ഗള്‍ഫില്‍ ചെന്നിറങ്ങുന്നവരെ ആദ്യം അമ്പരപ്പിക്കുന്ന കാഴ്ച അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നത്? ഇനി മറ്റൊരു ആകര്‍ഷണംകൂടി അവിടെ നിങ്ങളെ മാടിവിളിക്കും. ചുട്ടുപഴുത്ത മരുഭൂമിയില്‍ തീപോലുള്ള വെയിലിനെ വകവയ്ക്കാതെ നിവര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനകള്‍! കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു വലിയ രഹസ്യം പിടികിട്ടും. ആദ്യം കണ്ട അത്ഭുതത്തിനു പിന്നില്‍ രണ്ടാമത്തെ അത്ഭുതമാണെന്ന്. അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.
മരുഭൂമിയിലെ കല്പവൃക്ഷമാണ് ഈന്തപ്പന. ഈത്തപ്പഴത്തിന്റെ ഔഷധമൂല്യം പുരാതനകാലം മുതലേ മനുഷ്യന്‍ മനസിലാക്കിയിരുന്നു. ഈന്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ വിവരമില്ലെങ്കിലും പേര്‍ഷ്യന്‍ രാജ്യങ്ങളിലെവിടെയെങ്കിലുമാവാനാണ് സാധ്യത. ലോകത്തേറ്റവും കൂടുതല്‍ ഈന്തപ്പനകളുള്ളത് അറേബ്യന്‍ രാജ്യങ്ങളിലാണ്. വരണ്ട മരുഭൂമിയിലേക്കായി പ്രകൃതി സമ്മാനിച്ച ഈ പച്ചക്കുടകളാണ് അറേബ്യന്‍രാജ്യങ്ങളുടെ കുളിരും സൌന്ദര്യവും. ജൂണ്‍മാസത്തില്‍ വിളഞ്ഞു പാകമാകുന്ന ഈത്തപ്പഴങ്ങള്‍ റംസാന്‍ വ്രതാനുഷ്ഠാനം നടത്തുന്നവര്‍ക്കായി കനിഞ്ഞരുളിയ വരദാനമായും കരുതാം. വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കൊന്നകള്‍ പൂക്കുംപോലെ, അല്ലെങ്കില്‍ ഓണക്കാലത്തിനു മുമ്പ് ഓണപ്പൂക്കളും തുമ്പയുമൊക്കെ വിരിയുംപോലെ റംസാന്‍കാലത്തേക്കായി പ്രകൃതി സമ്മാനിക്കുന്ന വിശിഷ്ട്യഭോജ്യമാണ് ഈത്തപ്പഴങ്ങളെന്നു വേണമെങ്കില്‍ പറയാം. ഈത്തപ്പഴത്തിന്റെ മധുരത്തിനപ്പുറം പോഷകക്കലവറകളെക്കുറിച്ച് ലോകം മനസിലാക്കിത്തുടങ്ങിയതോടെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ തുടങ്ങി. ഒരു സീസണില്‍ ഒരു പനയില്‍നിന്ന് നൂറു കിലോവരെ ഈത്തപ്പഴം കിട്ടും. അറേബ്യന്‍രാജ്യങ്ങളില്‍ മാത്രമല്ല, അമേരിക്കയിലെ കാലിഫോര്‍ണിയയിലും പാക്കിസ്ഥാന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, സ്പെയിന്‍, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈ മധുരക്കനികള്‍ വിളയാറുണ്ട്. for more read ! click here
No comments:
Post a Comment