123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, November 21, 2014

വിഷം തീണ്ടിയ പച്ചക്കറി

പി.കെ. ജയചന്ദ്രന്‍ 

നമ്മുടെ ജനത്തിന് ഇഷ്ടമാണ് ജൈവപച്ചക്കറി.പച്ചക്കറിക്കൃഷിയോടും വല്ലാത്തൊരിഷ്ടമാണ്.അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താനുംഅന്യദേശ പച്ചക്കറിയുടെ ദോഷങ്ങള്‍ പറഞ്ഞ്‌വിലപിക്കാനും ഇഷ്ടമാണ്. പക്ഷേ, കൃഷിചെയ്യില്ലെന്നുമാത്രം



ഓരോരുത്തരും ദിവസംതോറും 280 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതനുസരിച്ച് നമുക്ക് 25 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമാണ്. നാം ഉത്പാദിപ്പിക്കുന്നതോവെറും അഞ്ചുലക്ഷം ടണ്‍ മാത്രം. ബാക്കി മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. പ്രതിവര്‍ഷം 1000 കോടിയോളം രൂപയാണ്
പച്ചക്കറികള്‍ക്കുവേണ്ടി നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അപമാനകരമാണ്, ഈ പരാശ്രിതത്വം

ചന്തയിലും തെരുവോരത്തെ ഉന്തുവണ്ടിയിലുംനിന്ന് വാങ്ങുന്ന കീടനാശിനിവിഷം കലര്‍ന്ന പഴങ്ങള്‍ മക്കളെ കുത്തിത്തീറ്റിക്കുന്ന എത്രയോ അച്ഛനമ്മമാരുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. എവിടെയാണ് അവ ഉത്പാദിപ്പിക്കുന്നതെന്നോ എന്താണ് അവയില്‍ തളിക്കുന്ന വിഷവസ്തുവെന്നോ എന്തളവില്‍ അത് പ്രയോഗിക്കുന്നുവെന്നോ അവര്‍ക്കറിയില്ല. ഏറ്റവും ദയനീയം, അതറിയാനുള്ള താത്പര്യമില്ല എന്നതാണ്. എത്രയോ മാധ്യമങ്ങള്‍, ശാസ്ത്രജ്ഞര്‍, സര്‍വകലാശാലകള്‍ അതേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. സെമിനാറുകളും യോഗങ്ങളും ശില്പശാലകളും അതേക്കുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടും വലിയ മാറ്റമൊന്നും കാണുന്നില്ല. സര്‍ക്കാറും കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക കോളേജുകളും മറ്റ് സര്‍ക്കാര്‍സര്‍ക്കാറിതര ഏജന്‍സികളും പതിവ് ബോധവത്കരണത്തിനപ്പുറം സമൂഹത്തെ പഠിപ്പിക്കാന്‍ തന്ത്രങ്ങളൊന്നും ആവിഷ്‌കരിക്കുന്നുമില്ല.

ഇഷ്ടമാണ്, പക്ഷേ...
കുറച്ചുമുമ്പ് ഒരു സിനിമ വന്നിരുന്നു. മഞ്ജുവാര്യര്‍ നായികയായ 'ഹൗ ഓള്‍ഡ് ആര്‍ യു'. നിരുപമ രാജീവ് എന്ന മഞ്ജുവിന്റെ കഥാപാത്രം പച്ചക്കറിക്കൃഷി നടത്തി വിജയിക്കുന്നുണ്ട്. അതിന്റെ പ്രാധാന്യത്തെ സിനിമ ജനത്തിനുമുന്നില്‍ കാട്ടിക്കൊടുക്കുന്നുമുണ്ട്. പ്രേക്ഷകരാകട്ടെ, കഥാപാത്രത്തെ വിട്ട് മഞ്ജുവിനെത്തന്നെ ജൈവകൃഷിയുടെ വക്താവായിക്കാണാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ പേരില്‍, കേരളത്തിലെ കുടുംബശ്രീയുടെ ജൈവകൃഷി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു. നമ്മുടെ ജനത്തിന് ഇഷ്ടമാണ് ജൈവപച്ചക്കറി. പച്ചക്കറിക്കൃഷിയോടും വല്ലാത്തൊരിഷ്ടമാണ്. അതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്താനും അന്യദേശ പച്ചക്കറിയുടെ ദോഷങ്ങള്‍ പറഞ്ഞ് വിലപിക്കാനും ഇഷ്ടമാണ്. പക്ഷേ, കൃഷിചെയ്യില്ലെന്നുമാത്രം.

ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആരോടും ചോദിച്ചുനോക്കൂ, 'കൃഷി ഇഷ്ടമാണോ' എന്ന്. 
'കൃഷിയൊക്ക വലിയ ഇഷ്ടമാണ്. പക്ഷേ, സ്ഥലമില്ല, സമയവും. നട്ടിട്ടും ഫലമില്ല. മുഴുവന്‍ കീടങ്ങള്‍ കൊണ്ടുപോകും...' എന്നിങ്ങനെയൊക്കെയാകും മറുപടി. 

കേരളത്തിന്റെ മണ്ണും പ്രകൃതിയും കാലാവസ്ഥയുമൊക്കെ ഒട്ടേറെ പച്ചക്കറിവിളകള്‍ക്ക് അനുകൂലമാണ്. ഇത്രമാത്രം അനുഗ്രഹിക്കപ്പെട്ട കാര്‍ഷികാന്തരീക്ഷം മറ്റെവിടെയെങ്കിലുമുണ്ടോ എന്ന് ആശ്ചര്യപ്പെടണം. ഒരുപിടി ചീരവിത്ത് പറമ്പിലേക്ക് വെറുതേ എറിഞ്ഞുകൊടുത്താല്‍ മതി. അതവിടെക്കിടന്ന് വളരും. മഴയില്ലെങ്കില്‍ അടുക്കളയില്‍നിന്ന് പാഴായിപ്പോകുന്ന വെള്ളം വല്ലപ്പോഴും തളിച്ചുകൊടുത്താല്‍ മാത്രം മതി. പരിചരണം കുറവാണെങ്കില്‍ കുറേയൊക്കെ കീടങ്ങള്‍ ഭക്ഷിക്കും. എന്നാലും വീട്ടിലേക്ക് ആവശ്യമായ ചീര ഇഷ്ടംപോലെ കിട്ടും. ഇത്രയ്ക്ക് ആയാസമില്ലാത്തതാണെങ്കില്‍പ്പോലും അതുചെയ്യാതെ, ചന്തയില്‍ കിട്ടുന്ന വിഷംതളിച്ച ചീര വാങ്ങുകയും അതിലെ വിഷാംശത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആ ആശങ്ക നിലനിര്‍ത്തിക്കൊണ്ടുതന്നെ അത് ഭക്ഷിക്കുകയും ചെയ്യുന്ന ജനത ഇവിടെ മാത്രമേ കാണൂ. 

വീട്ടുവളപ്പില്‍ ആരോടും ചോദിക്കാതെ വളര്‍ന്നുവരുന്ന പപ്പായത്തൈ നിഷ്‌കരുണം പറിച്ചുകളഞ്ഞ് അവിടെ ആന്തൂറിയത്തിന്റെ ചട്ടി കൊണ്ടുവെക്കുന്നവരും ഇവിടെ മാത്രം. നമ്മുടെ വീട്ടുവളപ്പുകളില്‍ സമൃദ്ധമായുണ്ടായിരുന്ന നാടന്‍ പച്ചക്കറികള്‍ നിത്യവഴുതനയും ചതുരപ്പയറും കോവലും കറിവേപ്പിലയും തഴുതാമയും തകരയും കൊഴുപ്പച്ചീരയും സാമ്പാര്‍ച്ചീരയും അടതാപ്പും കാച്ചിലും ചെറുകിഴങ്ങും തക്കാളിവഴുതനയും വാളമരയും... അങ്ങനെ അസംഖ്യം എണ്ണം വീടും നാടുമൊഴിഞ്ഞ് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പലതും പുതിയ തലമുറ കണ്ടിട്ടുപോലുമില്ല. 

ഞങ്ങള്‍ക്ക് ഇതുമതി
കൃഷിശാസ്ത്രജ്ഞരും കര്‍ഷകരും തമ്മില്‍ ഇന്നും വലിയ കൂട്ടൊന്നുമില്ല. പച്ചക്കറിക്കൃഷിയെ സംരക്ഷിക്കാന്‍, കൂടുതല്‍ ഫലവത്താക്കാന്‍ എവിടെയോ പഠനങ്ങളും ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, അതിന്റെ ഫലങ്ങള്‍ പൂര്‍ണതോതില്‍ കൃഷിയിടങ്ങളിലെത്തുന്നുണ്ടോ എന്ന് സംശയം. 

ഒന്ന് മനസ്സുവെച്ചാല്‍ ആവശ്യമുള്ള ജൈവപച്ചക്കറികള്‍ ഏറ്റവും പരിമിതമായ സ്ഥലത്തുനിന്നുപോലും ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന് കേരളത്തില്‍ മാതൃകകള്‍ അനവധിയാണ്. എത്രയോ വീടുകളില്‍ ടെറസിലെ പച്ചക്കറിക്കൃഷി വിജയകരമായി നടക്കുന്നു. വലിയ നഗരങ്ങളിലെ ചെറിയ വീടുകളില്‍പ്പോലും ഇത് സാധ്യമാകുന്നു. മറ്റ് ജോലികള്‍ക്കൊന്നും തടസ്സമുണ്ടാകാതെ കൃഷിചെയ്യാന്‍ കഴിയുമെന്നതിനും ഉദാഹരണങ്ങളേറെ. പക്ഷേ, ഒരുപാട് പ്രചാരണങ്ങള്‍ ഉണ്ടായിട്ടും പച്ചക്കറിക്കൃഷിയിലെ വിജയകഥകള്‍ അറിഞ്ഞിട്ടും ഭൂരിപക്ഷവും മാറിനില്‍ക്കുകയാണ്, 'ഞങ്ങള്‍ക്ക് വിഷം തീണ്ടിയ പച്ചക്കറി മതി' എന്നമട്ടില്‍. 

ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ ഭക്ഷ്യസുരക്ഷ കേരളത്തിന്റെ ഏറ്റവും വലിയ തലവേദനയാകാന്‍ അധികകാലമൊന്നും വേണ്ട. ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. ആശങ്കപ്പെടുംവിധം ആ കുറവിന്റെ വലിപ്പം കൂടുകയുമാണ്. കുതിച്ചുയരുന്ന വിലയും ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നു. രാജ്യത്ത് ഏറ്റവും ഭക്ഷ്യസുരക്ഷയില്ലാത്ത സംസ്ഥാനമാണിന്ന് നമ്മുടേത്. ഉത്പാദനവും ഉപയോഗവും തമ്മിലുള്ള അന്തരം വളരെ വലുത്. അതും ഏറിവരുന്നു. 

പഴവും പച്ചക്കറിയും സമൃദ്ധമായി ഉണ്ടാക്കിയിരുന്ന നാടായിരുന്നു, നമ്മുടേത്. പാടവും പറമ്പും വലിയ കൃഷിയിടങ്ങളാക്കിയ കര്‍ഷകര്‍ കച്ചവടത്തിനുവേണ്ടി വലിയതോതില്‍ ഇവ ഉത്പാദിപ്പിച്ചിരുന്നു. അതുകൂടാതെ മിക്കവാറും വീട്ടുകാര്‍ ദൈനംദിനം ആവശ്യമുള്ളവ വീട്ടുവളപ്പില്‍ത്തന്നെ നട്ടുവളര്‍ത്തുകയും ചെയ്തിരുന്നു. രണ്ടും വല്ലാതെ കുറഞ്ഞു. ഇനി, പഴയ സമൃദ്ധിയിലേക്ക് എത്തുമെന്നതിന്റെ സൂചനകളൊന്നും കാണാനുമില്ല.

അവര്‍ക്കറിയാം, നമ്മുടെ തൊടികള്‍ ശൂന്യമായെന്ന് 
ഒരുപാട് സാംസ്‌കാരികമുദ്രകളുണ്ട് കേരളത്തിന്. മിക്കതിന്റെയും അടിസ്ഥാനം കാര്‍ഷികസമൃദ്ധിയായിരുന്നു, അതിന്റെ ഉപോത്പന്നങ്ങളായിരുന്നു. ഒന്ന് പറമ്പിലേക്കിറങ്ങിയാല്‍ അന്നത്തെ ആഹാരത്തിനുള്ള വക റെഡി. സ്വന്തം പറമ്പിലെ വിളകള്‍കൊണ്ട് സദ്യതന്നെ ഒരുക്കാമായിരുന്നു. വളരെപ്പെട്ടെന്നാണ് ഈ കാര്‍ഷിക, ഭക്ഷ്യസംസ്‌കാരത്തിന് മാറ്റംവന്നത്. നമുക്ക് വേണ്ടത് നാംതന്നെ ഉണ്ടാക്കിയിരുന്ന ശീലം അപ്രത്യക്ഷമായി. മറുനാടുകളില്‍നിന്ന് പച്ചക്കറികയറ്റിയ ലോറികള്‍ നിരനിരയായി കേരളത്തിലെത്തി. എന്തെങ്കിലും കാര്യത്തിന് കേരളത്തോട് പ്രതിഷേധിക്കണമെങ്കില്‍ ഈ ലോറിവരവ് നിര്‍ത്തിവെച്ചാല്‍ മതിയെന്നായി, മറ്റ് സംസ്ഥാനങ്ങള്‍ക്ക്. അവര്‍ക്ക് നന്നായറിയാം, നമ്മള്‍ നമ്മുടെ തൊടികളെ ശൂന്യമാക്കിയിരിക്കുന്നുവെന്ന്. 

