മനസാണ് എല്ലാ പ്രയാസങ്ങളുടെയും കാരണമെന്നു പരയാറില്ലേ. മനസുണ്ടെങ്കിൽ എന്തും നടക്കുമെന്നും. അതെ, മനസ് പറയുന്നിടത്ത് നിൽക്കാൻ കഴിയാത്തതിനു പരിഹാരമാണ് യോഗ. മനസിന്റെയും ശരീരത്തിന്റെയും ഒന്നായ പ്രവർത്തനമാണ് അത്.
കൈഞൊട്ട വിടുമ്പോൾ വിരലുകൾക്ക് ആയാസം ലഭിക്കുന്നതുപോലെയാണ് യോഗയും. ഓരോ സന്ധികൾക്കും ആയാസം ലഭിക്കുമ്പോൾ ശരീരത്തിനാകെ ആ ഊർജം ലഭിക്കും. പക്ഷേ, വെറുതേ യോഗ ചെയ്തിട്ടു കാര്യമില്ല. ഓരോ യോഗാഭ്യാസം ചെയ്യുമ്പോഴും മനസ് ശരീരത്തിൽ ഫോക്കസ് ചെയ്യണം. ഫലം എന്താണെന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം. യോഗ ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. ആദ്യമായി യോഗ അഭ്യസിച്ചു തുടങ്ങുന്നവർക്ക് സംശയങ്ങൾ നിരവധിയാണ്. അവ പരിഹരിച്ചിട്ടാകാം പരിശീലനം തുടങ്ങുന്നത്.
1. ഏതു പ്രായം മുതൽ യോഗ അഭ്യസിച്ചു തുടങ്ങാം ?
പത്തുവയസ് മുതൽ കുട്ടികളെ യോഗ അഭ്യസിപ്പിച്ചു തുടങ്ങുന്നതാണ് നല്ലത്. ഈ പ്രായത്തിനു മുമ്പ് ഒരിടത്ത് തന്നെയിരുന്ന് യോഗ ചെയ്യാനുള്ള സന്നദ്ധത കുട്ടികൾക്ക് ഉണ്ടാകില്ല. യോഗയോടുള്ള താത്പര്യമുണ്ടാക്കിയെടുത്ത് അത് പരിശീലിപ്പിക്കണമെങ്കിൽ പത്തുവയസ് എങ്കിലും ആകണം. ചെറിയ കളികളിലൂടെയും മറ്റും കുട്ടികൾക്ക് യോഗയോടുള്ള താത്പര്യം വർധിപ്പിക്കാം. മൃഗങ്ങളുടെയും മറ്റും പേരുകൾ ചേർത്തുള്ള യോഗ പോസുകളോട് കുട്ടിക്ക് താത്പര്യം കൂടും. മാർജാരാസനം (പൂച്ച), ശലഭാസനം (പൂമ്പാറ്റ), ഉഷ്ട്രാസനം (ഒട്ടകം) എന്നിവ ഉദാഹരണം.
ഹൈപ്പർ ആക്ടീവ് കുട്ടികൾക്ക് ശാന്തസ്വഭാവം വരുത്താൻ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുള്ള കുട്ടിയെ കൊണ്ട് എല്ലാ ദിവസവും പ്രാണായാമം ചെയ്യിച്ചാൽ ഉത്സാഹവും സന്തോഷവും കൂടും. പെൺകുട്ടികൾക്കും പത്തുവയസ് മുതൽ തന്നെ യോഗ ചെയ്തുതുടങ്ങാം.
2. എല്ലാ യോഗാ മുറകളും എല്ലാവർക്കും ചെയ്യാൻ സാധിക്കുമോ ?
ഇല്ല. ശരീരത്തിന്റെ വഴക്കവും ഫിറ്റ്നെസും അനുസരിച്ചേ യോഗാമുറകൾ ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗാ മുറകളാണ് ചെയ്യാവുന്നത്. യോഗാഭ്യാസം ആവർത്തിക്കുമ്പോൾ അതിന്റെ പ്രോഗ്രസ് കൂടി വിലയിരുത്തണം. അങ്ങനെയേ പെർഫെക്‌ഷനിലേക്ക് എത്താൻ സാധിക്കൂ. ശരിയായ വാംഅപ് ഇല്ലാതെ യോഗാസനങ്ങൾ ചെയ്യുമ്പോഴാണ് കൊളുത്തിപ്പിടിക്കുന്നത്. യോഗാസനങ്ങൾ ചെയ്യുന്നതിനു മുമ്പ് വാമിങ് അപ് എക്സർസൈസുകൾ നിർബന്ധമായും ചെയ്യണം.
3. ഏത് സമയത്ത് യോഗ ചെയ്യുന്നതാണ് ഏറ്റവും നല്ലത് ?
