എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ഏറെ പ്രധാനമാണ്. ചലനവും വഴക്കവും സാധ്യമാക്കാൻ സന്ധികൾ സഹായിക്കുമ്പോൾ ആകൃതി നൽകുന്നതും അവയവങ്ങളെ സംരക്ഷിക്കുന്നതും കാൽസ്യം ശേഖരിച്ചു വയ്ക്കുന്നതുമെല്ലാം എല്ലുകളാണ്. പ്രായം കൂടുന്തോറും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യപ്രശ്നങ്ങളും കൂടുന്നു. എന്തുകൊണ്ടാണ് പ്രായമാകുമ്പോൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം ക്ഷയിക്കുന്നത് എന്ന് നോക്കാം.
എല്ലുകളുടെ സാന്ദ്രത നഷ്ടമാകുന്നു
പ്രായമാകുന്തോറും സ്വാഭാവികമായും എല്ലുകളുടെ സാന്ദ്രത വളരെ കുറഞ്ഞു വരുന്നു. ഈസ്ട്രജന്റെ അളവ് വളരെ കുറയുന്നതിനാൽ ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ആണ് ഈ അവസ്ഥ കൂടുതലായുണ്ടാകുന്നത്. എല്ലുകൾക്ക് കാൽസ്യവും മറ്റ് ധാതുക്കളും നഷ്ടമാകുന്നു. ഇത് ഓസ്റ്റിയോപോറോസിസിനുള്ള സാധ്യത വർധിപ്പിക്കുന്നു.
പതിവായ ഉപയോഗവും ശാരീരിക സമ്മർദവും എല്ലാം കൊണ്ട് സന്ധികൾക്ക് ക്രമേണ കേടുപാടുകൾ സംഭവിക്കുന്നു. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. കാർട്ടിലേജ് പൊട്ടലുണ്ടാക്കുകയും വേദനയും ചലനശേഷി കുറയുകയും ചെയ്യുന്നു.
എല്ലുകളുടെയും സന്ധികളുടെയും നഷ്ടം എങ്ങനെ തടയാം?
ശരിയായ പോഷകങ്ങളും ശാരീരിക പ്രവർത്തനങ്ങളും എല്ലുകളുടെ പിണ്ഡം ഉയർത്തുകയും ഇത് എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുകയും ചെയ്യും. ചലനശേഷി നിലനിർത്താനും വീഴ്ചകളും ഗുരുതരപരിക്കുകളും തടയാനും എല്ലുകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.
1. ശരിയായി കഴിക്കാൻ
സമീകൃത ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. എല്ലുകൾക്ക് ആരോഗ്യമേകാൻ കാൽസ്യം ധാരാളം അടങ്ങിയ പാലുൽപന്നങ്ങൾ, ഇലക്കറികൾ, നട്സ്, സീഡ്സ് തുടങ്ങിയവയും ആവശ്യത്തിന് വൈറ്റമിൻ ഡി യും ആവശ്യമാണ്. സൂര്യപ്രകാശമേൽക്കുന്നതിലൂടെയും കൊഴുപ്പുള്ള മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയും വൈറ്റമിൻ സി ലഭിക്കും. സന്ധികളുടെ ആരോഗ്യത്തിനായി ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഫാറ്റി ഫിഷ് ഇവ കഴിക്കണം.
2. വ്യായാമം പതിവാക്കാം
എല്ലുകളെ ശക്തിപ്പെടുത്താനും പേശികളുടെ സപ്പോർട്ടിനുമായി വെയ്റ്റ് ബെയറിങ് വ്യായാമങ്ങളും റസിസ്റ്റൻസ് എക്സർസൈസുകളും ചെയ്യാം. വഴക്കം ലഭിക്കാനും സന്ധികളുടെ മൊബിലിറ്റി നിലനിർത്താനും യോഗ, നീന്തൽ ഇവ പരിശീലിക്കാം.
3. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
അമിതഭാരം സന്ധികൾക്ക് അധിക സമ്മർദം ഉണ്ടാക്കും, പ്രത്യേകിച്ച് മുട്ടുകൾക്കും അരക്കെട്ടിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക വഴി ഈ പ്രഷർ കുറയ്ക്കാനും സന്ധികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കും.
4. വെള്ളം കുടിക്കാം
സന്ധികളുടെ ലൂബ്രിക്കേഷൻ നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ദിവസം മുഴുവൻ ജലാംശം ശരീരത്തിലെത്താൻ ശ്രദ്ധിക്കാം.
5. പുകവലി, മദ്യപാനം ഇവ ഒഴിവാക്കാം
പുകവലി എല്ലുകളുടെ ഉൾപ്പെടെ ആരോഗ്യത്തിന് ദോഷകരമാണ്. അമിത മദ്യപാനം കാൽസ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും എല്ലുകൾ ക്രമേണ ദുർബലമാകുകയും ചെയ്യും.
6. പതിവായ പരിശോധന
എല്ലുകളുടെ സാന്ദ്രത പ്രത്യേകിച്ച് രോഗസാധ്യത കൂടുതലുള്ളവർക്ക്, അറിയാൻ പതിവായി ആരോഗ്യപരിശോധനകൾ നടത്തണം. സന്ധിവേദന, നടക്കാൻ പ്രയാസം ഇവയുണ്ടെങ്കിൽ ആരോഗ്യപ്രവർത്തരെ കാണണം.
7. സപ്ലിമെന്റുകൾ
ആർത്തവവിരാമസമയത്ത് സ്ത്രീകൾക്ക് കാൽസ്യം, വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഡോക്ടർമാർ നിർദേശിക്കും. എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടാതിരിക്കണമെങ്കിൽ ആവശ്യമെങ്കിൽ സപ്ലിമെന്റുകൾ കഴിക്കണം. പ്രായമാകുന്തോറും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യപ്രശ്നങ്ങളും കൂടും. സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണം. ശക്തിയേറിയ എല്ലുകൾ പൊട്ടല്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ തടയും. ആരോഗ്യമുള്ള സന്ധികൾ ആകട്ടെ സന്ധിവാതം, സന്ധിവേദന ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കും.
No comments:
Post a Comment