ദഹനത്തിനും ശരീരവളര്‍ച്ചയ്ക്കും ആവശ്യമായ നാരുകളും ധാതുലവണങ്ങളും ജീവകങ്ങളും അടങ്ങിയതാണ് പച്ചക്കറികള്‍. ഓരോരുത്തരും ദിവസംതോറും 280 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതനുസരിച്ച് നമുക്ക് 25 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമാണ്. നാം ഉത്പാദിപ്പിക്കുന്നതോ വെറും അഞ്ചുലക്ഷം ടണ്‍ മാത്രം. ബാക്കി മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. പ്രതിവര്‍ഷം 1000 കോടിയോളം രൂപയാണ് പച്ചക്കറികള്‍ക്കുവേണ്ടി നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അപമാനകരമാണ്, ഈ പരാശ്രിതത്വം. 

കൃഷിവകുപ്പ് അടുത്തിടെ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. പച്ചക്കറി നടാനുള്ള ഗ്രോബാഗ് തയ്യാറാക്കി ആവശ്യക്കാര്‍ക്ക് കൊടുക്കുന്ന പദ്ധതി. മണ്ണും വളവും നിറച്ച് പച്ചക്കറിത്തൈ നട്ടുപിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്‍കിയിരുന്നത്. തുച്ഛമായ പണം മുടക്കി ഇത് വാങ്ങി വീട്ടില്‍വെച്ചാല്‍ മാത്രംമതി. ആവശ്യത്തിന് വെള്ളമൊഴിച്ചുകൊടുക്കണം. പരിപാലനത്തിന് ഉദ്യോഗസ്ഥരുടെ സൗജന്യ ഉപദേശവും. ആവേശത്തോടെ ബാഗ് വാങ്ങി വീട്ടില്‍ കൃഷിതുടങ്ങിയവര്‍ ഏറെ. പക്ഷേ, ഭൂരിപക്ഷം ഇടങ്ങളിലും പിന്നീടൊന്നും നടന്നില്ല. തൈകള്‍ ബാഗില്‍നിന്ന് മുരടിച്ചു. ചിലത് അകാലത്തില്‍ കായ്ച്ച് വികൃതമായ കായ്കളുമായി അകാലചരമം പ്രാപിച്ചു. 'ഇതൊന്നും നടക്കില്ല' എന്നമട്ടില്‍ വീട്ടുകാര്‍ ആത്മഗതം നടത്തി അതിനെ വിസ്മരിച്ചു. വീടുകളുടെ പിന്നാമ്പുറങ്ങളില്‍ അനാഥമായി ഗ്രോബാഗുകള്‍. ഇതിനപ്പുറം എന്താ ചെയ്യുകയെന്ന് നിരാശയോടെ ചോദിക്കുന്നു, കൃഷിവകുപ്പുകാര്‍. 

പ്രധാനമായും 12 ഇനം പച്ചക്കറികളാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. അതിന്റെ അവാന്തരവിഭാഗങ്ങള്‍ വേറെ. മുപ്പത്തയ്യായിരത്തില്‍പ്പരം പച്ചക്കറിക്കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നാണ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്ക്. ഈ കര്‍ഷകര്‍ക്ക് കൃഷിയോഗ്യമായ 48,153 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും കൃഷിക്കായി ഉപയോഗിക്കുന്നത് 17,472 ഏക്കറാണ്. കൈവശമുള്ള, ഉപയോഗയോഗ്യമായ ഭൂമിയുടെ 36.28 ശതമാനം മാത്രമേ അവര്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് സാരം. ഇതില്‍നിന്നുള്ള അവരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം സെന്റിന് 279 രൂപയും. പച്ചക്കറിയും പഴവും കേരളീയരുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്തവയാണ്. അതുകൊണ്ടുതന്നെ അവയുടെ ഉത്പാദനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കേണ്ടതും കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ടതും കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവുമാണ്.

കഴിക്കാം കീടനാശിനി
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പ്രൊഫെനോഫോസ് എന്ന കീടനാശിനി, യൂറോപ്യന്‍ യൂണിയന്‍
നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയേക്കാള്‍ 125 ഇരട്ടി വരെ കണ്ടെത്തിയപ്പോള്‍ മറ്റൊരു കീടനാശിനിയായ എത്തയോണ്‍ 200 ഇരട്ടിവരെയായിരുന്നു കണ്ടത്. സാന്ദ്രതയിലും അളവിലും വിഷാംശം ഏറ്റവും കൂടുതല്‍ കണ്ടത് പച്ചമുളക്, സാമ്പാര്‍ മുളക്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയിലാണ്.

രാവിലെ രണ്ട് സൈപ്പര്‍മെത്രിനും ചായയും. ഉച്ചയ്ക്ക് ചോറിന് ക്ലോര്‍പൈറിഫോസും െപ്രാഫെനോഫോസും കപ്പയും. വൈകുന്നേരം ചപ്പാത്തിയും ട്രയാസോഫോസും ക്യുനാല്‍ഫോസും സത്യത്തില്‍ നമ്മുടെ മെനു ഇങ്ങനെയാണിപ്പോള്‍. ഭക്ഷണത്തില്‍ നിറയെ കീടനാശിനികള്‍. നിരോധിച്ചവ ഉള്‍പ്പെടെ. വല്ലപ്പോഴുമല്ല, എന്നും ഇതാണ് മെനു. കണ്‍മുന്നില്‍ വിളഞ്ഞ വിഭവങ്ങള്‍കൊണ്ട് മൃഷ്ടാന്നം കഴിച്ചിരുന്ന നമ്മളാണ് കൂടുതല്‍ ബുദ്ധിശാലികളും വിദ്യാസമ്പന്നരുമായപ്പോള്‍ ഈ ദുര്യോഗത്തില്‍ പെട്ടുപോയത്. 
തമിഴ്‌നാട് ഒട്ടംചത്രത്തിലെ കറിവേപ്പിലപ്പാടത്ത് മരുന്നടിച്ചുകൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളിയുമായി കേരളത്തില്‍ നിന്നെത്തിയ ദൃശ്യമാധ്യമപ്രവര്‍ത്തക സംസാരിക്കുന്നത് കുറച്ചുനാള്‍ മുമ്പ് ഒരു ചാനലില്‍ കണ്ടു. വായും മൂക്കുമൊന്നും മറയ്ക്കാതെയാണയാള്‍ മരുന്നടിച്ചുകൊണ്ടിരുന്നത്. മാരകവിഷധൂളികള്‍ കാറ്റത്ത് പറന്നുവീഴുന്നത് വ്യക്തമായും കാണാമായിരുന്നു. ''ഈ വിഷം നിങ്ങളെ ബാധിക്കില്ലേ'' എന്ന ചോദ്യത്തിന് ''ഇത് മനുഷ്യരെ ബാധിക്കുകയേയില്ല, കീടങ്ങളെ മാത്രമേ ബാധിക്കൂ'' എന്ന നിഷ്‌കളങ്കമായ ഉത്തരമായിരുന്നു അയാളുടേത്. തൊഴിലാളികള്‍ക്ക് മാത്രമല്ല, പച്ചക്കറിക്കൃഷിയുമായും കച്ചവടവുമായും ബന്ധമുള്ള പലരുടെയും ധാരണ അതാണ്. ദോഷങ്ങളെക്കുറിച്ച് അറിയാവുന്ന ചിലരാകട്ടെ അത് മറച്ചുവെക്കും, അസത്യം പറഞ്ഞുകൊണ്ടേയിരിക്കും. 

കീടങ്ങളെ വിളയില്‍നിന്ന് അകറ്റിനിര്‍ത്താന്‍, അങ്ങനെ വിളവ് വര്‍ധിപ്പിക്കാന്‍ കര്‍ഷകരെയും കച്ചവടക്കാരെയും ഒരുപാട് സഹായിക്കുന്നുണ്ട് കീടനാശിനികള്‍. ഉത്പാദനക്ഷമത കൂട്ടാനും സ്വയംപര്യാപ്തത കൈവരിക്കാനുമൊക്കെ കീടനാശിനി ഉപയോഗിക്കാന്‍ ആധുനിക കൃഷിശാസ്ത്രം ആവശ്യപ്പെടുന്നുമുണ്ട്. 

ഉപയോഗത്തിന് ക്രമവും നിബന്ധനയും നിര്‍ദേശിച്ചിട്ടുമുണ്ട്. പക്ഷേ, ഉപയോഗം അവയിലൊന്നും ഒതുങ്ങുന്നില്ലെന്നുമാത്രം. രണ്ടായിരം ടണ്‍ പച്ചക്കറിയാണ് ഒരോ ദിവസവും തമിഴ്‌നാട്ടിലും കര്‍ണാടകയിലും നിന്നായി ഇവിടേക്ക് കൊണ്ടുവരുന്നത്, നിറയെ വിഷവുമായി. 

നമുക്ക് 'ഫ്രഷ്' പച്ചക്കറി മതി
പച്ചക്കറി വിട്ട്, മത്സ്യമാംസാദികള്‍ കൂടുതലായി കഴിക്കുന്ന സമ്പ്രദായം കേരളത്തില്‍ കുറച്ചുനാള്‍ മുമ്പാണെത്തിയത്. ചിക്കനും മട്ടനും ബീഫും താറാവും പോര്‍ക്കുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വാരിവിഴുങ്ങാന്‍ തുടങ്ങി, മലയാളി. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പേരിലും രൂപത്തിലും ഇറച്ചിവിഭവങ്ങള്‍ കടകളില്‍ നിരന്നു. കുടുംബങ്ങള്‍ അങ്ങോട്ടേക്ക് പാഞ്ഞു. കൗമാരക്കാരില്‍ പലരും അത്തരം ആഹാരങ്ങളുടെ അടിമകളായി. കൊളസ്‌ട്രോളും പ്രഷറും മറ്റുമായി രോഗികളുടെ വരവ് കൂടിയപ്പോള്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പറഞ്ഞു ''ഇതല്ല കഴിക്കേണ്ടത്. പച്ചക്കറിയും പഴങ്ങളും ധാരാളം കഴിക്കണം.'' ഇന്നും അവര്‍ക്ക് പറയാനുള്ളത് അതാണ്. സംഗതി ന്യായമാണുതാനും. ഏറ്റവും നന്നായി ജിവിക്കാന്‍, പച്ചക്കറിയും പഴവും തന്നെ ഉത്തമം. പക്ഷേ, അതിന് നല്ല പച്ചക്കറി എവിടെ? പഴങ്ങളെവിടെ? മാംസാഹാരവും സസ്യാഹാരവും കഴിക്കാന്‍ പാടില്ലെന്ന അവസ്ഥയാണിപ്പോള്‍. 

വിളവ് കൂട്ടാനും അവ നശിച്ചുപോകാതെ വിപണിയില്‍ എത്തിക്കാനും ചില കായ്കള്‍ പഴുപ്പിക്കാനുമൊക്കെയാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്. നല്ല നിറം കിട്ടാനും പുതുമതോന്നാനും രാസവസ്തുക്കളും മറ്റും ഉപയോഗിക്കുന്നു. പുഴുക്കുത്തേറ്റ പച്ചക്കറികള്‍ നമ്മള്‍ വാങ്ങില്ല. നല്ല ആകൃതിയിലും മുഴുപ്പിലും പ്രൗഢിയിലുമൊക്കെ ഇരിക്കുന്നവയോടാണ് പ്രിയം. 'ഇത് നാടനാണ്' എന്ന് കച്ചവടക്കാരന്‍ പറയുകകൂടി ചെയ്താല്‍ പിന്നൊന്നും വേണ്ട നമുക്ക്. 'ഫ്രഷ്' പച്ചക്കറിയാണ് നമുക്കാവശ്യം. ഫ്രഷ് എന്നാല്‍, കീടനാശിനി അടിക്കാത്ത തനിമയുള്ള പച്ചക്കറിയാണെന്ന കാര്യം നാം വിസ്മരിച്ചുപോകുന്നു. പുഴുക്കുത്തുള്ള ചീരയും മറ്റും വാങ്ങാന്‍ മടിക്കുന്നു. പുഴുവരിച്ച പാടുള്ള കായകളും തിരഞ്ഞ് മാറ്റിവെക്കും. മുഴുത്തതും ഭംഗിയുള്ളതും നോക്കി മാത്രമേ വാങ്ങൂ. വിഷമാണെങ്കിലെന്ത് കാഴ്ചയ്ക്ക് എന്താ തേജസ്സ്! ഇതുകാണുന്ന കച്ചവടക്കാരന്‍ നാടന്‍ പച്ചക്കറികള്‍ വാങ്ങി വില്‍ക്കാതിരിക്കാനേ ശ്രമിക്കൂ. 

