മലപ്പുറം: ആരോഗ്യത്തിന് ഹാനികരമെന്നുകണ്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മരുന്നിനങ്ങളിലേറെയും കേരളത്തിലെ വിപണികളില്‍ ആവശ്യക്കാരേറെയുള്ള പ്രമേഹ ഔഷധങ്ങള്‍. നിരോധനത്തോടെ അമ്പതിലധികം ബ്രാന്‍ഡുകളെങ്കിലും അപ്രത്യക്ഷമാകുമെന്നുറപ്പായിട്ടുണ്ട്.
ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയവയ്ക്കുള്ളതാണ് പിന്നീടുള്ളവയില്‍ മുഖ്യം. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് രോഗികളെയും ചില്ലറക്കച്ചവടക്കാരെയും ഡോക്ടര്‍മാരെയും പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഇതില്‍ത്തന്നെ കേരളീയരുടെ എണ്ണവും കൂടുതലാണ്. ജീവിതശൈലീരോഗമായതിനാലും ദീര്‍ഘകാലം മരുന്ന് ഉപയോഗിക്കേണ്ടിവരുന്നതിനാലും ഭൂരിപക്ഷം കമ്പനികളും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. വിദേശത്ത് പലയിടത്തും നിരോധിച്ചിട്ടുള്ള പയോഗ്ലിറ്റാസോണ്‍ മൂലകമടങ്ങിയ മരുന്നുകളാണ് പട്ടികയിലെ മിക്കതിലുമുള്ളത്.
പനിക്കും ചുമയ്ക്കുമായി കൊടുക്കുന്ന അലക്‌സ് ബ്രാന്‍ഡിലുള്ള ഗുളിക, സിറപ്പ്, കുട്ടികളുടെ തുള്ളിമരുന്ന് എന്നിവയടക്കം 16 ഇനങ്ങളാണ് നിരോധിക്കപ്പെട്ടത്. അസ്‌കോറില്‍ സി, ഡി എന്നിവയുടെ ഏഴിനങ്ങളാണ് ഇനി കിട്ടാതാവുക. കഫക്കെട്ടുള്ളപ്പോള്‍ കൊടുക്കുന്ന അസ്താലിന്‍ എക്‌സ്പെക്ടോറന്റിനും നിരോധനമായി. അണുബാധയ്ക്ക് വളരെ സാധാരണമായി ഉപയോഗിച്ചുവരുന്ന കാന്‍ഡിഡ് ടോട്ടല്‍ ക്രീം, മാനസികരോഗത്തിനുള്ള എമെറ്റില്‍ പ്ലസ്, അപസ്മാരത്തിനുള്ള മൂന്നുതരം എപ്പിലാന്‍ എന്നിവയും അപ്രത്യക്ഷമാകുന്ന പ്രധാന ഇനങ്ങളാണ്.
ജനപ്രിയ ഇനങ്ങളായ ഡോളോകോള്‍ഡ്, ഡോളോകഫ്, ഡോളോപാര്‍ സി.സി, ഫ്‌ളൂകോള്‍ഡ് (നാലുതരം), ഫെബ്രക്‌സ് പ്ലസ്, സി.എല്‍.എഫ് (ഏഴുതരം), സിനാറെസ്റ്റ് (ഏഴുതരം), ബ്രമോലിന്‍ (ഒന്‍പതുതരം), ചുമ മരുന്നുകളായ ടസ്‌ക് (ഒന്‍പതുതരം), സീഡക്‌സ് (ഏഴുതരം), എഫിഡ്രക്‌സ്, സി-എക്‌സ്, അസിത്രാള്‍, ശരീരവേദനയ്ക്കും ചൂടിനുമുള്ള നൈസ് എം.ആര്‍ തുടങ്ങിയവയൊക്കെ നിരോധനപ്പട്ടികയിലുള്‍പ്പെടുകയാണ്.
അണുബാധക്കെതിരെ ഏറ്റവും പ്രാഥമികമായി കൊടുക്കാറുള്ള അമോക്‌സിലിനും ഡൈക്ലോക്‌സാസിനും ചേര്‍ന്ന മരുന്നിന്റെ നൂറുകണക്കിന് ബ്രാന്‍ഡുകളും വിപണിക്ക് പുറത്തായി.
