്മാരെയും തേടിയലഞ്ഞു. ആര്യവൈദ്യശാലയ്ക്കും ആയുര്‍വേദപാഠശാലയ്ക്കുമൊപ്പം പരമശിവവിലാസം നാടകക്കമ്പനിയും തുടങ്ങി. കാറ്റില്‍ കണ്ണകിയുടെയും കോവലന്റെയും പാട്ടുകളും ചിതറുന്ന ചിലങ്ക നാദങ്ങളും നിറഞ്ഞു. for more details click here
No comments:
Post a Comment