123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, July 6, 2013

ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ !!


ആലപ്പുഴ വീയപുരം സ്വദേശി സച്ചിന്‍ റോയ്മാത്യുവെന്ന ചെറുപ്പക്കാരന്റെ മരണം വേണ്ടിവന്നു കേരളത്തിലെ ആരോഗ്യവകുപ്പിന് ഒന്നുണര്‍ന്നെണീക്കാന്‍. തിരുവനന്തപുരം വഴുതക്കാട്ടെ സല്‍വ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാലാണ് സച്ചിന്‍ മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് ഹോട്ടലുകളിലെ അനാരോഗ്യകരമായ സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ക്കും ജനത്തിനും പെട്ടെന്ന് ബോധോദയമുണ്ടായത്. നാടെങ്ങുമുള്ള ഹോട്ടലുകളില്‍ ഇപ്പോള്‍ റെയ്ഡുകള്‍ പൊടിപൊടിക്കുകയാണ്. ഇതെഴുതുമ്പോള്‍ ആയിരത്തിലധികം ഹോട്ടലുകളിള്‍ റെയ്ഡ് നടന്നു കഴിഞ്ഞു. 14 ഹോട്ടലുകള്‍ പൂട്ടി. 283 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. എറണാകുളം ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് ഷവര്‍മയും ബദാം ഷെയ്ക്കും നിരോധിച്ചു. 

പഴകിയ ഭക്ഷണം പിടിക്കപ്പെട്ട ഹോട്ടലുകളില്‍ എറണാകുളം നോര്‍ത്തിലെ തട്ടുകട മുതല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരെയുണ്ട്. പതിവുപോലെ ഈ റെയ്ഡ് മഹാമഹവും ഒരാഴ്ചകൊണ്ട് കെട്ടടങ്ങും. എല്ലാം പഴയപടി തുടരുകയും ചെയ്യും. ഏതായാലും പൊതുജനത്തിന് ചില തിരിച്ചറിവുകള്‍ നല്‍കാന്‍ ഈ സംഭവങ്ങള്‍ ഉപകരിച്ചു. കൊതിപ്പിക്കുന്ന രുചിയും നിറവും മണവുമൊക്കെയുള്ള ഭക്ഷണങ്ങള്‍ നിരത്തിവെച്ച് വഴിയോരത്ത് വിശക്കുന്നവരെ കാത്തിരിക്കുന്ന റസ്റ്റോറന്റുകളുടെ ഇരുണ്ട അടുക്കളകളെക്കുറിച്ച് അല്‍പമെങ്കിലും അറിയാനായി. ഉപഭോക്താവിന് പഴകിയ ഭക്ഷണം നല്‍കുന്നതില്‍ ഹോട്ടലുകാര്‍ക്കിടയില്‍ വലുപ്പ ചെറുപ്പമൊന്നുമില്ലെന്നും വ്യക്തമായി.

ആവശ്യത്തിനും അനാവശ്യത്തിനും ആഘോഷത്തിനും ഹോട്ടല്‍ ഭക്ഷണം പതിവാക്കിയ മലയാളിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. മലയാളികളുടെ തീന്മേശകള്‍ ഹോട്ടലുകളിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് കാലം കുറച്ചായി. ആഘോഷവേളകളിലെ ആര്‍ഭാടത്തിനപ്പുറം ഈറ്റിങ് ഔട്ടുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായി. വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ പോലും ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുന്നതിലാണ് പലര്‍ക്കും ഇന്ന് അഭിമാനം. ദിനവും ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ രാത്രിയിലേക്ക് ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിപ്പോകുന്ന മലയാളികളും ധാരാളം. 

പല വീടുകളിലും ഹോട്ടലില്‍ നിന്ന് വാങ്ങിയ പാഴ്‌സല്‍ ഭക്ഷണം ചൂടാക്കികഴിക്കാനുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ് അടുക്കള. മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ സംഭവിച്ച ഈ മാറ്റങ്ങളുടെ അടയാളമാണ് പെരുകുന്ന ഭക്ഷ്യശാലകള്‍. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പുതിയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ലൈസന്‍സിന് ഇതുവരെ അപേക്ഷിച്ചിട്ടുള്ളവ വെറും 21067. ലൈസന്‍സ് ലഭിച്ചത് വെറും 8964 സ്ഥാപനങ്ങള്‍ക്ക്. ഭൂരിഭാഗം സ്ഥാപനങ്ങളും ലൈസന്‍സില്ലാതെയും അരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്നതാണെന്ന് സാരം. പലപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു. 

