ദോഹ പലപ്പോഴും ആളുകള്‍ മനസുകൊണ്ടെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഹൃദയാഘാതത്തെ ഒന്നു മുന്‍കൂട്ടി അറിയാന്‍ സാധിച്ചിരുന്നെങ്കിലെന്ന്. എന്നാല്‍ നമ്മുടെ ചിന്തകള്‍ക്കും ആശങ്കകള്‍ക്കും ഒരു മലയാളി അറുതി വരുതിയിരിക്കുന്നു. ഹൃദയാഘാതത്തെ മുന്‍കൂട്ടി അറിയാനുള്ള ഉപകരണം ലോക പേറ്റന്റിന് സമര്‍പ്പിച്ചു. കാസര്‍കോട് സ്വദേശിയായ യുവ ശാസ്ത്രജ്ഞന്‍ ഡോ. മുഹമ്മദ് ശാകിര്‍ വികസിപ്പിച്ച ആക്ടീവ് സെന്‍സ് എന്നു പേരിട്ട സാങ്കേതികവിദ്യക്ക് ഇതിനകം മലേഷ്യന്‍ പേറ്റന്റ് ലഭിച്ചു.
ഇ സി ജി, ഇ ഇ ജി സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഫസ്സി ലോജിക് ഉപയോഗിച്ചാണ് ശരീരത്തില്‍ ഘടിപ്പിക്കുന്ന ഡിവൈസ് അറ്റാക്കിനുള്ള സാധ്യത കണ്ടെത്തുക. ഹൃദയ മിടിപ്പില്‍ വരുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും നേരത്തേ അറിയുകയും ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച സ്മാര്‍ട്ട് ഫോണില്‍ സന്ദേശമായും വൈബ്രേഷനായും അറിയിക്കുകയും ചെയ്യും.
2016 അവസാനത്തോടെ ഈ ഉപകരണം ഇന്ത്യന്‍ വിപണിയില്‍ എത്തും. ഏകദേശം 9,000 രൂപയാണ് ഇതിന്റെ വില.ആദ്യം അറ്റാക്ക് കണ്ടെത്താന്‍ കഴിയുന്ന ആല്‍ഗരിതം കണ്ടുപിടിച്ചു പരീക്ഷിച്ചു. ഫലപ്രദമായതിനെത്തുടര്‍ന്ന് ഉപകരണമായി വികസിപ്പിച്ചു. ഗവേഷണവുമായി ബന്ധപ്പെട്ട് മലേഷ്യയില്‍ 17 പ്രബന്ധങ്ങളും ലോകവ്യാപകമായി 27 പ്രബന്ധങ്ങളും അവതരിപ്പിച്ചു.റിപ്പോര്‍ട്ട് നേരേ ഹോസ്പിറ്റലുകളിലേക്ക് കൈമാറി അവിടെ നിന്നും രോഗസാധ്യതയുള്ളവര്‍ക്ക് നല്‍കി മുന്‍കരുതല്‍ സ്വീകരിക്കാവുന്ന സൗകര്യവുമുണ്ട്. മനുഷ്യശരീരത്തില്‍ അറ്റാക്ക് സിഗ്‌നലുകള്‍ നേരത്തേ പ്രകടമാകുമെന്നും ഇതു കണ്ടെത്താനുള്ള സംവിധാനമാണ് വികസിപ്പിച്ചതെന്നും ഡോ. ശാകിര്‍ പറഞ്ഞു. മൂന്ന് ഇഞ്ച് നീളവും ഒന്നര ഇഞ്ച് വീതിയുമുള്ള ഉപകരണം നെഞ്ചിലോ കൈത്തണ്ടയിലോ പുറത്തേക്ക് അറിയാത്ത രീതിയില്‍ ഘടിപ്പിക്കാം.
നാലുവര്‍ഷത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ പത്ത് ദിവസം വരെ അത് പ്രവര്‍ത്തിക്കും. കാമല്‍ ജോക്കികള്‍ക്കു പകരമായി ഉപയോഗിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ച് ലോക ശ്രദ്ധനേടിയ ഡോ. ശാകിര്‍ വ്യത്യസ്തമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഖത്വര്‍ ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഡോ. ശാകിര്‍ വികസിപ്പിച്ച റോബോട്ടിക് കാമല്‍ജോക്കികളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങളില്‍ ഒട്ടകങ്ങളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
No comments:
Post a Comment