യാത്രക്കാരുടെ ശ്രദ്ധക്ക്..
ഈയിടെ നോർത്ത് ഇന്ത്യയിൽ ട്രെക്കിങ്ങിനു പോയി, ഹൃദയാഘാതം വന്നു മരിച്ച ഒരു 34 കാരന്റെ കഥ വായിക്കുകയുണ്ടായി. എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു അറിഞ്ഞ പല കാര്യങ്ങളും.
യാത്രക്കിറങ്ങുമ്പോൾ ഒരു കുഴപ്പവും ഇല്ലാതിരുന്ന ഒരു യുവാവ്, ട്രെക്കിങ് തുടങ്ങിയ ദിവസം തന്നെ ആകസ്മികമായി ഹൃദയാഘാതം വന്നു മരിക്കുന്നു. കൂടുതകൾ വാർത്തകൾ വായിച്ചപ്പോൾ, ഇതിൽ ആകസ്മികത ഒട്ടും തന്നെയില്ല എന്ന് ഞാൻ ഒരു നടുക്കത്തോടെ മനസ്സിലാക്കി. കേരളത്തിൽ നിന്ന് നോർത്ത് ഇന്ത്യയിലേക്കുള്ള യാത്രക്കിടയിൽ എപ്പോഴോ ഇദ്ദേഹത്തിന് വയറിളക്കം പിടിപെട്ടിരുന്നു. മിക്കവാറും ഫുഡ് പോയ്സണിംഗ് അല്ലെങ്കിൽ ഇൻഫെക്ഷൻ ആയിരുന്നിരിക്കും കാരണം. ഞാൻ അറിഞ്ഞിടത്തോളം, ഇദ്ദേഹം വയറിളക്കം പെട്ടെന്ന് പിടിച്ചു നിർത്താനുള്ള ഗുളികകൾ കഴിച്ചു യാത്ര തുടർന്നു. ട്രെക്കിങ്ങിന് പോകാൻ അനുവാദം കിട്ടിയെല്ലെങ്കിലോ എന്നോർത്ത് കൂടെയുണ്ടായിരുന്ന ആരോടും ഈ വിവരം പറഞ്ഞുമില്ല! മരണത്തിന്റെ വായിലേക്കാണ് നടന്നടുക്കുന്നത് എന്ന് ആ പാവം ഒരിക്കലും ചിന്തിച്ചു കാണില്ല.
വയറിളക്കവും, ചർദിയും ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും സോഡിയം പോലുള്ള ലവണങ്ങൾ പെട്ടെന്ന് നഷ്ടമാകുന്നു. ഇത് ശരീരത്തെ മൊത്തമായും, പേശികളെയും മസ്തികഷത്തെയും പ്രത്യേകിച്ചും തളർത്തുന്നു.
ഈ അവസ്ഥയിൽ ട്രെക്കിങ് പോലുള്ള, വളരെയധികം അധ്വാനം ആവശ്യമുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അത് ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നമ്മൾ ശ്രദ്ധിക്കേണ്ടത്:
1. വയറിളക്കം യാത്രകളുടെ സന്തത സഹചാരിയാണ്. അത് തടയാനായി ആദ്യം ചെയ്യേണ്ടത്, കഴിയുന്നതും വൃത്തിയുള്ള സാഹചര്യങ്ങളിൽ നിന്ന് ചൂടോടെയുള്ള ഭക്ഷണം വാങ്ങി കഴിക്കുക, തിളപ്പിച്ച വെള്ളം, ചായ, കാപ്പി എന്നിവ കുടിക്കുക, കഴിയുന്നതും ജ്യൂസ്, ഐസ് ഇട്ട ഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കുക എന്നതാണ്. കൂടാതെ, വേവിക്കാത്ത പച്ചക്കറികൾ, നന്നായി വേവിക്കാത്ത മത്സ്യമാംസാദികൾ, ഷെൽ ഫിഷ് എന്നിവ കഴിവതും ഒഴിവാക്കുക. പഴവർഗങ്ങൾ നന്നായി കഴുകിയതിനു ശേഷം മാത്രം കഴിക്കുക.
"If it is not cooked, washed or peeled, forget it" എന്നതാണവം യാത്രക്കാരുടെ മോട്ടോ.
ദൂരയാത്രകളിൽ എപ്പോഴും Oral Rehydration Solution (ORS )കയ്യിൽ വെച്ചാൽ അത് അത്യാവശ്യഘട്ടത്തിൽ വളരെ ഉപകാരപ്രദമായിരിക്കും.