ഗന്ധകക്കൂട്ടില്‍നിന്ന് തുടങ്ങിയ പരിപാടി
കീടങ്ങളെ തുരത്താന്‍കീടങ്ങളെ മാത്രം തുരത്താന്‍ പലതരത്തിലുള്ള നാശിനികള്‍ പണ്ടേ മനുഷ്യന്‍ ഉപയോഗിച്ചിരുന്നു; കൃഷി പുഴുതിന്നു നശിപ്പിക്കുന്നത് കണ്ട കാലം മുതല്‍. ആധുനിക ലോകത്തിന്റെ അറിവില്‍പ്പെട്ടിടത്തോളം ആദ്യമായി കീടനാശിനി പ്രയോഗിച്ചത് പുരാതന സുമേറിയക്കാരാണ്; ഏകദേശം 4500 വര്‍ഷം മുമ്പ്. കീടങ്ങളെയും പ്രാണികളെയും ചെറുക്കാന്‍ അവര്‍ ഗന്ധകക്കൂട്ട് ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്. 3200 വര്‍ഷം മുമ്പ് ചൈനക്കാര്‍ മെര്‍ക്കുറിയും മറ്റും ചേര്‍ത്ത വിഷക്കൂട്ടുകള്‍ ഉപയോഗിച്ചിരുന്നു, ചെടിത്തണ്ടൂറ്റുന്ന പ്രാണിയെ തുരത്താന്‍. പുരാതന ഗ്രീസിലും റോമിലും കീടങ്ങളെ ഓടിക്കാന്‍ പ്രത്യേക വസ്തുക്കള്‍ പ്രയോഗിച്ചതായി രേഖയുണ്ട്. പുകയുപയോഗിച്ചും കീടത്തിന്റെ വ്യാപനം തടഞ്ഞിരുന്നു. ഉണങ്ങിയ ക്രിസാന്തമം പൂവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന 'പൈറേത്രം' എന്ന വസ്തു രണ്ടായിരത്തോളം വര്‍ഷം കീടനാശിനിയായി ഉപയോഗിച്ചിരുന്നു. ചുറ്റുവട്ടത്തുനിന്നു കിട്ടുന്ന ജൈവവസ്തുക്കളായിരുന്നു അന്ന് കീടനാശിനികള്‍, പിന്നീട് കൃത്രിമമായി അവ നിര്‍മിക്കാന്‍ തുടങ്ങി. കീടനാശിനികളുടെ നശീകരണശക്തിയെ കീടങ്ങള്‍ അതിജീവിക്കുന്നു എന്ന് തോന്നിയപ്പോഴൊക്കെ അന്നത്തെ കര്‍ഷകര്‍ മരുന്നിന്റെ വീര്യം കൂട്ടാന്‍ തുടങ്ങി. കൂടുതല്‍ വീര്യമുള്ള നാശിനികള്‍ കണ്ടുപിടിക്കാനും തുടങ്ങി. കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കുന്നതുകൊണ്ട് മണ്ണിനും ചെടിക്കും അന്തരീക്ഷത്തിനും ചെടി ഉപയോഗിക്കുന്ന മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവജാലത്തിനും കാലാന്തരത്തില്‍ എന്താണ് സംഭവിക്കുകയെന്ന് അന്നാരും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്നും അതാണവസ്ഥ. എന്താണ് സംഭവിക്കുകയെന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ജീവകുലത്തിനുണ്ടാകുന്ന ദുരിതത്തില്‍ ആശങ്കയുണ്ടായിരുന്നു, അന്ന്. ഇന്നാകട്ടെ അത് തീരേയില്ല. കേരളത്തില്‍ പച്ചക്കറി വില്‍ക്കുന്ന മറുനാട്ടിലെ വന്‍കിടക്കാരും ചെറുകിടക്കാരുമൊക്കെ രണ്ടുതരത്തിലുള്ള കൃഷിയാണ് ചെയ്യുന്നത്. ഒന്ന് പരമാവധി കീടനാശിനിയടിച്ച്, രാസവളം ചേര്‍ത്ത കൃഷി. അത് നമുക്ക് വിലയ്ക്ക് തരാനുള്ളതാണ്. മറ്റൊന്ന്, ഇതൊന്നും ചേര്‍ക്കാതെയോ, മിതമായി മാത്രം ചേര്‍ത്തോ ഉള്ള കൃഷി. അത് അവരുടെ സ്വന്തം ആവശ്യത്തിനും. ജീവകുലത്തോടുള്ള പണ്ടത്തെ കര്‍ഷകന്റെ ആശങ്ക ഇന്നുണ്ടായിരുന്നെങ്കില്‍ ഈ വേര്‍തിരിവ് കാട്ടുമായിരുന്നില്ല. 

കീടനാശിനിയുടെ അളവ് 200 ഇരട്ടി!
അതിര്‍ത്തികടന്ന് കേരളത്തിലെത്തുന്ന കറിവേപ്പില, പുതിനയില, മല്ലിയില, പച്ചമുളക്, കാപ്‌സിക്കം, സാമ്പാര്‍ മുളക്, കാരറ്റ്, വെണ്ടക്ക, കോളിഫ്ലവര്‍, റാഡിഷ്, കാബേജ്, പയര്‍, പാവയ്ക്ക, വഴുതന തുടങ്ങിയ പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് ക്ലോര്‍പൈറിഫോസ്, െപ്രാഫെനോഫോസ്, ട്രയാസോഫോസ്, ക്യുനാല്‍ഫോസ്, എത്തയോണ്‍, മീഥൈല്‍ പാരതയോണ്‍, സൈപ്പര്‍മെത്രിന്‍, സൈഹലോത്രിന്‍, ഫെന്‍വാലറേറ്റ് തുടങ്ങിയ കീടനാശിനികളാണ്. ഇവയില്‍ പലതും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതും. 2013 ജനവരി ഒന്നുമുതല്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലുള്ള 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറി'യില്‍ ആരംഭിച്ച വിഷപരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയപ്പോഴാണ് ജനങ്ങളില്‍ ഒരു ന്യൂനപക്ഷത്തിന് വിഷാംശത്തിന്റെ അളവിനെക്കുറിച്ചും മറ്റും ചെറുതായെങ്കിലും ബോധമുണ്ടായത്. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള െപ്രാഫെനോഫോസ് എന്ന കീടനാശിനി, യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയേക്കാള്‍ 125 ഇരട്ടിവരെ കണ്ടെത്തിയപ്പോള്‍ മറ്റൊരു കീടനാശിനിയായ എത്തയോണ്‍ 200 ഇരട്ടിവരെയായിരുന്നു കണ്ടത്. സാന്ദ്രതയിലും അളവിലും വിഷാംശം ഏറ്റവും കൂടുതല്‍ കണ്ടത് പച്ചമുളക്, സാമ്പാര്‍ മുളക്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയിലാണ്. 

നിരോധിച്ച കീടനാശിനികള്‍ പേരുമാറ്റി കുപ്പിയിലാക്കി വില്‍ക്കുകയാണ് കേരളമുള്‍പ്പടെ എല്ലായിടത്തും. മറ്റു സംസ്ഥാനങ്ങളിലാണെങ്കില്‍ ഒരു നിയന്ത്രണവുമില്ല. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്നതും മാരകരോഗികളാക്കുന്നതുമായ ജീവനാശിനികളാണിവ. ഡി.ഡി.ടി., ബെന്‍സീന്‍ ഹെക്‌സാക്ലോറൈഡ്, എതിലിന്‍ ഡൈബ്രോമൈഡ്, ആല്‍ഡ്രിന്‍, എന്‍ഡ്രിന്‍, പാരക്വറ്റ്, ഡൈബ്രോമോക്ലോറോപ്രൊപ്പേന്‍, 2, 4, 5 ടി, ക്ലോര്‍ഡൈംഫോം, ഗാലിക്രോണ്‍, കാംഫെക്ലോര്‍, പെന്റാക്ലോറോഫിനോള്‍, ഈഥൈല്‍ പരാതയോണ്‍ തുടങ്ങിയവ ഇവിടെ നിരോധിച്ച കീടനാശിനികളാണ്. ഇവയും വിദേശത്ത് നിരോധനമുള്ളവയും ഉള്‍പ്പെടെ അമ്പതിനായിരം ടണ്‍ കീടനാശിനിയാണ് ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നത്. 

എന്തിനും കീടനാശിനി
വൃത്തിയായി കഴുകിയെടുത്താല്‍ പച്ചക്കറികളുടെ പുറത്തുള്ള കീടനാശിനി വിഷാംശം കുറേയെങ്കിലും കളയാമെന്നാണ് നമ്മുടെ വിശ്വാസം. വിഷത്തിന്റെ തോത് കുറവാണെങ്കില്‍ ഈ വിശ്വാസം ഒട്ടൊക്കെ ശരിയാണുതാനും. എന്നാലിപ്പോള്‍ മരുന്നടിക്കാരുടെ പുതിയ വിദ്യയുണ്ട്. അത് നമ്മുടെ കഴുകലിനെ തോല്പിക്കും. ഒരുതരം പശയുപയോഗിച്ചാണ് കീടനാശിനി പ്രയോഗം. പാടത്ത് വിളകളില്‍ അടിക്കുന്ന മരുന്ന് മഴയത്തോ മറ്റോ ഒലിച്ചുപോകരുതല്ലോ. അതിനാണ് പശ ചേര്‍ക്കുന്നത്. ഫലമോ, വിഷം പച്ചക്കറിയില്‍ത്തന്നെ പറ്റിയിരിക്കും. മാര്‍ക്കറ്റില്‍ വരുമ്പോഴും നമ്മള്‍ വാങ്ങുമ്പോഴും അതുണ്ടാകും. നമ്മുടെ കഴുകല്‍ തോല്‍ക്കുകയും ചെയ്യും. 
തമിഴ്‌നാട്ടിലെ കമ്പം, തേനി, പാളയം, കസ്ബ, തേവാരം, കാമാക്ഷിപുരം, ഗൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പഴങ്ങളില്‍ മാരകമായ വിഷസാന്നിധ്യമുള്ളതായി തെളിഞ്ഞിട്ടുണ്ട്. വിത്ത് പാകുന്നതുമുതല്‍ വിളവെടുക്കുന്നതുവരെ നടത്തുന്ന കീടനാശിനി പ്രയോഗത്തിന് ഒരു നിയന്ത്രണവുമില്ല. വിളവെടുത്തുകഴിഞ്ഞാലും അതില്‍നിന്ന് മോചനമില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിളവെടുത്ത പച്ചക്കായ പെട്ടെന്ന് പഴുക്കാനും പഴുത്തത് അഴുകിപ്പോകാതിരിക്കാനും വീണ്ടും വിഷപ്രയോഗം നടത്തുന്നു. 
വിത്തുമുളയ്ക്കാന്‍ രാസവസ്തു, മുളച്ച ചെടി വളരാന്‍ രാസവസ്തു, പൂവിടാന്‍ രാസവസ്തു, പൂവ് കൊഴിയാതിരിക്കാന്‍ രാസവസ്തു, കായ്ക്കാന്‍ രാസവസ്തു, കായ വളരാന്‍ രാസവസ്തു, പഴുപ്പിക്കാന്‍ രാസവസ്തു, അഴുകാതിരിക്കാന്‍ രാസവസ്തു...... അങ്ങനെ ചെടിയുടെ ജീവിതചക്രം മുഴുവന്‍ രാസമയം. ഉപയോഗിക്കുന്നവര്‍ എങ്ങനെ രോഗികളാകാതിരിക്കും? 

മരുന്നടി ഉത്സവം
പച്ചക്കറിയിലും പഴങ്ങളിലും നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമുള്ളതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അനുവദനീയമായതിന്റെ നൂറുകണക്കിന് ഇരട്ടി അളവിലാണ് കീടനാശിനി പ്രയോഗം. അവരുടെ പഠനത്തില്‍ വഴുതനയിലാണ് ഇതേറ്റവും കൂടുതല്‍ കണ്ടത്. അനുവദിച്ചതിന്റെ 860 ശതമാനത്തിലേറെയാണ് വഴുതനയിലെ കീടനാശിനി സാന്നിധ്യം. കോളിഫ്ലവറിലും കാബേജിലും സമാനമായരീതിയില്‍ കീടനാശിനി വിഷമുണ്ട്. 

ആപ്പിളിലും ഓറഞ്ചിലും നിരോധിത കീടനാശിനിയുടെ അളവ് അനുവദിക്കപ്പെട്ടതിലും 140 ശതമാനം കൂടുതലാണ്. പഴങ്ങള്‍ മെഴുക് പുരട്ടി ഭംഗിയാക്കുന്നത് അടുത്തകാലത്തുള്ള സമ്പ്രദായം. സാധാരണ കഴുകലില്‍ ആ രാസവസ്തുവിന്റെ സാന്നിധ്യം പോകുന്നില്ല. കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയില്‍ അഞ്ചുദിവസത്തിലൊരിക്കലാണ് കീടനാശിനി തളിക്കുന്നത്. വിളവെടുക്കാന്‍ അഞ്ചുമാസം വേണ്ട കാരറ്റില്‍ 53 തവണയാണ് മരുന്നടിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എങ്ങനെ വിഷം ഉള്ളില്‍ ചെല്ലാതിരിക്കും? പലകൃഷികള്‍ ഒന്നിച്ചുനടത്തുന്ന ചില തോട്ടങ്ങളുണ്ട്, തമിഴ്‌നാട്ടിലും കര്‍ണാടകയിലും. മരുന്നുതളിയും ഒന്നിച്ചുതന്നെ. താരതമ്യേന വളരെക്കുറച്ചുമാത്രം കീടനാശിനി ആവശ്യമായ വിളയ്ക്ക്്, ഇതിനാല്‍ എത്രയോ കൂടുതല്‍ അളവില്‍ കീടനാശിനി പ്രയോഗം ഏല്‍ക്കേണ്ടിവരും. 

കേരളം ഉപയോഗിക്കുന്നതില്‍ എഴുപതുശതമാനം പച്ചക്കറികളും അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. മുപ്പതുശതമാനമാണ് ഇവിടത്തെ ഉത്പാദനം. അതില്‍ ചേന, ചേമ്പ്, മരച്ചീനി, കുമ്പളം, മത്തന്‍, കൂര്‍ക്ക, കാച്ചില്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും പരിശോധനയില്‍ വിഷരഹിതമായി കണ്ടത് ഏറെയും ഇവയുടെ സാമ്പിളുകള്‍.

