പ്രമേഹരോഗികൾക്ക് കഴിക്കാമോ?
പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള ഈ പഴത്തിന് ഷമാം എന്നാണ് വടക്കൻ കേരളത്തില് പേര്. മസ്ക് മെലൺ (Musk Melon) എന്നും കാന്റ് ലോപ് എന്നും ഇംഗ്ലീഷിൽ പേരുള്ള ഇതിനെ മലയാളത്തിൽ തയ്ക്കുമ്പളം എന്നു വിളിക്കും.
ഇളം ഓറഞ്ചു നിറത്തിലുള്ള ഈ പഴത്തിന് പപ്പായയുടെ രുചിയുമായി സാമ്യമുണ്ട്. അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും ഈ വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്.
തയ്ക്കുമ്പളത്തിന്റെ ശാസ്ത്രീയ നാമം cucumis melo എന്നാണ് Cucurbitacea കുടുംബത്തിൽപ്പെട്ട ഫലമാണിത്. മത്തങ്ങ, വെള്ളരിക്ക, പടവലങ്ങ മുതലായ പച്ചക്കറികളും ഈ കുടുംബത്തിൽപ്പെട്ടതുതന്നെ. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ ഇവയാൽ സമ്പന്നം. ഷമാം എന്ന തയ്ക്കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാം.
∙ രോഗപ്രതിരോധ ശക്തിക്ക്
ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകുന്നു. ശക്തമായ ആന്റിഓക്സിഡന്റായ ജീവകം സി ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. പതിവായി ഷമാം കഴിച്ചാൽ അകാലവാർധക്യവും തടയാം.
∙ ഹൃദയത്തിന്
ഷമാമിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നു. അങ്ങനെ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്താതിമർദം തടയാനും പൊട്ടാസ്യം ഫലപ്രദമാണ്. അഡിനോസിൻ എന്ന സംയുക്തം രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കും. ജീവകം സി അതിറോസ്ക്ലീറോസിസ് തടയുന്നു.
∙ അർബുദം തടയുന്നു
ഷമാമിലെ ജീവകം സിയും ബീറ്റാ കരോട്ടിനും ഫ്രീറാഡിക്കലുകളോട് പൊരുതുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ശരീരകോശങ്ങളെ ആക്രമിച്ച് അര്ബുദ വളർച്ചയ്ക്ക് കാരണമാകുന്നത്. ഈ മെലൺ പതിവാക്കിയാൽ അർബുദവും തടയാം.
∙ സ്ട്രെസ് അകറ്റുന്നു
ഷമാമിൽ പൊട്ടാസ്യം ധാരാളമുണ്ട്. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണത്തെ സഹായിക്കുകയും ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുകയും ചെയ്യും. നാഡികളെ റിലാക്സ് ചെയ്യിച്ച് സമ്മർദം അകറ്റുന്നു.
∙ കണ്ണിന്റെ ആരോഗ്യം
ഷമാമിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. ശരീരം ഇത് ജീവകം എ ആക്കിമാറ്റുകയും തിമിരം തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യും.
∙ പ്രമേഹരോഗികൾക്ക്
വൃക്കകൾ തകരാറിലാക്കുന്ന ഡയബറ്റിക് നെഫ്രോപ്പതി തടയാൻ ഈ പഴത്തിനു കഴിവുണ്ട്. ഷമാമിന്റെ സത്ത് ആയ ഓക്സികൈൻ ഈ അവസ്ഥ തടയുന്നു. കൂടാതെ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴമാണിത്. അതായത് ഇതിലടങ്ങിയ ഫ്രക്ട്രാസും ഗ്ലൂക്കോസും അപകടകാരിയല്ല. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും പൊണ്ണത്തടിയുള്ളവർക്കും ഈ പഴം കഴിക്കാം.
∙ ദഹനം സുഗമമാക്കുന്നു
ഭക്ഷ്യ നാരുകൾ ധാരാളം അടങ്ങിയ ഷമാം ദഹനത്തിനു സഹായിക്കുന്നു. വൻകുടലിലെ അർബുദ സാധ്യത കുറയ്ക്കുന്നു.
∙ സന്ധിവാതത്തിന്
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഈ മെലൺ എല്ലുകളിലെയും സന്ധികളിലെയും ഓക്സീകരണ സമ്മർദം തടഞ്ഞ് വീക്കം (Inflammation) കുറയ്ക്കുന്നു.