രാവിലെയോ വൈകിട്ടോ യോഗ ചെയ്യാം. പക്ഷേ, പുലർച്ചെ മലമൂത്ര വിസർജനത്തിനു ശേഷം വെറുവയറ്റിൽ യോഗ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ആഹാരത്തിനു ശേഷം ഉടനേ യോഗ ചെയ്യാൻ പാടില്ല. പ്രധാന ആഹാരത്തിനു ശേഷം മൂന്നര മണിക്കൂർ കഴിഞ്ഞും ലഘുഭക്ഷണത്തിനു ശേഷം ഒരുമണിക്കൂർ കഴിഞ്ഞും യോഗ ചെയ്യാം.
4. ആർത്തവ സമയത്ത് സ്ത്രീകൾക്ക് യോഗ ചെയ്യുന്നതിൽ തടസമുണ്ടോ ?
ആർത്തവസമയത്ത് യോഗ ചെയ്യാൻ പാടില്ല എന്ന് നിഷ്കർഷിക്കുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയില്ല. അതികഠിനമായ യോഗാ മുറകൾ ഒഴിവാക്കി ആർത്തവസമയത്തും യോഗ ചെയ്യാം. ആദ്യമായി യോഗ ചെയ്തു തുടങ്ങുമ്പോൾ ആർത്തവകാലത്ത് ചില പ്രശ്നങ്ങളുണ്ടായേക്കാം എങ്കിലും പതിവായി യോഗ ചെയ്യുന്നതോടെ ആർത്തവ ബുദ്ധിമുട്ടുകളെല്ലാം മാറും.
5 . ഗർഭിണികൾക്ക് യോഗ ചെയ്യാമോ ?
ഗർഭിണികൾക്കും യോഗ ചെയ്യാം. സ്ട്രച്ചിങ് വരുന്ന തരം യോഗാമുറകളാണ് ഗർഭിണികൾ ചെയ്യേണ്ടത്. പക്ഷേ ഗർഭകാലത്തിന്റെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട യോഗാ മുറകൾ ഏതൊക്കെയെന്ന് ഗുരുവിനോട് ചോദിച്ച് മനസിലാക്കി വേണം ചെയ്യാൻ. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരമേ യോഗ ചെയ്യാവൂ. സുഖപ്രസവത്തിന് സഹായിക്കുന്ന യോഗ മുറകളുണ്ട്. അവയെ കുറിച്ചും ട്രെയിനറോട് ചോദിച്ച് മനസിലാക്കാം. പ്രസവശേഷമുള്ള ചാടിയ വയർ, അമിതവണ്ണം, ഇടുപ്പിലെ കൊഴുപ്പ് എന്നിവയെല്ലാം യോഗാസനങ്ങളിലൂടെ ഒഴിവാക്കാം. ഇതിലൂടെ ആകാരഭംഗി വീണ്ടെടുക്കാനും ശരീരം ടോൺ ചെയ്ത് ഭംഗിയാക്കാനും സാധിക്കും.
6. മാനസിക പിരിമുറുക്കങ്ങൾക്ക് യോഗ പരിഹാരമാകുന്നത് എങ്ങനെ ?
ശ്വാസത്തിന്റെ താളത്തിനൊത്താണ് യോഗ ചെയ്യുന്നത്. ഇത് ഓക്സിജന്റെ ചംക്രമണത്തെ ഉത്തേജിപ്പിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ഉത്സാഹവും ഊർജവും കൂടുന്നതിനും ഇത് നല്ലതാണ്. ശരീരത്തിലെ പ്രാണനെ നിയന്ത്രിക്കുന്ന ക്രിയകളാണ് പ്രാണായാമം. യോഗാസനങ്ങളോടൊപ്പം പ്രാണായാമവും പതിവാക്കിയാൽ മാനസിക സംഘർഷങ്ങൾ അകലും. ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ളവർക്കും ഡിപ്രഷൻ താങ്ങാനാവാത്തവർക്കും യോഗ ഒരു വഴിയാണ്.
7. യോഗ പതിവായി ചെയ്താൽ പ്രതിരോധ ശക്തി വർധിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ ?
ശരിയാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലേക്ക് ഊർജത്തിന്റെ പ്രവാഹം സുഗമമാകാതെ വരുമ്പോഴാണ് അസുഖമുണ്ടാകുന്നത് എന്ന് യോഗാശാസ്ത്രം പറയുന്നു. പക്ഷേ, യോഗയിലൂടെ മാത്രം രോഗം മാറ്റാമെന്ന ധാരണ ശരിയല്ല. ശ്വസനക്രിയയും പ്രാണായാമവും ഉൾപ്പെടെ യോഗ പതിവാക്കിയാൽ ഊർജപ്രവാഹം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുണ്ടാകും. ഇത് പ്രതിരോധശക്തി കൂട്ടും.
8. യോഗ പതിവായി ചെയ്യുന്നവർ ആഹാരകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് ?