കീടനാശിനി കോക്ക്‌ടെയില്‍
തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും കീടനാശിനികളുടെ കോക്ക്‌ടെയ്‌ലുകളാണ് ഉപയോഗിക്കുന്നത്. ഒരിനം കീടനാശിനി പ്രയോഗിച്ച്, കീടങ്ങള്‍ അതിന്റെ മേല്‍ പ്രതിരോധം നേടിയതിനാലാണ് കോക്ക്‌ടെയില്‍ പ്രയോഗം. ഉദാഹരണത്തിന്, സൈപ്പര്‍മെത്രിന്‍, െപ്രാഫെനോഫോസ്, മോണോക്രോട്ടോഫോസ് എന്നീ മൂന്ന് കീടനാശിനികള്‍ ചേര്‍ത്ത കൂട്ടാണ് ആഴ്ചയിലൊരിക്കല്‍ ഉള്ളിക്ക് തളിക്കുന്നത്. കര്‍ഷകര്‍ അമിതമായി കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്ന് തമിഴ്‌നാട്ടിലെ കൃഷിശാസ്ത്രജ്ഞരും സമ്മതിക്കുന്നുണ്ട്. കീടനാശിനി വാങ്ങാന്‍വരുന്ന കര്‍ഷകരെ തമിഴ്‌നാട്ടിലെ കീടനാശിനി കച്ചവടക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. മരുന്നിന്റെ അളവില്‍ അവിടത്തെ കര്‍ഷകരുടെയിടയില്‍ തെറ്റായ രീതികളുണ്ട്. രണ്ട് മില്ലി ഉപയോഗിക്കാന്‍ പറഞ്ഞാല്‍ അവര്‍ കരുതും കൂടുതല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രയോജനമുണ്ടാകുമെന്ന്. വളം, 
കീടനാശിനിക്കച്ചവടക്കാരാണ് കൃഷിക്ക് ഉപദേശം നല്‍കുക. തങ്ങളുടെ ഉത്പന്നം കൂടുതല്‍ ചെലവാകുക എന്ന ഉദ്ദേശ്യം മാത്രമേ അവര്‍ക്കുണ്ടാകൂ. അമിതമായ വിഷപ്രയോഗമാണിതിന്റെ ഫലം. മാരകവിഷകീടനാശിനികള്‍ കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്നാണ് നിയമമെങ്കിലും കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ആരും ഇത് പാലിക്കുന്നില്ല. 

ഞെട്ടിക്കും ഈ പരിശോധനാ ഫലം
പച്ചക്കറിയിലെ വിഷാംശത്തിന്റെ തോത് കണ്ടുപിടിക്കാനുള്ള പദ്ധതി സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പച്ചക്കറിക്കടകളില്‍നിന്ന് സാമ്പിളെടുത്ത് പരിശോധന നടത്തുന്ന പദ്ധതിയായിരുന്നു അത്. പരിശോധന കൃത്യമായ ഇടവേളകളില്‍ ഇപ്പോഴും തുടരുന്നു. ഞെട്ടിക്കുന്നതാണ് ഓരോ പരിശോധനയുടെയും ഫലം. എന്തുമാത്രം വിഷം നാം ഓരോ ദിവസവും ഉള്ളിലാക്കുന്നു എന്ന് ആ പഠനങ്ങള്‍ വെളിവാക്കുന്നു. 

2013 ജനവരി മുതല്‍ ഓരോമാസവും അമ്പതിനം പച്ചക്കറി സാമ്പിള്‍വീതം ഓരോ മാര്‍ക്കറ്റിലുംനിന്ന് വാങ്ങി, വെള്ളായണി കാര്‍ഷിക കോളേജിലെ 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ എത്തിച്ചാണ് പരിശോധന. നേതൃത്വം നല്‍കുന്നത് ഡോ. തോമസ് ബിജു മാത്യു. കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കാന്‍ ശേഷിയുള്ള ഗ്യാസ് ക്രാമറ്റോഗ്രാഫ്, ലിക്വിഡ് ക്രാമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുള്ള, അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരേയൊരു അക്രഡിറ്റഡ് ലബോറട്ടറിയാണിത്. പരിശോധനാഫലങ്ങള്‍ ഏറ്റവും വിശ്വസനീയമാണെന്ന് സാരം. 

ആദ്യത്തെ പരിശോധനയില്‍ 17 ഇനം പച്ചക്കറികളിലാണ് അപകടകരമായ തോതില്‍ വിഷാംശം കണ്ടത്. കോളിഫ്ലവര്‍, വെള്ളകാബേജ്, വയലറ്റ്കാബേജ്, പയര്‍, ചുവപ്പുചീര, ചുവന്നുള്ളി, നെല്ലിക്ക, പച്ചമുളക്, മല്ലിയില, കറിവേപ്പില, മുരിങ്ങക്ക, തക്കാളി, മഞ്ഞകാപ്‌സിക്കം, ചുവപ്പുകാപ്‌സിക്കം, പുതിനയില, കോവക്ക, വെണ്ടക്ക എന്നിവയിലയിരുന്നു ഇത്. ബീറ്റ്‌റൂട്ട്, കത്തിരി, കാരറ്റ് വെളുത്തുള്ളി എന്നിവയില്‍ വിഷാംശം കുറവായിരുന്നു. 

തീര്‍ത്തും വിഷമില്ലാത്തതായി കണ്ടത് പടവലം, പാവയ്ക്ക, വെള്ളരി, മാങ്ങ, സലാഡ് വെള്ളരി, ചേമ്പ്, അമരയ്ക്ക, ബീന്‍സ് ഇഞ്ചി, സവാള, സാമ്പാര്‍മുളക്, വഴുതന, ചേന, ഉരുളക്കിഴങ്ങ്, കറിക്കായ, പച്ചകാപ്‌സിക്കം, മത്തന്‍ തുടങ്ങിയവയായിരുന്നു. വിഷരഹിതമായ ഇവ വാങ്ങിയാല്‍ മതിയല്ലോ എന്നാണ് ആശ്വസിക്കുന്നതെങ്കില്‍ തെറ്റി. ലബോറട്ടറി, മൂന്നുമാസം കഴിഞ്ഞ് മറ്റു സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ നേരത്തേ വിഷരഹിതമായി തെളിഞ്ഞ ഇനങ്ങളില്‍ വലിയ അളവില്‍ വിഷാംശം കണ്ടു. നേരത്തേ വലിയ വിഷാംശം കണ്ടവ വിഷമുക്തമായും കണ്ടു.

ഏതിലാണ് വിഷമെന്ന് അറിയില്ല, ആര്‍ക്കും 
ഏത് പച്ചക്കറിയിലാണ,് എപ്പോഴാണ് വിഷാംശം കാണുന്നതെന്ന് പറയാനാവില്ല. എല്ലായിനം പച്ചക്കറികളിലും എന്നും വിഷാംശമില്ല. എന്നാല്‍ വിഷാംശമുള്ള പച്ചക്കറികള്‍ എന്നുമുണ്ട്. ഏതില്‍ എത്രയളവ് വിഷാംശമുണ്ടെന്ന് വാങ്ങുമ്പോള്‍ നമുക്കറിയില്ല. പച്ചക്കറികള്‍ നമ്മുടെ വിപണിയില്‍ വരുംമുമ്പ് അതിലെ വിഷാംശം കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള പരിശോധനയൊന്നുമില്ല, സംസ്ഥാനത്ത് ഒരിടത്തും. ഏറ്റവുമൊടുവില്‍ പുറത്തുവന്നിട്ടുള്ള പരിശോധനാ റിപ്പോര്‍ട്ട് കേരളത്തിന്റെ ഉറക്കം തീരെ കെടുത്തേണ്ടതാണ്. പച്ചക്കറിക്ക് പുറമെ, പലവ്യഞ്ജനത്തിലും ഉണക്കിയ പഴങ്ങളിലും വിഷസാന്നിധ്യമുണ്ടെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ജനവരി മുതല്‍ മാര്‍ച്ചുവരെ പല ജില്ലകളിലെ മാര്‍ക്കറ്റുകളില്‍നിന്ന്‌ േശഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. പല ബ്രാന്‍ഡുകളുടെ പേരില്‍ പാക്കറ്റില്‍ കിട്ടുന്ന 24 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ ആറിനത്തില്‍പ്പെട്ട 13 സാമ്പിളുകള്‍ വിഷാംശത്തിന്റെ പരിധി ലംഘിച്ചതായി വ്യക്തമായി.

ഏലയ്ക്ക, ജീരകം, തൈരുമുളക് (കൊണ്ടാട്ടം), സാധാരണ മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റല്‍മുളക് എന്നിവയുടെ സാമ്പിളില്‍ അപകടസാധ്യതയുള്ള അളവില്‍ വിഷാംശമുണ്ടായിരുന്നു. സാധാരണ മുളകുപൊടിയുടെ നാലുസാമ്പിളില്‍, ക്‌ളോര്‍പൈറിഫോസ്, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. കാശ്മീരി മുളകുപൊടിയുടെ ബ്രാന്‍ഡുകളില്‍ സൈപ്പര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ സാന്നിധ്യവും കണ്ടു. ഇതുവരെ നടത്തിയ സാമ്പിള്‍ പരിശോധനകളെല്ലം സൂചിപ്പിക്കുന്നത്, എല്ലാത്തരം മുളകിലും മുളക് ഉത്പന്നങ്ങളിലും ബ്രാന്‍ഡ് ചെയ്ത മുളക് പൊടിയിലും രണ്ടിലേറെ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടെന്നാണ്. അയമോദകം, മല്ലിപ്പൊടി, പൊടിച്ചമുളക്, ജീരകപ്പൊടി, പെരുംജീരകം, ഗോബി മഞ്ചൂരിയന്‍ മസാല, ഉലുവയില ഉണക്കിയത് എന്നിവയുടെ സാമ്പിളിലും വിഷാംശം കണ്ടെങ്കിലും അത് പരിധിക്ക് താഴെയായിരുന്നു. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസര്‍കോട് നഗരങ്ങളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുശേഖരിച്ച 40 ഇനം പച്ചക്കറികളുടെ 125 സാമ്പിളുകളും ഇക്കൂട്ടത്തില്‍ പരിശോധിച്ചിരുന്നു. കറിവേപ്പില, കോളിഫ്ലവര്‍ എന്നിവയുടെ ഓരോസാമ്പിളില്‍ അപകടസാധ്യതയുള്ള അളവില്‍ വിഷാംശം കണ്ടെത്തി. 

പുതിനയില സാമ്പിളില്‍ ഏഴ് കീടനാശിനി
ഈ പരിശോധനയ്ക്കുമുണ്ട് ചില പരിമിതികള്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയാണ് വിഷാംശത്തിന്റെ കാര്യത്തില്‍ നമ്മള്‍ ആധികാരികമായി എടുത്തിട്ടുള്ളത്. അതിനെ ആധാരമാക്കിയാണ് ഓരോ പച്ചക്കറിയിലും വിഷാംശമുണ്ടെന്നും ഇല്ലെന്നും പറയുന്നത്. ചില കീടനാശിനിയിനങ്ങളെക്കുറിച്ച് എഫ്. എസ്.എസ്.എ.ഐ. ഒരു മാനദണ്ഡവും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ഇനങ്ങളില്‍ വിഷാംശം കണ്ടാലും അത് തീവ്രമാണോ അല്ലയോ എന്നൊന്നും ഈ പരിശോധനയ്ക്ക് തീരുമാനിക്കാനുമാവില്ല. എന്നാല്‍ ലബോറട്ടറി അധികൃതരാകട്ടെ, ഈ ഇനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധി പരിശോധനാഫലത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. 

പുതിനയില പല സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഏഴ് കീടനാശിനികളുടെ വിഷസാന്നിധ്യം കണ്ടു. ബൈഫെന്‍ത്രിന്‍ എന്ന കീടനാശിനിക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 0.05 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) ആണ്. എന്നാല്‍ പുതിനയിലയിലെ പരിശോധനയില്‍ കണ്ടത് 0.15 ആണ്. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും പരിധി 0.05 തന്നെ. എന്നാല്‍ കണ്ടതോ 0.98. എത്തയോണിന്റെ സാന്നിധ്യം കുറേക്കൂടി ഉയര്‍ന്നതോതിലാണ്. 0.01 പി.പി.എം. പരമാവധി വേണ്ടിടത്ത് കണ്ടത് 4.9 പി.പി.എമ്മാണ്. സൈപ്പര്‍മെത്രിന്‍, മിഥെയില്‍ പാരതയോണ്‍, പ്രൊഫനോഫോസ്, ക്യുനാല്‍ഫോസ് എന്നിവയും പരിധിക്കപ്പുറം കണ്ടു, പുതിനയിലയില്‍. 

കറിവേപ്പിലയുടെ കാര്യം ഇതേക്കാള്‍ കഷ്ടം 
കറിവേപ്പിലയില്‍ ബൈഫെന്‍ത്രിന്‍ കീടനാശിനിക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയും 0.05 പി.പി.എം. ആണ്. എന്നാല്‍ പരിശോധനയില്‍ 0.13 വരെ കണ്ടെത്തി. 0.01 പരിധി നിര്‍ദേശിച്ചിട്ടുള്ള എത്തയോണിന്റെ സാന്നിധ്യം 0.34 വരെയായിരുന്നു. ഫെന്‍പ്രൊപ്പാത്രിനിന്റെ സാന്നിധ്യം 0.01 വേണ്ടിടത്ത് കണ്ടത് 0.38 പി.പി.എം. ആണ്. ക്ലോര്‍പൈറിഫോസ്, സൈപ്പര്‍മെത്രിന്‍, ലാംബ്ഡാ സൈഹാലോത്രിന്‍, മിഥെയില്‍ പാരതയോണ്‍, പ്രൊഫനോഫോസ് എന്നീ കീടനാശിനികളുടെ സാന്നിധ്യവും കറിവേപ്പില സാമ്പിളില്‍ വളരെ ഉയര്‍ന്ന അളവില്‍ കണ്ടു.