∙ ശരീരഭാരം കുറയ്ക്കുന്നു
കാലറി കുറവും നാരുകൾ ധാരാളവും ഉള്ളതിനാൽ ശരീരഭാരം കുറയാൻ സഹായകം. ദീർഘസമയത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുകയും അമിതമായ ഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു.
∙ ആർത്തവ പ്രശ്നങ്ങൾക്ക്
ഷമാമിൽ അടങ്ങിയ ജീവകം സി, ആർത്തവ വേദനയും ആർത്തവ പ്രശ്നങ്ങളും അകറ്റുന്നു.
∙ ഉറക്ക പ്രശ്നങ്ങൾ
ഉറക്കം സുഖകരമാകണോ? എങ്കിൽ ഷമാം കഴിച്ചാൽ മതി. ലാക്സെറ്റീവ് ഗുണങ്ങളുള്ള ഈ പഴം ഉത്കണ്ഠ അകറ്റുന്നു. നാഡികളെ ശമനമാക്കുന്നു. ഉറക്കമില്ലാതെ വിഷമിക്കുന്നവർ ഇന്നു തന്നെ ഈ മെലൺ ശീലമാക്കൂ.
∙ ചർമത്തിന്റെ ആരോഗ്യം
ജീവകം കെ, ഇ, ഇവ ധാരാളമുള്ള ഈ പഴം ചർമത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കുന്നു. ധാരാളം വെള്ളം ഉള്ളതിനാൽ ചർമത്തിന്റെ ജലാംശം നിലനിർത്തുന്നു. ബി വൈറ്റമിനുകളും കോളിൻ, ബെറ്റേയ്ൻ ഇവയും ചർമത്തെ പുതുമയുള്ളതാക്കുന്നു.
∙ തലമുടിക്ക്
ഷമാമിലടങ്ങിയ പോഷകങ്ങളും ധാതുക്കളും തലമുടിക്ക് ആരോഗ്യമേകുന്നു. ഇതിൽ അടങ്ങിയ ഇനോസിറ്റോൾ മുടിവളരാനും സഹായിക്കുന്നു. ഷമാമിലെ ജീവകം എ തലമുടിയെ ആരോഗ്യമുള്ളതാക്കുന്നു.
ഷമാം എന്ന മസ്ക്മെലൺ എന്ന കാന്റ്ലോപ് വെറുതെ മുറിച്ച് കഴിക്കാം. ജ്യൂസ് ആക്കി കുടിക്കാം. കുട്ടികൾക്ക് നൽകാൻ ഐസ് പോപ്സ് ആക്കാം. കാന്റലോപ് സ്മൂത്തി ഉണ്ടാക്കാം. സാലഡിലും ചേർക്കാം.
പോഷകങ്ങൾ
ഷമാമിന്റെ ആരോഗ്യ ഗുണങ്ങൾക്കെല്ലാം കാരണം അതിലടങ്ങിയ പോഷകങ്ങൾ ആണ്. ജീവകം എ, ബി, സി, ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവ ഇതിലുണ്ട്. കൊളസ്ട്രോൾ ഒട്ടും ഇല്ല എന്നു മാത്രമല്ല കൂടിയ അളവിൽ ബി കോംപ്ലക്സുകളായ B1 (തയാമിൻ), B3 (നിയാസിൻ) B5 (പാന്തോതെനിക് ആസിഡ്), B6 (പിരിഡോക്സിൻ) എന്നിവയും ഉണ്ട്.
100 ഗ്രാം ഷമാമിൻ34 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമായ അത്രയും ജീവകം എ യും ഇതിലുണ്ട്. ജീവകം സി യും ധാരാളം ഇതിലുണ്ട്. ഫോളേറ്റിന്റെ ഉറവിടമാണ് ഈ പഴം ഉത്കണ്ഠ, ഉറക്കമില്ലായ്മ ഹൃദയധമനികളുടെ കട്ടി കൂടൽ ഇതെല്ലാം തടയുന്ന ലിപ്പിഡ് ആയ myoiositol ഉം ഷമാമിൽ ഉണ്ട്.
രുചിയോടൊപ്പം ആരോഗ്യവും ഏകുന്ന മസ്ക്മെലൺ അഥവാ ഷമാം ഈ വേനൽക്കാലത്തു പതിവാക്കാൻ ഇനി മടിക്കേണ്ട.
[കടപ്പാട്]
No comments:
Post a Comment