അശാസ്ത്രീയമായ മരുന്നുസംയുക്തങ്ങള്‍ക്കുള്ള നിരോധനനടപടി ചരിത്രത്തില്‍ ആദ്യമല്ല. 2007-ല്‍ 294 എണ്ണം നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ നിയമയുദ്ധം നടത്തി ഇവയെ മറികടക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി പഴുതുകളടച്ചുള്ള ഉത്തരവിറക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
നിരോധിക്കപ്പെട്ട പ്രമേഹ മരുന്നുകളില്‍ ചിലത്
ജെമര്‍ പി(ഗുളിക-നാലുതരം), ഗ്ലിം ടോട്ടല്‍ (ഗുളിക-മൂന്നുതരം), ഗ്ലിമിസ്റ്റാര്‍ പി.എം.(ഗുളിക-ആറുതരം), ഗ്ലൂക്കോ നോം പി, പി.ജി, പി.ജി.എല്‍-12 തരം, ഗ്ലൈക്കിഫേജ് പി, പി.ജി, എല്‍.പി.ജി-9 തരം, ട്രൈ അസുലിക്‌സ് (ഗുളിക-നാലുതരം), ട്രൈ വാലഫേജ് (ഗുളിക-രണ്ടുതരം), ട്രൈയാപ്രിഗ്ലിം (ഗുളിക-നാലുതരം), ട്രയക്‌സര്‍, എല്‍.എസ്. (ഗുളിക-എട്ടുതരം), പഞ്ചസാരയില്ലാത്ത കഫ്‌സിറപ്പുകള്‍
പകുതിക്കും അനുമതിയില്ല
രാജ്യത്ത് വില്‍പ്പന നടത്തുന്ന പകുതിയോളം മരുന്നുസംയുക്തങ്ങള്‍ക്കും വ്യവസ്ഥാപിതമായ നിര്‍മാണാനുമതിയില്ലെന്ന കണ്ടെത്തലാണ് പൊതുജനാരോഗ്യ സംഘടനകള്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്.
ചുമ, ജലദോഷ മരുന്നുകള്‍ കുട്ടികള്‍ക്ക് ഹാനികരം
ടൊറന്റൊ: ചുമയ്ക്കും ജലദോഷത്തിനുമായി വിപണിയില്‍ ലഭ്യമായ അലോപ്പതി മരുന്നുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാണെന്ന് പഠനം. കാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇത്തരം മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും പഠനത്തില്‍ നിര്‍േദശിക്കുന്നു.
ഇന്ത്യയില്‍ മുന്നൂറോളം മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതിനുപിന്നാലെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആറുവയസ്സിനു താഴെയുള്ള 3500 കുട്ടികളില്‍ 2008-നും 2011-നും ഇടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമയുടെ മരുന്ന് നല്‍കരുതെന്ന് ബോട്ടിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 18 ശതമാനം കുട്ടികള്‍ക്ക് ഇത് നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
കനേഡിയന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുതന്നെയാണ് മരുന്നുകള്‍ നല്‍കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒണ്‍ടാറിയോയിലെ സെന്റ് മൈക്കല്‍സ് ആസ്പത്രിയിലെ ഡോ. ജൊനാഥന്‍ മഗൈ്വര്‍ പറഞ്ഞു.
രോഗികള്‍ക്ക് ആശങ്കവേണ്ട
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് കിട്ടാതാകുന്നതോടെ രോഗികള്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. സംയുക്തങ്ങളിലെ ചേരുവകളായ രാസമൂലകങ്ങള്‍ അടങ്ങിയ അനേകം മരുന്നിനങ്ങള്‍ വിപണിയില്‍ സുലഭമാണ്. പ്രമേഹത്തിനുമാത്രം ഉപയോഗിക്കാവുന്ന ഗുളികകളും കുത്തിവെപ്പുകളുമടങ്ങിയ 69 ഇനങ്ങളെങ്കിലും നമ്മുടെ നാട്ടില്‍ കിട്ടാനുണ്ട്. മരുന്നുകള്‍ ശുപാര്‍ശചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നുമാത്രം.
No comments:
Post a Comment