ചൂടോടെ തരുന്നത് പഴകിയ ഭക്ഷണം
ഹോട്ടല്‍ ഭക്ഷണത്തിലെ പ്രധാന അപകടം പഴകിയ ഭക്ഷണമാണ്. പഴകിയ ആഹാര പദാര്‍ത്ഥങ്ങള്‍ ചൂടാക്കി അലങ്കരിച്ച് വില്‍ക്കുന്ന പ്രവണത കേരളത്തിലങ്ങോളമിങ്ങോളം വ്യാപകമാണ്. നാല് മാസം പഴക്കമുള്ള പാലും ആഴ്ചകളോളം പഴക്കമുള്ള മീനും ഇറച്ചിയുമൊക്കെയാണ് റെയ്ഡില്‍ കണ്ടെത്തിയത്. പഴകിയ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ മസാലകളും സോസുകളുമൊക്കെ ചേര്‍ത്ത് പാകപ്പെടുത്തുന്നതായതുകൊണ്ട് പതിവായി കഴിക്കുന്നവര്‍ക്ക് പോലും പഴക്കം തിരിച്ചറിയാനാവില്ല. അജിനോമോട്ടോ പോലുള്ള രുചി വര്‍ധകങ്ങള്‍ ചേര്‍ത്ത് പഴക്കം മറച്ചുവെക്കാനുമാവും. പല ഹോട്ടലുകളിലും ശരിയായ ഫ്രീസര്‍ സംവിധാനമില്ലാത്താണ് ഭക്ഷ്യവസ്തുക്കള്‍ കേടാകാനുള്ള കാരണം. ഉള്ളവര്‍ തന്നെ വൈദ്യുതി ലാഭിക്കാനും മറ്റും ഫ്രീസര്‍ ഓഫാക്കിയിടുന്നു. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഒരേ ഫ്രീസറില്‍ തന്നെ സൂക്ഷിക്കുന്നു. 

ഇത്തരത്തില്‍ സൂക്ഷിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകള്‍ വേഗം വളരും. പലപ്പോഴും ഹോട്ടലില്‍ നിന്ന് കഴിക്കുന്ന വിഭവങ്ങള്‍ക്ക് എത്രനാള്‍ പഴക്കമുണ്ടെന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. കൂടുതല്‍ ദിവസം പഴക്കമുള്ളതും ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതുമായ ആഹാര സാധനങ്ങളില്‍ അണുക്കള്‍ വളരുകയും പെരുകുകയും അത് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യും. പഴകിയ ഭക്ഷണം മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധകളില്‍ പലപ്പോഴും വില്ലനാകുന്നത് ബാക്ടീരിയകളാണ്. സ്റ്റഫൈലോ കോക്കസ് ഏരിയസ്, സാല്‍മൊണല്ല, ക്‌ളോസ്ട്രീഡിയം പെര്‍ഫിന്‍ജസ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, കംപൈലോ ബാക്ടര്‍, കോളിഫോം തുടങ്ങിയവയാണ് പലപ്പോഴും മാരകമായ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ശരിയായ രീതിയില്‍ സൂക്ഷിക്കാത്ത ഇറച്ചിയിലും മീനിലും മുട്ടയിലും തൈരിലുമൊക്കെ ഇത്തരം ബാക്ടീരിയകള്‍ വേഗം വളരും. ഒ ാരോ 30 മിനുട്ടിലും അവ ഇരട്ടിച്ചുകൊണ്ടിരിക്കും. ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് ഭക്ഷ്യവിഷബാധ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ മരണകാരിയായ ഷവര്‍മയിലും സംഭവിച്ചത് ഇത് തന്നെയായിരിക്കും. 

അപകടം മണക്കുന്ന ഭക്ഷണം
ഹോട്ടല്‍ ഭക്ഷണത്തിലേയ്ക്ക് പലരെയും ആകര്‍ഷിക്കുന്നത് രുചി, മണം, കാഴ്ചയിലെ ഭംഗി തുടങ്ങിയവയൊക്കെയാണ്. ഇത്തരത്തില്‍ രുചിയും മണവും വര്‍ധിപ്പിക്കുവാന്‍ ചേര്‍ക്കുന്നത് കൃത്രിമ ചേരുവകളാണ്. പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ കളറുകള്‍, ടേസ്റ്റ് മേയ്‌ക്കേഴ്‌സ് തുടങ്ങിയവ. ഹോട്ടലുകളില്‍ ലഭിക്കുന്ന പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ഒരു തരത്തിലുള്ള നിറവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ബിരിയാണിയിലും പൊരിച്ച കോഴിയിലുമൊക്കെ പലപ്പോഴും ചുവപ്പും മഞ്ഞയും നിറം നല്‍കാന്‍ പല ഹോട്ടലുകാരും കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാറുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ പരിമിതമായ അളവില്‍ ചേര്‍ക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എട്ടു നിറങ്ങളില്‍ ഒന്നും തന്നെ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. 

ഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും നിറവുമൊക്കെ വര്‍ധിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെ നിരന്തര ഉപയോഗം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. തലവേദന മുതല്‍ ആസ്തമ, അലര്‍ജി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിറ്റാമിന്‍ കുറവ്, സ്‌ട്രോക്ക് തുടങ്ങി കാന്‍സറിനുവരെ കാരണമാകുന്നു. ഉദാഹരണത്തിന് ഭക്ഷ്യവസ്തുക്കളില്‍ പൂപ്പലും യീസ്റ്റുമൊക്കെ പെരുകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് ബെന്‍സോയേറ്റുകള്‍. ഇത് ചര്‍മ അലര്‍ജി, ആസ്ത്മ, തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം തുടങ്ങിയവയ്ക്ക് ഇടയാക്കാം. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന നിറമായ റെഡ് ഡൈ- 40 ജനന വൈകല്യങ്ങള്‍, അര്‍ബുദം തുടങ്ങിയവയ്ക്ക് കാരണമാകും. 

ഉപ്പും കൊഴുപ്പും
രുചിയേറെയുള്ള ഹോട്ടല്‍ ഭക്ഷണങ്ങളുടെ മുഖ്യ ചേരുവകള്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് തുടങ്ങിയവയാണ്. ഇതില്‍ കൊഴുപ്പിനായി ചേര്‍ക്കുന്നത് പ്രധാനമായും ഡാല്‍ഡ, പാം ഓയില്‍, കൃത്രിമ കൊഴുപ്പുകള്‍ തുടങ്ങിയവയാണ്. വര്‍ധിച്ച കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിത വണ്ണം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ പെരുകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്തരം അമിത കൊഴുപ്പുപയോഗം. ആരോഗ്യവാനായ മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം വെറും മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയും എട്ട് ഗ്രാം ഉപ്പും( ഒന്നര ടീസ്പൂണ്‍) നാല് ടീസ്പൂണ്‍ അഥവാ 20 ഗ്രാം പഞ്ചസാരയും മാത്രമാണ് ആവശ്യമെന്നോര്‍ക്കുക. പല ഹോട്ടലുകളും മധുരത്തിനായി അസ്പാര്‍ട്ടൈം, സക്കറൈന്‍ തുടങ്ങിയ കൃത്രിമ മധുരങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവ ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നത് അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.അമിതമായ എരിവും പുളിയും ഉപ്പുമെക്കെ അള്‍സര്‍ പോലുള്ള ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും. 

പൊറോട്ട തിന്നുമ്പോള്‍
പൊറോട്ട, നൂഡില്‍സുകള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയൊക്കെയടങ്ങിയ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലെ പ്രധാന ഘടകം മൈദയാണ്. ഗോതമ്പില്‍ നിന്ന് നാരുകള്‍ നീക്കി സംസ്‌കരിച്ചെടുക്കുന്ന, പോഷക ഗുണങ്ങള്‍ കുറഞ്ഞ മൈദയില്‍ ധാരാളം എണ്ണയും കൂട്ടിച്ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കുന്നതാണ് ഒട്ടുമിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും. ദഹന പ്രശ്‌നങ്ങള്‍, അമിത വണ്ണം, ഹൃദ്രോഗം, പലതരം കാന്‍സറുകള്‍ എന്നിവ വ്യാപകമാവാന്‍ വര്‍ധിച്ച മൈദ ഉപയോഗം കാരണമാകും. മൈദയുടെ സംസ്‌കരണത്തിനിടെ നിറം കൂട്ടാന്‍ ഉപയോഗിക്കുന്ന ബെന്‍സോയില്‍ പെറോക്‌സൈഡും മൃദുത്വം നല്‍കാനുപയോഗിക്കുന്ന അലോക്‌സാനുമൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കാം.