ചുവപ്പുചീരയില്‍ ഫെന്‍വാലറേറ്റ്, മിഥെയില്‍ പാരതയോണ്‍, പ്രൊഫനോഫോസ്, ക്യുനാല്‍ഫോസ് എന്നീ കീടനാശിനികളുടെ വിഷാംശം ഉയര്‍ന്നതോതില്‍ കണ്ടെത്തി. പച്ചമുളകിന്റെ ഇരുപത് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഏഴ് കീടനാശിനികളുടെ സാന്നിധ്യം കണ്ടു. അതില്‍ സൈപ്പര്‍മെത്രിന്റെ അളവ് കേട്ടാല്‍ നടുങ്ങും. പരമാവധി 0.05 പി.പി.എം. പാടുള്ള സ്ഥലത്ത് കണ്ടത് 0.59 പി.പി.എം. എത്തയോണ്‍ പരമാവധി 0.01 നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്ഥാനത്ത് 1.24 വരെ കണ്ടു. മിഥെയില്‍ പാരതയോണും 0.01 വരെയേ പാടുള്ളൂ. കണ്ടതോ 2.87 പി.പി.എമ്മും. പൈപ്പ് വെള്ളത്തില്‍ ഒന്ന് ഉലച്ചുകഴുകിയാല്‍ പോകുന്നതല്ല, ഈ വിഷാംശങ്ങളൊന്നും. ഇതെല്ലാം സാമ്പിള്‍ മാത്രം നമ്മുടെ മുന്നിലെത്തുന്ന മിക്കവാറും പച്ചക്കറികളുടെ അവസ്ഥ ഇതാണ്. 




ശരീരം പണിമുടക്കുന്നു
നമ്മുടെ ശരീരത്തിന് വേണ്ടാത്ത ഇത്തരം രാസവസ്തുക്കളെ വിഘടിപ്പിച്ച് പുറന്തള്ളാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് നമ്മുടെ കരളും വൃക്കയുമെല്ലാം.പണി കൂടുതലാകുമ്പോള്‍ അവ വശംകെടും. പണി മുടങ്ങും 

കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 280 ശതമാനം വര്‍ധന
വിഷമില്ലാത്തത് വീട്ടുമുന്നില്‍ നട്ടുവളര്‍ത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. അത് ചെയ്യാതെ അറിഞ്ഞുകൊണ്ട് വിഷവസ്തു കഴിക്കുകയും 'ഞാന്‍ രോഗിയായേ...' എന്ന് സങ്കടപ്പെടുകയും ചെയ്യുന്ന വിചിത്രമനുഷ്യരായി മാറിയിരിക്കയാണ് ഇപ്പോള്‍ നാം. അത്യന്തം ഭയപ്പെടുത്തുന്നതാണ് പച്ചക്കറികളിലെ വിഷസാന്നിധ്യം. ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ അത് തകര്‍ക്കുന്നു. തലമുറകളിലേക്കുപോലും നീളുകയാണ് അതിന്റെ ദുരന്തം. കേരളത്തില്‍ ഓരോ വര്‍ഷവും 35,000 പുതിയ കാന്‍സര്‍രോഗികള്‍ ചികിത്സതേടിയെത്തുന്നു എന്നാണ് 2013ലെ ഇക്കണോമിക് റിവ്യൂവിലെ റിപ്പോര്‍ട്ട്. 


തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് കഴിഞ്ഞ മൂന്നുദശകങ്ങളായി 280 ശതമാനം വര്‍ധനയാണ് കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നതെന്നാണ്. എന്താണിതിന് കാരണം? ആഴത്തിലുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കാര്യകാരണബന്ധം അറിയില്ല നമുക്ക്. പക്ഷേ, ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന വിഷാംശമാണ് അതിന് കാരണമെന്ന വാദം തള്ളിക്കളയാന്‍ കഴിയുന്നതുമല്ല. അങ്ങനെയാണ് ഡോക്ടര്‍മാര്‍ പറയുന്നതും. വിഷം ഉള്ളില്‍ച്ചെന്നാല്‍ അത് ശരീരത്തിന്റെ സംവിധാനങ്ങള്‍കൊണ്ട് നിര്‍വീര്യമാക്കാന്‍ കഴിയാത്തിടത്തോളമുള്ള അളവാണെങ്കില്‍എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായേ തീരൂ. ഒരു തവണ മാത്രമല്ലല്ലോ ഈ വിഷം ഉള്ളില്‍ പ്രവേശിക്കുന്നത്. എല്ലാ ദിവസവും പല നേരത്തായി പല രൂപത്തിലായി ഈ വിഷം കഴിച്ചുകൊണ്ടേയിരിക്കുകയാണല്ലോ. അതിന്റെ പ്രത്യാഘാതം ഉണ്ടാകാതെ തരമില്ല. ആര്‍ക്ക്, അത് ഏതുതരത്തില്‍ വരുന്നുവെന്നേ അറിയാന്‍ കഴിയാതുള്ളൂ. 

പ്രാതല്‍ മുതല്‍ അത്താഴം വരെ നാം കഴിക്കുന്ന ഭക്ഷണവസ്തുക്കളും പാനീയങ്ങളും പരിശോധിച്ചാല്‍, നമ്മുടെ ശരീരത്തിന് ഹാനികരമായ ഒട്ടനവധി രാസവസ്തുക്കളും മാലിന്യങ്ങളും നാമറിയാതെ നമ്മുടെ ഉള്ളിലെത്തിക്കൊണ്ടിരിക്കുകയാണെന്ന് കാണാനാവും. നമ്മുടെ ശരീരത്തിന് വേണ്ടാത്ത ഇത്തരം രാസവസ്തുക്കളെ വിഘടിപ്പിച്ച് പുറന്തള്ളാന്‍വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് നമ്മുടെ കരളും വൃക്കയുമെല്ലാം. പണി കൂടുതലാകുമ്പോള്‍ അവ വശംകെടും. പണി മുടങ്ങും. 

നാം സാധാരണ ഉപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറിയിലുമുള്ള കീടനാശിനി വിഷംകൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ ഇവയാണ്:
1. കാന്‍സര്‍ 
വളരെ പെട്ടെന്നാണ് കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടിയത്. കേരളത്തില്‍ ഓരോ വര്‍ഷവും കാന്‍സര്‍രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നു. പ്രായമേറിയ ചിലരില്‍ മരണകാരണമായി കാന്‍സര്‍ കണ്ടിരുന്നുവെന്നല്ലാതെ അകാലത്തില്‍ പിടിപെടുന്ന മാരകരോഗമായി കാന്‍സര്‍ മാറിയതിന് പ്രധാനകാരണം ഭക്ഷണവും മാറിയ ജീവിതരീതിയുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിവിഷം പല അവയവങ്ങളെയും കാന്‍സറിലേക്ക് കൊണ്ടുപോകുന്നു. ആരോഗ്യകരമായ അവസ്ഥയെയും അതിനെ ബാധിക്കുന്ന കീടനാശിനികളുടെ അപകടത്തെയുംകുറിച്ച് പഠിച്ച എന്‍വയേണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ഈ അപകടത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കീടനാശിനിയിലെ നശീകരണാംശം മനുഷ്യശരീരത്തില്‍ കാന്‍സറിന് കാരണമാകുന്നുവെന്നാണ് ഈ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. 

2. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍
കീടനാശിനിവിഷം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്, പ്രത്യേകിച്ച് പുരുഷന്മാരില്‍. പുരുഷഹോര്‍മോണുകളുടെ ഉത്പാദനത്തെ അത് തടയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അത് പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കും. പുരുഷന്റെ പ്രത്യുത്പാദനശേഷിക്ക് അവശ്യംവേണ്ട ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനെയും മറ്റ് അന്തര്‍ഗ്രന്ഥി സ്രവങ്ങളെയും തടയുകയാണ് കീടനാശിനികള്‍ ചെയ്യുന്നത്. പുരുഷഹോര്‍മോണുകളില്‍ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നതാണ് ടെസ്റ്റോസ്റ്റിറോണ്‍. കുമിള്‍നാശിനിയിലെ വിഷാംശം ഹോര്‍മോണ്‍ സംവിധാനത്തെ അലങ്കോലമാക്കും. സാധാരണ വൃത്തിയാക്കലുകള്‍കൊണ്ട് പച്ചക്കറിയില്‍നിന്ന് അവയുടെ സാന്നിധ്യം പോകില്ല. 

3. വന്ധ്യതാപ്രശ്‌നങ്ങള്‍
പല കീടനാശിനികളിലെയും വിഷാംശം പുരുഷന്റെയും സ്ത്രീയുടെയും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. സ്ഥിരമായി കീടനാശിനിപ്രയോഗം നടത്തുന്ന പാടങ്ങളില്‍ ജോലിചെയ്യുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവും ശേഷിയും കുറവായി കണ്ടിട്ടുണ്ട്. വിഷാംശമുള്ള പച്ചക്കറികള്‍ ലോകമൊട്ടാകെ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നാണ് പഠനങ്ങളില്‍ കാണുന്നത്. നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും വളര്‍ച്ച ത്വരപ്പെടുത്താന്‍ നല്‍കുന്ന ഹോര്‍മോണുകളും വന്ധ്യതയ്ക്കും നാഡീതളര്‍ച്ചയ്ക്കും കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. കീടനാശിനികള്‍ സ്ത്രീകളില്‍ ഗര്‍ഭച്ഛിദ്രത്തിനും കാരണമാകുന്നു. 

4. തലച്ചോറിലെ തകരാറുകള്‍
പച്ചക്കറിയിലും പഴത്തിലും പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ മാരകമാണ്. അവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് തലച്ചോറില്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്ഥിരമായ തകരാറുകള്‍ സംഭവിക്കും. സംസാരശേഷി വികലമാവുകയും അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതാവുകയും നിറങ്ങളും അക്കവുമൊന്നും അറിയാന്‍ കഴിയാതെവരികയും ചെയ്യും. ഓര്‍മശക്തിയെ ബാധിക്കാനും കാരണമാകും. കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. 

5. ജനിതക വൈകല്യങ്ങള്‍
കീടനാശിനിയിലെ വിഷം തലമുറകളെയും ബാധിക്കുന്നതാണ്. അച്ഛനമ്മമാരുടെ ഉള്ളിലെത്തുന്ന കീടനാശിനി വിഷം, അവര്‍ക്ക് പിറക്കുന്ന കുട്ടികളില്‍ ജനിതക വൈകല്യമുണ്ടാക്കും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിന്റെ ദുരന്തചിത്രങ്ങള്‍ നമുക്ക് മറക്കാനാവുന്നതല്ല, ഒരിക്കലും. കീടങ്ങളെ തുരത്താനുള്ള രാസവസ്തു, കീടങ്ങളുടെ നാഡീവ്യൂഹത്തെ ആക്രമിക്കുകയും അങ്ങനെ കൊല്ലുകയുമാണ് ചെയ്യുന്നത്. ഇതേ രാസവസ്തുക്കള്‍ ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കും. മുറിച്ചുണ്ട്, ഹൃദയസംബന്ധമായ തകരാറുകള്‍, അംഗവൈകല്യം എന്നിവയ്ക്ക് കാരണമാകും. ഗര്‍ഭകാലത്ത് കീടനാശിനി വിഷംകലര്‍ന്ന പച്ചക്കറിയും പഴവും പൂര്‍ണമായി ഒഴിവാക്കണം. ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശംപോലും നഷ്ടപ്പെടുത്തുന്നതാണ് കീടനാശിനിയുടെ ഉപയോഗം. കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ സ്ഥിരമായി കഴിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍പോലുമുണ്ടാകും അതിന്റെ വിഷാംശം. അമൃതായി തന്റെ കുഞ്ഞ് കഴിക്കുന്ന പാല്‍പോലും ശുദ്ധമല്ലെന്നറിയുന്ന അമ്മമാര്‍ എത്രയുണ്ടാകും. അറിഞ്ഞാല്‍ത്തന്നെ അതിന്റെ ഗൗരവം മനസ്സിലാക്കുന്നവര്‍ എത്രയുണ്ടാകും ഹം?

6. ശ്വസനപ്രശ്‌നങ്ങള്‍
കീടനാശിനിവിഷം ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം ശ്വസനരോഗങ്ങളാണ്. ആസ്ത്മയും വലിവും ഉപശ്വാസനാള വീക്കവും ഇതുമൂലം ഉണ്ടാകുന്നു. സ്ഥിരമായി ഈ വിഷത്തിന്റെ സാന്നിധ്യം ഫലപ്രദമായ ചികിത്സപോലും അസാധ്യമാക്കുന്നു. 

7. അവയവങ്ങള്‍ക്ക് നാശം
കീടനാശിനിവിഷം ലോകമൊട്ടാകെ മനുഷ്യന്റെ ആന്തരികാവയവങ്ങളെ ദോഷമായി ബാധിക്കുന്നത് കൂടിവരികയാണ്. വൃക്കസംബന്ധമായ രോഗത്താല്‍ ഇന്ത്യയില്‍ മരണമടയുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അവരില്‍ വലിയൊരു വിഭാഗം പച്ചക്കറിത്തോട്ടങ്ങളിലും മറ്റും ജോലിചെയ്യുന്നവരും പതിവായി കീടനാശിനി കലര്‍ന്ന ഭക്ഷണം കഴിക്കുന്നവരുമാണ്. ചെറിയ അളവിലാണെങ്കില്‍പ്പോലും ആഹാരത്തിലൂടെ സ്ഥിരമായി അകത്തുചെല്ലുന്ന കീടനാശിനി കരള്‍, വൃക്ക, നാഡീവ്യവസ്ഥ എന്നിവയെ തകരാറിലാക്കുന്നു.

