പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ. ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം. കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍ , നാടകങ്ങള്‍ , സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.
കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകള്‍ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് കരുതപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയാണ് കാമസൂത്ര രചിച്ചതെന്നതാണ് വിശ്വാസം. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംഭാഷണം കേട്ട ശേഷം മനുഷ്യര്‍ക്ക് വേണ്ടി ശിവദാസനായ നന്ദി എഴുതിയതാണ് കാമസൂത്രമെന്നൊരു ഐതിഹ്യവും നിലവിലുണ്ട്. 'വാത്സ്യായനന്റെ കാമസൂത്രം' എന്നാണ് ഈ കൃതി അറിയപ്പെടുന്നത്.
ബീഹാറിലെ പാടലിപുത്രത്തില്‍ (ഇന്നത്തെ പറ്റ്‌ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നു എന്നും കാമസൂത്രം കൂടാതെ 'ന്യായസൂത്രഭാഷ്യം' എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഏഴ് അധികരണങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്രം, ശൃംഗാര കലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്‌കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്.
7 അധികരണങ്ങള്‍ ഇവയാണ്:
സാധാരണം (സാധാരണ വിഷയങ്ങള്‍ ആമുഖമായി)
സാമ്പ്രയോഗികം (ആലിംഗനം, ചുംബനം, നഖച്ഛേദ്യം, ദശനച്ഛേദ്യം, സംവേശനം തുടങ്ങിയവയെക്കുറിച്ച്)
കന്യാസമ്പ്രയുക്തകം (പുരുഷനും സ്ത്രീയും തമ്മിലുള്ള ആകര്‍ഷണം, യോഗം, വിവാഹം എന്നിവയെക്കുറിച്ച്)
ഭാര്യാധികാരികം (ഭാര്യയെ കുറിച്ച്)
പാരദാരികം (മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്)
വൈശികം (വേശ്യകളെക്കുറിച്ച്)
ഔപനിഷദികം (മറ്റൊരാളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള രീതികളെക്കുറിച്ച്)
വാത്സ്യായനന്റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയും. ഓരോ സ്‌നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെ പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ '64 കലകള്‍' എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികള്‍ക്കൊപ്പം ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്‌നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.
മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തില്‍ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചര്‍ച്ച ചെയ്യുന്നത്. ഇവിടെ 'കാമം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.
എങ്ങനെ നല്ല പൗരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗിക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍, ജ്ഞാന സമ്പാ!ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃദ്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് കാമസൂത്രം ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു അശ്ലീലപുസ്തകമായി ഗണിക്കാനാവില്ല.
ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് പ്രധാന അവസ്ഥകളായി കാണുന്നു. ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്‌തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്ന്യാസത്തില്‍ ആത്മാന്വേഷണം.
കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്ന നിലയില്‍ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.
കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിനാണ് വാത്സ്യായനന്‍ ശ്രമിച്ചിരിക്കുന്നത്.
കാമസൂത്രയുടെ മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്തിരിക്കുന്നത് പി.ജവഹരക്കുറുപ്പാണ്. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ ഇരുപത്തിയഞ്ചാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
(courtesy: mathrubhumi)
No comments:
Post a Comment