രോഗം പകരും എണ്ണ
മലയാളികളെ എപ്പോഴും മോഹിപ്പിക്കുന്ന ഇടവേള വിഭവങ്ങളാണ് എണ്ണപ്പലഹാരങ്ങള്‍. പലതരം വടകളും സമൂസയും കട്‌ലറ്റും ചിപ്‌സുകളുമൊക്കെ രുചിയോടെ വാങ്ങിക്കഴിക്കുന്നവര്‍ പലപ്പോഴും ഏത് തരം എണ്ണയിലാണ് അവ പാകം ചെയ്യുന്നത് എന്ന് ആലോചിക്കാറില്ല. ഭക്ഷണ ശാലകളില്‍ പലപ്പോഴും ഉപയോഗിച്ച എണ്ണ തന്നെയാണ് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്. പല ഹോട്ടലുകളും ഒരേ എണ്ണ തന്നെ മാസങ്ങളോളം ഉപയോഗിക്കാറുണ്ട്. പുതിയ എണ്ണ പഴയ എണ്ണയിലേക്ക് തന്നെ ചേര്‍ക്കുന്ന പ്രവണതയും വ്യാപകമാണ്. ഇത്തരത്തില്‍ ഒരേ എണ്ണ തന്നെ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ഹൈഡ്രോലൈസിസ്, ഓക്‌സിഡേഷന്‍, പോളിമെറൈസേഷന്‍ തുടങ്ങിയ പലവിധ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ഇതിന്റെ ഫലമായി എണ്ണയുടെ സ്വഭാവം തന്നെ മാറുന്നു. എത്രനാള്‍ എണ്ണ ഉപയോഗിക്കുന്നു, എത്ര ചൂട് എല്‍ക്കുന്നു എന്നതനുസരിച്ച് എണ്ണയിലെ ഹാനികരമായ വസ്തുക്കളും കൂടുന്നു. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ മുതല്‍ അര്‍ബുദം പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് വരെ ഇത്തരം എണ്ണകള്‍ കാരണമാകും. 

കലോറി കൂടുമ്പോള്‍
ഹോട്ടല്‍ ഭക്ഷണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി അതില്‍ അടങ്ങിയ ഉയര്‍ന്ന കലോറി (ഊര്‍ജ്ജം)യാണ്. ലളിതമായ ജോലികള്‍ ചെയ്യുന്ന മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം വേണ്ടത് 2400 കലോറി ഊര്‍ജ്ജം മാത്രമാണ്. ഒരു ദിവസം കഴിക്കുന്ന മൂന്നു നേരത്തെ ഭക്ഷണത്തില്‍ നിന്നാണ് ഈ ഊര്‍ജ്ജവും അവശ്യ പോഷകങ്ങളും ലഭിക്കേണ്ടത്. എന്നാല്‍ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റിലെ ഒരു നേരത്തെ ആഹാരത്തില്‍ നിന്ന് പലപ്പോഴും ഇതിലെ വലിയൊരു പങ്കും ലഭിക്കുന്നുണ്ട്. ഇതിനൊപ്പം ഹാനികരമായ ധാരാളം കൊഴുപ്പുകളും ഉള്ളിലെത്തുന്നുണ്ട്. ഇത്തരത്തില്‍ ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍, കോളകള്‍, ഐസ്‌ക്രീം തുടങ്ങിയവയിലൂടെയൊക്കെ ഉള്ളിലെത്തുന്ന അമിത ഊര്‍ജ്ജം ചെലവഴിക്കപ്പെടാതെ വരുമ്പോള്‍ കൊഴുപ്പായി ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. അമിത വണ്ണം, പ്രമേഹം, അമിതകൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലായിരിക്കും.