2. വയറിളക്കമോ ചർദിയോ വന്നു കഴിഞ്ഞാൽ നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. യാത്ര ഒഴിവാക്കി റസ്റ്റ് എടുക്കാൻ തീരുമാനിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. പതിവിൽ കൂടുതലായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം, ORS എന്നിവ കുടിക്കുന്നതാണ് ഉത്തമം. ആൽക്കഹോൾ, കാപ്പി, ചായ, കോക്ക്, പോപ്, കൂടുതൽ മധുരം ചേർത്ത ഡ്രിങ്ക്സ് എന്നിവ ഡിഹൈഡ്രേഷനും വയറിളക്കവും കൂട്ടാൻ സാധ്യതയുള്ളത് കൊണ്ട് തീർത്തും ഒഴിവാക്കേണ്ടതുണ്ടു.
എന്താണ് ORS?
ORS എല്ലാ മെഡിക്കൽ ഷോപ്പിലും ലഭ്യമാണ്. ഇനി പെട്ടെന്ന് ഒരത്യാവശ്യം വന്നാൽ നമുക്ക് തന്നെ ORS ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ, 1 ടീസ്പൂൺ ഉപ്പും 4 ടീസ്പൂൺ നിറയെ പഞ്ചസാരയും ചേർത്ത് ഇളക്കിയാൽ ORS ആയി. ഇത് ഇടക്കിടെ കുടിക്കുമ്പോൾ, വയറിളക്കം മൂലം ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ജലാംശം, സോഡിയം, ഗ്ലുക്കോസ് എന്നിവ നികത്തപ്പെടുന്നു. മുതിർന്നവർക്ക് ഒരു ദിവസം 2 ലിറ്റർ ORS വരെ കുടിക്കാവുന്നതാണ്.
കുട്ടികൾക്കാണ് അസുഖമെങ്കിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന ORS തന്നെ കഴിവതും ഉപയോഗിക്കുകയും, അതിൽ പറയുന്ന നിർദേശം അനുസരിച്ചു ORS കൊടുക്കുകയും ചെയ്യേണ്ടതുണ്ട്.
എന്നിട്ടും വയറിളക്കവും ചർദിയും 24 മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുകയോ, അതീവ ക്ഷീണം തോന്നുകയോ, പനി അനുഭവപ്പെടുകയോ ചെയ്യുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടത് ആവശ്യമാണ്.
വയറിളക്കം പെട്ടെന്ന് നിർത്താൻ മരുന്ന് കഴിക്കുമ്പോൾ, ബാക്ടീരിയ കുടലിൽ തന്നെ അടിഞ്ഞു കൂടി, കുടൽ പൊട്ടി, ഇൻഫെക്ഷൻ ശരീരത്തെ മൊത്തമായി (സെപ്ടിസീമിയ) ബാധിച്ചു സംഗതി വളരെ സീരിയസ് ആകാൻ സാധ്യത ഏറെയാണ്. അതുപോലെതന്നെ, വയറു വേദന ഉണ്ടെങ്കിൽ, വേദനക്കുള്ള മരുന്ന് കഴിച്ചു മിണ്ടാതിരുന്നാൽ വയറിനകത്തു നടക്കുന്ന കാര്യങ്ങൾ നാം അറിയാതെ പോകും. അതുകൊണ്ടുതന്നെ, വയറിളക്കത്തിന് മരുന്ന് കഴിക്കുന്നത് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്.
3. ഇൻഫെക്ഷൻ, കൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരിലേക്കും വളരെ പെട്ടെന്ന് പകരാൻ ഇടയാകുന്നു. ഇതു തടയുന്നതിന് പ്രധാനമായും ചെയ്യേണ്ടത്, കൈകൾ സോപ്പുപയോഗിച്ചു, പ്രത്യേകിച്ചും ഭക്ഷണത്തിനു മുൻപ്, കഴുകി വൃത്തിയാക്കുക എന്നതാണ്. പറ്റുമെങ്കിൽ ഇടയ്ക്കിടെ കൈകൾ കഴുകി വൃത്തിയാക്കുന്നത് അണുക്കളെ തടയാൻ സഹായിക്കുന്നു.
വയറിളക്കം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും, ചില ഘട്ടങ്ങളിൽ, പ്രത്യേകിച്ച് യാത്രകളിൽ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ട്രെക്കിങ്ങും, നോർത്ത് ഇന്ത്യൻ യാത്രകളും ഇന്ന് മലയാളികൾക്കു സുപരിചിതമാണ്. വളരെ ലാഘവത്തോടെ നാം കാണുന്ന, ഒന്നു ശ്രദ്ധിച്ചാൽ പ്രശ്നക്കാരല്ലാത്ത വയറിളക്കവും ഛർദിയും, നമ്മുടെ അശ്രദ്ധയും അറിവില്ലായ്മയും കൊണ്ട് മരണഹേതുവകുന്നത് നമുക്ക് തീർച്ചയായും ഒഴിവാക്കാവുന്നതാണ്, നാം ഒഴിവാക്കേണ്ടതാണ്.
(courtesy: Dr. Naseena Methal)
No comments:
Post a Comment