8. ത്വഗ്രോഗങ്ങള്‍
തൊലിയിലെ പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കീടനാശിനിവിഷം കാരണമാകുന്നുണ്ട്. മാരകമായ രാസവസ്തുക്കളുമായി നിരന്തരം മനുഷ്യശരീരം ബന്ധപ്പെടുന്നതാണ് അതിന് കാരണം. തൊലിയിലൂടെ ഈ രാസവസ്തുക്കള്‍ ഉള്ളിലെത്തുകയും രോഗകാരണമാവുകയും ചെയ്യുന്നു. കീടനാശിനിവിഷം കലര്‍ന്ന ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രമല്ല, കീടനാശിനി ഉപയോഗിച്ച് കൃഷിചെയ്യുന്നവരും രോഗാതുരതയുടെ പിടിയിലാണ്. കീടനാശിനി തളിക്കുന്ന തൊഴിലാളികളും അത്തരം പാടങ്ങളുടെ അടുത്ത് താമസിക്കുന്നവരും രോഗികളാകുന്നു. 




വിഷമെന്നറിഞ്ഞിട്ടും പരിശോധനയില്ല
ന്യസംസ്ഥാനങ്ങളില്‍നിന്ന് ഏതൊക്കെ പച്ചക്കറികള്‍ എത്രയളവില്‍ കൊണ്ടുവരുന്നു, ഏത് പാടങ്ങളില്‍നിന്ന് വിളവെടുത്തതാണത്, ആരാണ് കൊണ്ടുവരുന്നത്, അവ അമിതമായി കീടനാശിനി അടിച്ചതാണോ തുടങ്ങി ഒരു കാര്യത്തിലും ഇവിടെ ആര്‍ക്കും ഒരറിവുമില്ല. ഇവിടത്തെ കച്ചവടക്കാരുടെ ആവശ്യമനുസരിച്ച് തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഏജന്‍സികള്‍ ലോറിയില്‍ പച്ചക്കറി കയറ്റിവിടുന്നു. ആവശ്യക്കാരായ മൊത്തക്കച്ചവടക്കാരിലും അവിടെനിന്ന് ചെറുകിട കച്ചവടക്കാരിലും എത്തുന്നു. ഒരിടത്തും ഒരുതരത്തിലുമുള്ള പരിശോധനയുമില്ല. 

കേരളത്തിലെ കടയില്‍ പരിശോധന നടത്തി ഏതെങ്കിലും പച്ചക്കറിയില്‍ വിഷാംശം കണ്ടെത്തിയാല്‍ത്തന്നെ അത് എവിടെനിന്ന് കൊണ്ടുവന്നതാണെന്നോ ഏത് കര്‍ഷകന്‍ വിളയിച്ചതാണെന്നോ അറിയാന്‍ കഴിയില്ല. അങ്ങനെ ഉറവിടം തേടിയുള്ള അന്വേഷണത്തെ സഹായിക്കുന്ന ഒന്നുമില്ല, ഇപ്പോഴത്തെ വില്പനസമ്പ്രദായത്തില്‍. തമിഴ്‌നാട്ടിലായാലും കര്‍ണാടകത്തിലായാലും കര്‍ഷകര്‍ കൊണ്ടുചെന്നെത്തിക്കുന്ന, അല്ലെങ്കില്‍ അവരുടെ പാടത്തുചെന്ന് വിളവെടുക്കുന്ന പച്ചക്കറികള്‍ ഒരിടത്ത് കൂട്ടിയിടുന്നു. ഇനം തിരിച്ചാണിത്. ഒരിടത്ത് വിവിധ കര്‍ഷകരുടെ വെള്ളരിക്കൂട്ടം. മറ്റൊരിടത്ത് വിവിധ കര്‍ഷകരുടെ ചീരക്കൂട്ടം. ഏത്, ആരുടേതെന്ന് തിരിച്ചറിയാനാവില്ല. വിഷമടിച്ചതാണെന്ന് കണ്ടെത്തിയാലും ഉത്തരവാദിയെ തിരിച്ചറിയാനാവാത്തതും ഇതുകൊണ്ടാണ്. 

വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തു വില്‍ക്കുന്നത് കേരളത്തിലുള്‍പ്പെടെ ഏതുദേശത്തും കുറ്റകരമാണ്. പെട്ടിക്കടകള്‍ ഉള്‍പ്പെടെ കേരളത്തില്‍ എല്ലായിടത്തും വില്‍ക്കുന്ന പല പച്ചക്കറികളും പഴങ്ങളും വിഷാംശം കലര്‍ന്നതാണെന്ന് സംശയലേശമെന്യേ തെളിഞ്ഞിട്ടും ഇന്നത്തെ സാഹചര്യത്തില്‍ നടപടിയെടുക്കുക അസാധ്യം. രാവിലെ ചന്തയില്‍പോയി അന്നന്ന് വില്‍ക്കാനുള്ള പച്ചക്കറികള്‍ വാങ്ങിക്കൊണ്ടുവന്ന് ഗ്രാമങ്ങളിലെ കടയിലും വഴിയോരത്തും വില്പന നടത്തുന്ന സ്ത്രീകളടക്കമുള്ള കച്ചവടക്കാര്‍ ധാരാളമുണ്ട്. അവര്‍ക്കാര്‍ക്കും അറിയാനാവില്ല, ഏത് പച്ചക്കറിയില്‍ വിഷമുണ്ടെന്ന്. കീടനാശിനിവിഷം കലര്‍ന്നതാണ് അവര്‍ വില്‍ക്കുന്ന പച്ചക്കറികളെന്നുകാട്ടി അവരെ പിടികൂടിയാല്‍ത്തന്നെ, തങ്ങള്‍ അവ വാങ്ങുന്ന നഗരത്തിലെ കച്ചവടക്കാരന്റെ പേരാണ് പറയുക. ആ കച്ചവടക്കാരനും അറിയില്ല അത് ആര് ഉത്പാദിപ്പിച്ചവയാണെന്ന്. അങ്ങനെ ആ പച്ചക്കറി വന്ന വഴി തേടിപ്പോയാല്‍ എത്തുക തമിഴ്‌നാട്ടിലെയോ കര്‍ണാടകത്തിലെയോ ഒരു പച്ചക്കറി ശേഖരണ ശാലയിലാകും. അവിടെയാകട്ടെ അസംഖ്യം കര്‍ഷകരാണ് ഉത്പന്നങ്ങള്‍ വിറ്റിട്ടുണ്ടാവുക. അതിനപ്പുറത്തേക്കുള്ള യാത്ര അസാധ്യം. 

ഇവിടെ പ്രോത്സാഹനം പ്രസംഗത്തില്‍മാത്രം
കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി നടത്തുന്ന ചുരുക്കം സ്ഥലങ്ങളിലെ സ്ഥിതിയും മെച്ചമല്ല. കീടനാശിനിപ്രയോഗം താരതമ്യേന കുറവാണിവിടെ. പക്ഷേ, വിളവെടുത്തുകഴിഞ്ഞാലുള്ള പ്രശ്‌നങ്ങള്‍ കര്‍ഷകനെ അടുത്ത കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കും. മറ്റുസംസ്ഥാനങ്ങളില്‍ വിപണനത്തിന് കൃത്യമായ സംവിധാനമുണ്ട്. ഏജന്‍സികളുണ്ട്. സഹായിക്കാന്‍ സര്‍ക്കാറുമുണ്ട്. ഇവിടെയാകട്ടെ പ്രോത്സാഹനം പലപ്പോഴും വാക്കുകളിലും പ്രസംഗങ്ങളിലും മാത്രമാകും. വിപണിയില്‍ നല്ല വില കിട്ടിക്കൊണ്ടിരുന്നപ്പോഴാണ് വിളവെടുത്ത പടവലം മുഴുവന്‍ തെങ്ങിന്‍തടത്തിലിട്ട് പ്രതിഷേധിക്കേണ്ടിവന്നത്, കേരളത്തിലെ കര്‍ഷകന്. സംഭരിച്ചുകൊണ്ടുപോകാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും ആ സംവിധാനം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. സംഭരിച്ചവയുടെ പണം യഥാസമയം കൊടുക്കാന്‍ പലപ്പോഴും ഹോര്‍ട്ടികോര്‍പ്പിന് കഴിയാതെ വരുന്നുണ്ടെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു. പണം യഥാസമയം കിട്ടാതെ എങ്ങനെയാണവര്‍ക്ക് അടുത്ത കൃഷിക്കിറങ്ങാന്‍ കഴിയുക. 

ഈ സാഹചര്യം തമിഴ്‌നാട്ടിലെ ഇടനിലക്കാര്‍ മുതലാക്കുന്നു. പാലക്കാട്ടെയും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകരില്‍നിന്ന് തുച്ഛമായ വിലയ്ക്ക് ഇവര്‍ പച്ചക്കറി വാങ്ങുകയും അതിര്‍ത്തി കടത്തിക്കൊണ്ടുപോയി അവിടെനിന്ന് കൂടിയ വിലയ്ക്ക് കേരളത്തിലെ കച്ചവടക്കാര്‍ക്കുതന്നെ വില്‍ക്കുകയും ചെയ്യുന്നു. രണ്ടുനിലയ്ക്ക് കൊള്ളലാഭം കൊയ്യലാണത്. ഇവിടെ പച്ചക്കറിക്ക് അനന്തമായ വിപണിസാധ്യതയുണ്ടായിട്ടും സര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്നില്ല. തമിഴ്‌നാട്ടില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വാങ്ങി കേരളത്തില്‍ കൊള്ളലാഭത്തിന് വില്‍ക്കുന്ന ഏജന്‍സികളുമുണ്ട്. അവിടെനിന്ന് പച്ചക്കറിയെത്തിക്കുമ്പോള്‍ കിലോയ്ക്ക് ശരാശരി ഒരു രൂപ മാത്രമേ അധികം ചെലവാകുന്നുള്ളൂ. പക്ഷേ, പത്തും പതിനഞ്ചും രൂപയാണ് ഇവിടെ അധികം ഈടാക്കുക.

വിഷത്തില്‍ നിന്നകലണം പുതുവഴികള്‍ വേണം
പച്ചക്കറികളില്‍ കീടനാശിനി വിഷാംശം ഏറിവരുന്നതില്‍ ആശങ്കയുള്ള വലിയൊരു വിഭാഗമുണ്ട്. അവരുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധയൊന്നും പിടിച്ചുപറ്റുന്നില്ല. പ്രോത്സാഹനവും കുറവ്. പക്ഷേ, അവരുടെ ആശങ്കയും അതിനെ ആധാരമാക്കിയുള്ള പ്രവര്‍ത്തനങ്ങളും പതുക്കെയെങ്കിലും കേരളത്തില്‍ വേരുപിടിച്ചുവരുന്നു എന്നത് ആശ്വാസകരമാണ്. അളവും മറ്റ് വിശദാംശങ്ങളുമൊന്നും അറിയില്ലെങ്കിലും പച്ചക്കറിയിലും പഴങ്ങളിലും കീടനാശിനി വിഷം കലര്‍ന്നിട്ടുെണ്ടന്ന് മിക്കവര്‍ക്കും അറിയാം. വിഷമില്ലാത്തവ കിട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. രാസവളമോ രാസകീടനാശിനിയോ ഉപയോഗിക്കാതെ പച്ചക്കറി കൃഷിചെയ്യുന്നവരും ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നവരുമുണ്ട്. തിരുവനന്തപുരത്തെ 'തണല്‍' ഉദാഹരണം. 

പച്ചക്കറി നമുക്ക് ഉപയോഗിക്കാതിരിക്കാനാവില്ല. ഇപ്പോള്‍ വിപണിയില്‍നിന്ന് കിട്ടുന്നവ കീടനാശിനിവിഷം ഉള്ളവയും. എന്തുചെയ്യാനാവും നമുക്ക്. വിപണിയില്‍ കിട്ടുന്ന പച്ചക്കറി അതേ വിലയ്ക്ക് വിഷരഹിതമാക്കി നമ്മുടെ വീട്ടിലെത്തിയെങ്കില്‍... അതൊരു സ്വപ്നമാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാളെ പലരും തയ്യാറായേക്കാം. എന്നാല്‍, ഇന്ന് അതിനുള്ള യത്‌നം ആരംഭിച്ചുകഴിഞ്ഞു, കൊച്ചി ആസ്ഥാനമായ 'സൈബീല്‍ ഹെര്‍ബല്‍ ലബോറട്ടറീസ്'. അവരുടെ 'സെയ്ഫ് ടു ഈറ്റ് വെജിറ്റബിള്‍സ്' പദ്ധതി ഈ മേഖലയിലെ ആദ്യത്തെ കാല്‍വെപ്പാകുന്നു. 

സൈബീലിന്റെ യത്‌നം
ഇന്നത്തെ സാഹചര്യത്തില്‍ വിഷമില്ലാത്ത പച്ചക്കറി കിട്ടണമെങ്കില്‍ ചെയ്യേണ്ടത് ഇവയൊക്കെയാണ്:
1. നമുക്ക് ദൈനംദിനം ആവശ്യമുള്ള പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കുക (അതാണ് ഏറ്റവും നല്ല പരിഹാരം).

2. വിപണിയില്‍നിന്ന് കിട്ടുന്ന പച്ചക്കറികള്‍ ഒന്നോ രണ്ടോ മണിക്കൂറെടുത്ത് ശാസ്ത്രീയമായ രീതിയില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക (ഇപ്പോള്‍ നാം വീടുകളില്‍ ചെയ്യുന്നതുപോലെ ഒന്നു കഴുകി മാത്രമെടുത്താല്‍ മനസ്സിനൊരു സുഖം കിട്ടുമെന്നല്ലാതെ അവയിലെ വിഷാംശമൊന്നും പോകില്ല).

3. ശാസ്ത്രീയമായി വൃത്തിയാക്കി, വിഷാംശം പൂര്‍ണമായും കളഞ്ഞ് പച്ചക്കറികള്‍ തരുന്ന സ്ഥാപനങ്ങളില്‍നിന്ന് അവ വാങ്ങുക (നിര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ള സ്ഥാപനങ്ങള്‍ കേരളത്തിലില്ല).