അടുക്കളകള്‍ സജീവമാക്കാം
ആരോഗ്യത്തിന് നല്ലത് നമ്മുടെ നാട്ടിലെ തനത് വിഭവങ്ങള്‍ തന്നെയാണ്. അവ സമീകൃതമാണ്. ടൂറിസ്റ്റുകളായെത്തുന്ന വിദേശികള്‍ ഇന്ന് നാടന്‍ വിഭവങ്ങള്‍ തേടിയെത്തുമ്പോള്‍ മലയാളികള്‍ ഫാസ്റ്റ്ഫുഡ് ഇനങ്ങളാണ് തേടിപ്പോകുന്നത്. വിദേശികള്‍ വീട്ടുവിഭവങ്ങള്‍ കഴിക്കാനുള്ള താല്‍പര്യം കൊണ്ട് ഹോം സ്റ്റേകളാണിപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസവും ഹോട്ടലില്‍ നിന്ന് കഴിച്ചിരുന്ന അമേരിക്കക്കാരന്‍ ഇന്ന് വീട്ടില്‍ പാചകം ചെയ്ത് കഴിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. സസ്യ ഭക്ഷണത്തിന്റെ പ്രാധാന്യവും അവര്‍ തിരിച്ചറിയുന്നു. എന്നാല്‍ മലയാളികളില്‍ 90 ശതമാനവും ഇന്ന് മാംസ ഭക്ഷണപ്രിയരാണ്. അമേരിക്കയില്‍ റസ്റ്റോറന്റ് ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അസുഖങ്ങളുടെ എണ്ണം മാത്രം വര്‍ഷം 8. 7 കോടിയാണ്. പൊണ്ണത്തടി നിയമം മൂലം നിരോധിക്കുന്നതിനുള്ള 140 ലധികം ബില്ലുകളാണ് അമേരിക്കയിലെ 25 ഓളം സംസ്ഥാനങ്ങളിലെ നിയമ നിര്‍മാണ സഭകളില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഇതൊന്നും നമുക്ക് തിരിച്ചറിയാനാവുന്നില്ല. ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി സംസ്ഥാനം മാറിക്കൊണ്ടിരിക്കുമ്പോഴും നാം ഫാസ്റ്റ്ഫുഡ്, ജങ്ഫുഡ് വിഭവങ്ങളുടെ പിന്നാലെയാണ്. ചെറുപ്പത്തിലേ കുട്ടികളെയും അതുതന്നെ ശീലിപ്പിക്കുന്നു. നാടന്‍ വിഭവങ്ങള്‍ വീട്ടില്‍ തയ്യാറാക്കി കഴിക്കാന്‍ തയ്യാറായാല്‍ മാത്രം മലയാളിയെ ഇന്ന് അലട്ടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. 

വിലയിലല്ല കാര്യം 
ഗുണനിലവാരമുള്ള ഭക്ഷണ ശാലകള്‍ തിരഞ്ഞെടുക്കുക

വൃത്തിയും തിരക്കുമുള്ള ഹോട്ടലുകള്‍ക്ക് മുന്‍ഗണന കൊടുക്കുക

രുചി വ്യത്യാസം വന്നതും പാകം ചെയ്തിട്ട് ഏറെ സമയം കഴിഞ്ഞതെന്ന് തോന്നുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്ര വില കൊടുത്ത് വാങ്ങിയതായാലും ഒഴിവാക്കുക. 

വാങ്ങിയ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പൂപ്പലോ ദുര്‍ഗന്ധമോ ഉണ്ടോ എന്ന് പരിശോധിക്കുക.

ഉപയോഗിച്ച ശേഷം കളയാവുന്ന പാത്രങ്ങളും കപ്പുകളും ഇത്തരം അവസരങ്ങളില്‍ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും. അല്ലെങ്കില്‍ പാത്രങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പുവരുത്തണം. 

കുടിക്കുന്ന വെള്ളം തിളപ്പിച്ചതാണെന്ന് ഉറപ്പുവരുത്തുക.

മുറിച്ചുവെച്ചതും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങാതിരിക്കുക.

കലോറി കുറഞ്ഞ സമീകൃതാഹാരം തിരഞ്ഞെടുക്കാം.

പഞ്ചസാരയും കൊഴുപ്പും ഉപ്പും കുറഞ്ഞ വിഭവങ്ങള്‍ തിരഞ്ഞെടുക്കുക.

സ്റ്റഫ് ചെയ്ത വിഭവങ്ങള്‍( പ്രധാനമായും മാംസം, മുട്ട, മല്‍സ്യം, മയോണൈസ് ഇവ ചേര്‍ത്തത്), ചട്ണി, തൈര്, പാല്‍ എന്നിവ ചേര്‍ത്ത ആഹാര പദാര്‍ത്ഥങ്ങള്‍ അന്തരീക്ഷ ഊഷ്മാവില്‍ വളരെ വേഗം കേടുവരാന്‍ സാധ്യത ഉള്ളതാണ്. 

കഴിവതും മാംസ വിഭവങ്ങള്‍ കുറയ്ക്കുക

മായം കണ്ടെത്തിയാല്‍
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ന്നതായോ പഴകിയതായോ സംശയം തോന്നിയാലും ഹോട്ടലുകളില്‍ മോശം സാഹചര്യം അനുഭവപ്പെടുകയും ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് പരാതി നല്‍കാം. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്‍മാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്‍സ് സ്‌ക്വാഡ് എന്നിവയിലേതെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. 1800-425-1125 എന്ന ടോള്‍ഫ്രീ നമ്പറിലും പരാതി നല്‍കാം.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...