മിതഭക്ഷണമാണ് ഉചിതം. അധികം കൊഴുപ്പുള്ളതും മധുരമുള്ളതും ഒഴിവാക്കണം. വറുത്തവയും പൊരിച്ചവയും കുറയ്ക്കണം. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലം നല്ലതല്ല. വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക. പതിവായി യോഗ ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇലക്കറികളും മോരും തൈരും നെയ്യും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം. ഒരു മണിക്കൂർ ഇന്റൻസീവായ യോഗാസനങ്ങൾ ചെയ്താൽ അധിക കാലറി ശരീരത്തിൽ നിന്ന് എരിച്ചുകളയാൻ സാധിക്കും എന്നുകരുതി അമിതഭക്ഷണം, അമിതവ്യായാമം എന്ന രീതി ശീലിക്കുന്നതും നല്ലതല്ല.
9. മെഡിസിനൽ യോഗ, യോഗ തെറാപ്പി എന്നിവ എന്താണ് ?
യോഗയിലൂടെ രോഗചികിത്സ നടത്തുന്നതിനാണ് യോഗ തെറാപ്പി എന്നു പറയുന്നത്. യോഗയെ മരുന്നായി കാണുന്നതാണ് മെഡിസിനൽ യോഗ. പക്ഷേ, പാരമ്പര്യമായി പറഞ്ഞാൽ യോഗ ഒരു ചികിത്സാരീതിയല്ല. അസുഖം ഉണ്ടാകാതെ ആരോഗ്യവാനായി ഇരിക്കാൻ യോഗ സഹായിക്കും. പക്ഷേ, രോഗം വന്ന ശേഷം യോഗയിലൂടെ അത് മാറ്റാം എന്നു വിചാരിക്കുന്നത് തെറ്റിദ്ധാരണയാണ്. എന്നാൽ ഓരോ ശരീരഭാഗത്തിന്റെയും ആരോഗ്യം വർധിപ്പിക്കാനും രോഗസാധ്യത കുറയ്ക്കാനുമുള്ള യോഗാസനങ്ങളുണ്ട്.
10. യോഗയും മതവിശ്വാസവുമായി ബന്ധമുണ്ടോ ?
അതൊരു തെറ്റിദ്ധാരണയാണ്. യോഗ മതത്തിന് അതീതമായ ആത്മീയശാസ്ത്രമാണ്. പ്രത്യേക മതവുമായോ വിശ്വാസവുമായോ ഇതിനു ബന്ധമില്ല. ഈശ്വരനിലേക്ക് അടുക്കുക, ഒന്നാകുക എന്നതാണ് യോഗ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്.
യോഗ ചെയ്യും മുമ്പ്
∙ ശുദ്ധവായു സഞ്ചാരമുള്ള സ്ഥലത്തു വേണം യോഗ പരിശീലിക്കാൻ. മുറിയിലാണെങ്കിൽ ജനലുകൾ തുറന്നിടണം.
∙ വെറും നിലത്തിരുന്ന് യോഗ ചെയ്യരുത്. പായോ ബെഡ്ഷീറ്റോ യോഗാ മാറ്റോ വിരിച്ച് അതിലിരുന്ന് വേണം ചെയ്യാൻ.
∙ ശ്വാസകോശങ്ങളുടെ വികാസത്തിനും രക്തസഞ്ചാരത്തിനും തടസമുണ്ടാക്കാത്ത അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
∙ ലഘുവായ ആസനങ്ങളിൽ തുടങ്ങി ശരീരത്തിന് അയവും വഴക്കവും വരുമ്പോൾ കഠിനമായ ആസനങ്ങളിലേക്ക് പോകുന്നതാണ് നല്ലത്.
∙ ഓരോ യോഗാസനവും ശരീരത്തിന്റെ ഇരുഭാഗത്തിനും (ക്ലോക്ക് വൈസ്– ആന്റി ക്ലോക്ക് വൈസ്, ഇടതു– വലത്) മൂന്നുതവണയെങ്കിലും ആവർത്തിക്കണം. ഓരോ യോഗാസനവും പൂർണമായാൽ ആ പോസിൽ പത്തു സെക്കൻഡെങ്കിലും നിൽക്കാൻ ശ്രമിക്കുക.
∙ ഓരോ യോഗാഭ്യാസത്തിനും തുടർച്ചയായി വിപരീത ദിശയിലേക്കുള്ള ഒരു യോഗാഭ്യാസം ചെയ്യണം.
∙ യോഗാസനങ്ങളിൽ ശ്വസനവും പ്രധാനമാണ്. പിന്നിലേക്കുള്ള പോസുകൾക്ക് ശ്വാസം അകത്തേക്കെടുക്കുകയും മുന്നിലേക്കുള്ള പോസുകൾക്ക് ശ്വാസം പുറത്തേക്ക് വിടുകയുമാണ് ചെയ്യേണ്ടത്.
വിവരങ്ങൾക്ക് കടപ്പാട്- ജയപ്രകാശ് പി.എസ് (പി.ജി. ഡിപ്ലോമ ഇൻ യോഗ) (യോഗാധ്യാപകർക്ക് പരിശീലനം നൽകുന്ന ഇദ്ദേഹം 20 വർഷമായി യോഗ പരിശീലിപ്പിക്കുന്നു)
No comments:
Post a Comment