4. ജൈവരീതിയില്‍ കൃഷിചെയ്യുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പച്ചക്കറി വാങ്ങുക (തിരുവനന്തപുരത്തെ 'തണല്‍' പോലുള്ള സംഘടനകള്‍ ഉദാഹരണം. പക്ഷേ, അവ അധികമില്ലല്ലോ).

കാര്‍ഷിക സര്‍വകലാശാല ഏറെക്കാലത്തെ ഗവേഷണങ്ങള്‍ക്കുശേഷം, പച്ചക്കറികള്‍ വൃത്തിയാക്കി, കീടനാശിനി വിഷത്തിന്റെ അളവ് കുറയ്ക്കാനുള്ള വിദ്യ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പച്ചക്കറികള്‍ വൃത്തിയാക്കുമ്പോള്‍ അവയിലെ വിഷാംശത്തിന്റെ തോത് മനുഷ്യന് ഉപയോഗിക്കാവുന്ന അളവില്‍ എത്തും. ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാവുകയുമില്ല. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും തായ്‌ലന്‍ഡ് കൃഷിവകുപ്പിന്റെയും സാങ്കേതിക സഹായത്തോടെയാണ് 'സെയ്ഫ് ടു ഈറ്റ് വെജിറ്റബിള്‍സ്' പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് സൈബീല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പി.എന്‍. ബാലറാം പറയുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വലിയ കൃഷിക്കാരില്‍നിന്ന് പച്ചക്കറികള്‍ നേരിട്ടുകൊണ്ടുവന്ന് ശാസ്ത്രീയമായി വൃത്തിയാക്കി, വിഷാംശം കളഞ്ഞ് ഓരോ വീട്ടിലും ആവശ്യത്തിന് അവയെത്തിക്കുന്ന പദ്ധതിയാണിത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, വളരെ വലിയ അളവില്‍ പച്ചക്കറികള്‍ വൃത്തിയാക്കി, പൊതുവിപണിയില്‍നിന്ന് കിട്ടുന്ന വിലയ്ക്കുതന്നെ ഓരോ വീട്ടിലും എത്തിച്ചുകൊടുക്കുകയാണ് ഉദ്ദേശ്യം. 

വിഷമുക്തമെന്ന് എങ്ങനെ ഉറപ്പാക്കാം
പാകം ചെയ്യാനെടുക്കുമ്പോള്‍ ഏത് പച്ചക്കറിയും നാം നല്ലവണ്ണം കഴുകാറുണ്ട്. എന്നുവെച്ചാല്‍ കുറച്ചുനേരം ടാപ്പില്‍നിന്ന് വീഴുന്ന വെള്ളത്തിലോ പാത്രത്തില്‍ നിറച്ച വെള്ളത്തിലോ കഴുകും. ചിലര്‍ കുറേനേരം വെള്ളത്തില്‍ സൂക്ഷിച്ചിട്ടാകും കഴുകാനെടുക്കുക. കീടനാശിനി പ്രയോഗത്തെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവര്‍ മഞ്ഞള്‍പ്പൊടിയോ ഉപ്പോ കലര്‍ത്തിയ വെള്ളത്തില്‍ പച്ചക്കറി ഒന്നു കഴുകിയെടുത്താലായി. പക്ഷേ, ഈ കഴുകലില്‍ ഇപ്പോഴത്തെ വിഷപ്രയോഗത്തിന്റെ അംശങ്ങള്‍ പൂര്‍ണമായി പോകില്ല. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമെടുത്ത് പ്രത്യേക സാധനങ്ങള്‍ ഉപയോഗിച്ച് പ്രത്യേക വിധത്തില്‍ നാലോ അഞ്ചോ തവണ കഴുകിയാല്‍ മാത്രമേ പച്ചക്കറിയിലെ വിഷാംശം, കഴിക്കാവുന്ന പരിധിക്ക് ഉള്ളിലാക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഇത് സാധിക്കുകയില്ല. അതിരാവിലെ എഴുന്നേറ്റ് അടുക്കളയില്‍ കയറി വല്ലതും വെച്ചുണ്ടാക്കി, തിടുക്കപ്പെട്ട് ജോലിക്കുപോകുന്ന വീട്ടുകാരിക്കോ അടുക്കളയില്‍ പേരിന് സഹായിക്കാനെത്തുന്ന വീട്ടുകാരനോ അടുക്കളഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത മക്കള്‍ക്കോ ഒന്നും ഇതിന് നേരമുണ്ടാവുകയുമില്ല. 


സൈബീലിന് പച്ചക്കറികള്‍ പ്രോസസ് ചെയ്യാന്‍ ആവശ്യമായ സംവിധാനമുള്ള ഫാക്ടറിയുണ്ട്. ഈ ഫാക്ടറിയില്‍ അവ വൃത്തിയാക്കി, വിഷമുക്തമാക്കുന്ന പച്ചക്കറി ആഴ്ചയിലൊരിക്കല്‍ കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും പരിശോധനകള്‍ക്ക് വിധേയമാക്കും. പരിശോധനാഫലം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. പച്ചക്കറികള്‍ വൃത്തിയാക്കി പാക്ക് ചെയ്യുന്നതിനുമുമ്പ് വീണ്ടും പരിശോധന നടത്തി പൂര്‍ണമായും വിഷമുക്തമാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവും ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വിലയിലെ വ്യത്യാസം
വലിയ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കൊണ്ടുവന്ന് കൂടിയ അളവില്‍ പ്രോസസ് ചെയ്യുന്നതുകൊണ്ട് വിപണിവിലയ്ക്കുതന്നെ അവ കൊടുക്കാന്‍ കഴിയുമെന്നാണ് സൈബീല്‍ പറയുന്നത്. ഒരോ വീട്ടിലും ആഴ്ചയിലൊരിക്കല്‍ അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ എത്തിക്കും. പച്ചക്കറി വാങ്ങാനായി കടയില്‍ പോകണ്ട. ഓരോ വീട്ടിലും നിന്ന് 10 കിലോ വരെ 50 രൂപയും അതിനുമുകളില്‍ 75 രൂപയും പ്രതിമാസം സര്‍വീസ് ചാര്‍ജായി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. പയര്‍, വെണ്ടക്ക, ബീന്‍സ്, മുരിങ്ങ, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി, ഇളവന്‍, മത്തന്‍, ചേന, വെള്ളരി, പടവലം, വഴുതന, കൊത്തമര, കോവയ്ക്ക, മുളക്, കറിവേപ്പില, നെല്ലിക്ക, പാവക്ക, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവയാണ് തുടക്കത്തില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

വിതരണത്തിന് എന്‍.എസ്.എസ്. വനിതാസംഘം
വിഷമുക്തമായ പച്ചക്കറികള്‍ വീടുകളിലെത്തിക്കാന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വനിതാസംഘങ്ങളാണ് സൈബീലിന്റെ പദ്ധതിയില്‍ പങ്കാളികളാവുക. വീടുകളില്‍ ആഴ്ചയിലൊരിക്കല്‍ ആവശ്യമായ പച്ചക്കറികളുടെ ഓര്‍ഡര്‍ എടുക്കുന്നതും കൃത്യമായി അവ എത്തിക്കുന്നതും ഈ വനിതാ സംഘമാകും. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പദ്ധതി തുടക്കത്തില്‍ നടപ്പാക്കുക. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സംഘത്തിലെ പ്രവര്‍ത്തകര്‍ അവര്‍ക്ക് ചുമതലയുള്ള പ്രദേശങ്ങളില്‍ വിഷവിമുക്ത പച്ചക്കറി വിതരണ പദ്ധതിയുടെ ലഘുലേഖ നല്‍കി വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കും. ഓരോ വീട്ടില്‍നിന്നും ആവശ്യമുള്ള പച്ചക്കറികളുടെ പട്ടിക ഓര്‍ഡര്‍ ഫോറത്തില്‍ എടുക്കും. തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കലേ ഒരു പ്രദേശത്ത് വിതരണമുണ്ടാവൂ. അതിനാല്‍ ഒരാഴ്ചത്തേക്ക് വീട്ടില്‍ ആവശ്യമുള്ള പച്ചക്കറികളുടെ പട്ടികയാണ് എടുക്കേണ്ടത്. ഒരോ വീട്ടിലും നിന്ന് തുടക്കത്തില്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീസായി ശേഖരിക്കും. ആദ്യത്തെ വിതരണത്തിന്റെ തുക അടുത്ത വിതരണത്തിലാണ് ഈടാക്കുക. വീട്ടുകാര്‍ കൊടുക്കുന്ന രജിസ്‌ട്രേഷന്‍ ഫീസിന്റെ അടിസ്ഥാനത്തില്‍ ആദ്യ ആഴ്ചയിലെ വിതരണം നടത്തുമെന്ന് സാരം. ഒരു പ്രദേശത്തുനിന്ന് ഓര്‍ഡര്‍ ലഭിച്ചാല്‍, ആവശ്യമായ പച്ചക്കറികള്‍ പാക്ക് ചെയ്ത് കമ്പനി വനിതാസംഘങ്ങള്‍ക്ക് എത്തിക്കും. ഓര്‍ഡര്‍ അനുസരിച്ച് അവ വീടുകളിലെത്തിക്കേണ്ട ചുമതല സംഘങ്ങള്‍ക്കാണ്. 

സംഘങ്ങള്‍ക്കുള്ള സാമ്പത്തികനേട്ടം
നാടിന്റെ ഇപ്പോഴത്തെ ദുര്യോഗം മാറ്റാനുള്ള വലിയൊരു സാമൂഹിക പദ്ധതിയില്‍ കണ്ണികളാവുകയാണ് എന്‍.എസ്.എസ്. വനിതാസംഘവും അതിലെ അംഗങ്ങളും. നാലംഗങ്ങളുള്ള ഒരു കുടുംബം ആഴ്ചയില്‍ ഉദ്ദേശം 10 കിലോ പച്ചക്കറി വാങ്ങുന്നുണ്ടെന്നാണ് സൈബീലിന്റെ സര്‍വേയില്‍ കണ്ടെത്തിയത്. ഒരു സംഘം 500 വീടുകളില്‍ പച്ചക്കറി വിതരണം ചെയ്യുകയാണെങ്കില്‍ സംഘത്തിന്റെ സാമ്പത്തിക നേട്ടം അമ്പതിനായിരത്തോളം രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിഷമുക്തമായ പച്ചക്കറികള്‍ വീടുകളിലെത്തിക്കാനുള്ള സംഘങ്ങളുടെ യത്‌നം മാതൃകാപരമാണെന്നാണ് എന്‍.എസ്.എസ്സിന്റെ കാഴ്ചപ്പാട്. ചില താലൂക്ക് യൂണിയനുകളില്‍ നിന്നാണ് ആദ്യം പദ്ധതിയുടെ നിര്‍ദേശം വന്നതെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ എന്‍.എസ്.എസ്. ആസ്ഥാനത്തുനിന്ന് നല്‍കുന്നുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. 

വിഷമുക്തമാക്കാം, പച്ചക്കറികള്‍
കടയില്‍നിന്ന് വാങ്ങുന്ന പച്ചക്കറികളെല്ലാം വിഷമുക്തമാക്കാനുള്ള വിദ്യ പ്രയോഗിക്കണം. അതിനായി വെള്ളായണി കാര്‍ഷിക കോളേജ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബിലെ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘത്തിന്റെ നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഓരോ പച്ചക്കറിയിലും കണ്ടെത്തിയ വിഷാംശത്തിന്റെ വ്യത്യാസത്തിനനുസരിച്ചാണ് പ്രതിവിധി നിര്‍ദേശിച്ചിട്ടുള്ളത്. 

1.പുതിനയില, കറിവേപ്പില, ചീര 
വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍ പുളി ലായനിയിലോ (20 ഗ്രാം വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്തത്) പാക്കറ്റില്‍ കിട്ടുന്ന ടാമറിന്റ് പേസ്റ്റ് ലായനിയിലോ (രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) കറിവേപ്പിലയും പുതിനയിലയും പത്തുമിനിറ്റ് മുക്കിവെച്ചശേഷം വെള്ളത്തില്‍ പലയാവര്‍ത്തി കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കുക. 

2.പച്ചമുളക്, സാമ്പാര്‍ മുളക്, കാപ്‌സിക്കം, കത്തിരി, തക്കാളി, ബീന്‍സ്, അമരക്ക
മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതിലെങ്കിലും പത്തുമിനിറ്റ് മുക്കിവെക്കുക. വെള്ളത്തില്‍ പലവട്ടം കഴുകുക. വെള്ളം വാര്‍ന്നുപോകാന്‍ 
സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി െവച്ചശേഷം ഞെട്ട് അടര്‍ത്തിമാറ്റി കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചുകളഞ്ഞ് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

3. പടവലം, പയര്‍, നെല്ലിക്ക, കോവയ്ക്ക
വളരെ മൃദുവായ സ്‌ക്രാപ്്പാഡ് ഉപയോഗിച്ച് സൂക്ഷിച്ച് ഉരസി കഴുകുക. മേല്‍പ്പറഞ്ഞ ലായനിയില്‍ ഏതിലെങ്കിലും പത്തുമിനിറ്റ് മുക്കിവെച്ച്, വെള്ളത്തില്‍ പലവട്ടം കഴുകി, വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

4. മല്ലിയില
മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചുകളഞ്ഞശേഷം ടിഷ്യൂപേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ (20 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലയാവര്‍ത്തി കഴുകുക. 

5. മുരിങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്
പലപ്രാവശ്യം വെള്ളത്തില്‍ കഴുകിയശേഷം വെള്ളം വാര്‍ന്നുപോകാന്‍ സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വെച്ചശേഷം കോട്ടണ്‍ തുണിയുപയോഗിച്ച് വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഉപയോഗത്തിന് തൊട്ടുമുമ്പ് തൊലി നന്നായി ചുരണ്ടിക്കളഞ്ഞ്, ഒരിക്കല്‍ കൂടി കഴുകി പാകം ചെയ്യാം. 

6. വെണ്ടക്ക, വഴുതന, വെള്ളരി, പാവക്ക, സലാഡ് വെള്ളരി, ചുരക്ക
തുണി കഴുകുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി വെള്ളത്തില്‍ പല പ്രാവശ്യം കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍ പുളി ലായനിയിലോ ടാമറിന്റ് പേസ്റ്റ് ലായനിയിലോ പത്തുമിനിറ്റ് മുക്കിവെക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ച് വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. 

7. കോളിഫ്ലവര്‍ 
അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തിയശേഷം കോളിഫ്ലവറിന്റെ ഇതളുകള്‍ ഓരോന്നായി മുറിച്ച് അടര്‍ത്തിയെടുക്കുക. അവ വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലവട്ടം കഴുകുക. വെള്ളം വാര്‍ന്നുപോയശേഷം പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

8. കാബേജ്
കാബേജിന്റെ ഏറ്റവും പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞശേഷം വെള്ളത്തില്‍ പലവട്ടം കഴുകിയെടുത്ത് കോട്ടണ്‍ തുണികൊണ്ട് തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

9. വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചേമ്പ്
ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് തൊലി മുഴുവന്‍ പൊളിച്ചുകളഞ്ഞ് പലയാവര്‍ത്തി വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം. 

നമുക്കൊന്നു നോക്കിയാലോ?
പലരും പറയാറുണ്ട്, പച്ചക്കറിക്കൃഷി ചെയ്യാന്‍ താത്പര്യമുണ്ട്. പക്ഷേ, സ്ഥലവും സമയവുമില്ലെന്ന്. കൃഷിയോടുള്ള താത്പര്യക്കുറവ് മാത്രമാണ് ഈ പറച്ചിലിന്റെ പിന്നില്‍. വീട്ടില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറി നട്ടുണ്ടാക്കുന്നതിന് ഒരുപാട് സമയം ചെലവഴിക്കേണ്ട കാര്യമൊന്നുമില്ല. ടെറസ്സിലോ വീടിന്റെ ചുറ്റുവട്ടത്ത് ഇത്തിരി സ്ഥലത്തോ ബാല്‍ക്കണിയിലോ ഒക്കെ അത്യാവശ്യം കൃഷി ചെയ്യാവുന്നതേയുള്ളൂ. അത് വീട്ടിലെ മറ്റ് പ്രവൃത്തികള്‍ ചെയ്യുന്നതുപോലെയേ ഉള്ളൂ. 
ചിലര്‍ പറയാറുണ്ട്, 'താത്പര്യത്തോടെ കൃഷി തുടങ്ങിയതാണ്. പക്ഷേ, കീടംവന്ന് എല്ലാം തിന്നു. അതുകണ്ടപ്പോള്‍ പിന്നെ മനസ്സുമടുത്തു. കീടനാശിനി ഉപയോഗിക്കാനും വയ്യ. പിന്നെന്താ ചെയ്യുക?'
ഇത്തരം ആശങ്കള്‍ ഏറെയാണ്. പക്ഷേ, അവയ്ക്ക് ഉത്തരവുമുണ്ട്. അവ ഇതാണ്: 
* എവിടെനിന്ന് നല്ല വിത്തും തൈകളും കിട്ടും? 
കൃഷിഭവനുകള്‍, കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക കോളേജുകള്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍, നല്ല കര്‍ഷകര്‍, കൃഷിവകുപ്പ് ഏജന്‍സികള്‍ തുടങ്ങി നമ്മുടെ ചുറ്റുവട്ടത്ത് എവിടെയെങ്കിലുമൊന്ന് അന്വേഷിച്ചാല്‍ നല്ല വിത്തും തൈകളും കിട്ടാന്‍ വഴികള്‍ ഏറെയാണ്. എങ്ങനെ ഓരോ ഇനവും കൃഷിചെയ്യണമെന്ന് പറഞ്ഞുതരാന്‍ കഴിയുന്നവരും ഇവിടെയുണ്ട്. 
* കൃഷി നടത്താന്‍ വേണ്ടത്ര സ്ഥലമില്ല
നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ളവ ഉണ്ടാക്കിയെടുക്കാന്‍ അത്രയ്ക്ക് സ്ഥലമൊന്നും വേണ്ട. മട്ടുപ്പാവിലോ ബാല്‍ക്കണിയിലോ മതിലിന് പുറത്തോ ഒക്കെ ചട്ടിയിലും ചാക്കിലും പച്ചക്കറി നട്ടുണ്ടാക്കാം. വീടിനോട് ചേര്‍ന്ന് വളരെക്കുറച്ചേ സ്ഥലമുള്ളൂ എങ്കില്‍പ്പോലും അവിടെയുമാകാം. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലമാകണമെന്നേയുള്ളൂ. 
* വളത്തിന് എന്തുചെയ്യും? 
ചാണകപ്പൊടിയും ചാരവും വളമാണ്. അവ കിട്ടാന്‍ ബദ്ധിമുട്ടാണെങ്കില്‍ കൃഷിഭവനുകളിലോ മറ്റോ ചെന്നാല്‍ നല്ല ജൈവവളം കിട്ടും. വളംകടകളിലും ജൈവവളം ലഭിക്കും. 
* കീടത്തെ തുരത്താന്‍ എന്തുചെയ്യും?
കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങള്‍ മാത്രം നടാം.
കൃഷി ചെയ്യുന്നതിനുമുമ്പ് ആ സ്ഥലത്തുള്ള പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കാം.
കൃഷി ചെയ്യുന്നതിന് 15 ദിവസം മുമ്പ് കുമ്മായം മണ്ണില്‍ ചേര്‍ത്താല്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന വാട്ടം ചെറുക്കാം. 
ഒരു സ്ഥലത്ത് ഒരേ വിള തുടരെ കൃഷിചെയ്യരുത്. ഒരിടത്ത് ഒരുപ്രാവശ്യം പയര്‍ നട്ടെങ്കില്‍ അവിടെ അടുത്തപ്രാവശ്യം പയറല്ലാതെ മറ്റെന്തെങ്കിലും നടാം. 
രോഗം ബാധിച്ച ചെടികളുണ്ടെങ്കില്‍ അവയെ പറിച്ചെടുത്ത് നശിപ്പിച്ചുകളയാം. പ്രാണികളുടെ മുട്ട, പുഴു എന്നിവയെ കണ്ടാല്‍ അവയെ എടുത്ത് നശിപ്പിച്ചുകളയുക.
ജൈവ കീടനാശിനികളും ജീവാണുക്കളും യഥാസമയം കൃത്യമായ അളവില്‍ തളിച്ചുകൊടുത്താല്‍ കീടങ്ങളെ നിയന്ത്രിക്കാനാവും. 

ചില ജൈവ കീടനാശിനികള്‍ തയ്യാറാക്കാം
1. വേപ്പെണ്ണ എമല്‍ഷന്‍ വെളുത്തുള്ളി മിശ്രിതം
60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത് അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്തിളക്കണം. ഇത് നാല്പതിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. 
2. പുകയില കഷായം 
500 ഗ്രാം പുകയിലഞെട്ട് ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരുദിവസം മുക്കിവെക്കുക. പുകയില പിഴിഞ്ഞ് ചണ്ടിമാറ്റുക. അരലിറ്റര്‍ വെള്ളത്തില്‍ നാല് ചെറിയ കട്ട ബാര്‍സോപ്പ് ചെറുതായി അരിഞ്ഞുചേര്‍ക്കുക. രണ്ട് ലായനിയും കൂട്ടിച്ചേര്‍ത്തിളക്കുക. ഈ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. 
3. നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇലയും തണ്ടും ചതച്ച് 100 മില്ലി നീരെടുക്കുക. രണ്ടു ചെറിയ കട്ട ബാര്‍സോപ്പ് 50 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് നാറ്റപ്പൂച്ചെടി നീരില്‍ ഒഴിച്ചിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം. 
4. കിരിയാത്ത് എമല്‍ഷന്‍
കിരിയാത്ത് അഥവാ നിലവേപ്പ് ചെടിയുടെ ഇലയും ഇളംതണ്ടും അരച്ചെടുത്ത് 100 മില്ലി നീരെടുക്കുക. രണ്ടു ചെറിയ കട്ട ബാര്‍സോപ്പ് 50 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് അത് നീരില്‍ ഒഴിച്ചിളക്കുക. പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലയുടെ രണ്ടുവശത്തും തളിക്കുക. 
5. ഗോമൂത്രംകാന്താരിമുളക് ലായനി
ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ 10 ഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാം. 
6. മഞ്ഞക്കെണി
ഒഴിഞ്ഞ ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞ പെയിന്റടിച്ചശേഷം ആവണക്കെണ്ണ പുരട്ടി കുത്തിനിര്‍ത്തിയാല്‍ വെള്ളിയീച്ചകള്‍ നിറത്തില്‍ ആകൃഷ്ടരായി ടിന്നില്‍ പറ്റിപ്പിടിക്കും. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിന്റെ രണ്ടുവശത്തും ആവണക്കെണ്ണ പുരട്ടിയും ഇതിനായി ഉപയോഗിക്കാം. 
7. ചാണകപ്പാല്‍
200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിച്ചാല്‍ ചെടിയിലെ ബാക്ടീരിയല്‍ രോഗത്തെ ചെറുക്കാം. 
ജൈവകൃഷിക്ക് വിളവ് കുറയുമെന്നത് തെറ്റായ ധാരണയാണ്. വളര്‍ച്ചയെ സഹായിക്കുന്ന ത്വരകങ്ങള്‍ നമുക്ക് പ്രയാസമില്ലാതെ ഉണ്ടാക്കാം. അവയില്‍ ചിലത്:
1. ഫിഷ് അമിനോ ആസിഡ് 
ചെറുതായി മുറിച്ച ഒരുകിലോ പച്ച മത്തിയും ഒരു കിലോ പൊടിച്ച ശര്‍ക്കരയും ചേര്‍ത്ത് വായു കടക്കാത്ത പാത്രത്തില്‍ 15 ദിവസം വെക്കുക. അതിനുശേഷം ഈ മിശ്രിതം രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്തു ദിവസത്തിലൊരിക്കല്‍ നാലില പ്രായം മുതല്‍ തളിക്കാം. ചെടിക്ക് നല്ല വളര്‍ച്ചയുണ്ടാകും. കായ്ഫലം കൂടും. 
2. പഞ്ചഗവ്യം
അഞ്ച് കിലോ പച്ചച്ചാണകത്തില്‍ 500 ഗ്രാം നെയ്യ് ചേര്‍ത്ത് ഒരുദിവസം വെക്കണം. ഇതില്‍ നാല് ലിറ്റര്‍ ഗോമൂത്രം, അര ലിറ്റര്‍ പാല്‍, 500 ഗ്രാം നെയ്യ്, 500 ഗ്രാം തൈര്, രണ്ടു പാളയം കോടന്‍ പഴം എന്നിവ യോജിപ്പിച്ച് തണലില്‍ സൂക്ഷിക്കുക. ദിവസേന ഇളക്കുക. 15 ദിവസത്തിനുശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് നാലില പ്രായം മുതല്‍ ആഴ്ചയിലൊരിക്കല്‍ തളിക്കാം. വിളവ് വളരെ വര്‍ധിക്കും. കീടനാശിനിയുമാണ്. ഇതൊക്കെ ഉണ്ടാക്കാന്‍ കുറച്ചു ശ്രമം മതി. വളരെ നാള്‍ ഉപയോഗിക്കാം. 

മണ്ണിനെ കാക്കാം
ചവിട്ടിനില്‍ക്കുന്ന മണ്ണില്‍ വിഷം പുരട്ടിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. ചെടിയുടെ വളര്‍ച്ചയെയും വിളകളുടെ ഉത്പാദനത്തെയും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘടകമായ മണ്ണില്‍ രാസവസ്തുക്കളുടെ അനിയന്ത്രിതമായ പ്രയോഗമാണിന്ന്.
സുരക്ഷനല്‍കുന്ന, ഉപകാരികളായ സൂക്ഷ്മജീവികളുടെ എണ്ണം അനിയന്ത്രിതമായ രാസപ്രയോഗത്താല്‍ കുറഞ്ഞുവരുന്നു. 'കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ പ്രയോഗം' (ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസംഅഥവാ ഇ.എം.) എന്ന സാങ്കേതികവിദ്യയിലൂടെ മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാം, മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാം. 

പച്ചക്കറിയില്‍ ഇപ്പോഴുള്ള കീടനാശിനി വിഷത്തിന്റെ പേര്, തോത്, അത് മാറ്റാനുള്ള വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്ന വെള്ളായണി കാര്‍ഷിക കോളേജ് കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടുകള്‍ കേരളസര്‍ക്കാറിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ 'റിപ്പോര്‍ട്ട്‌സ് ആന്‍ഡ് മാന്വല്‍സ്' എന്ന ലിങ്കില്‍ ലഭിക്കും. വിപണിയില്‍ കിട്ടുന്ന പച്ചക്കറി അതേ വിലയ്ക്ക് വിഷരഹിതമാക്കി വീടുകളിലെത്തിക്കാന്‍ ശ്രമിക്കുന്ന സൈബീല്‍ ഹെര്‍ബല്‍ ലബോറട്ടറീസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വിലാസം: www.cybelesafenfresh.com
(Courtesy:mathrubhumi)

1 comment:

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...